16 September Monday

കല്ലെറിയല്ലേ... പിടിവീഴും

സ്വന്തം ലേഖികUpdated: Tuesday Aug 20, 2019

 

 
കൊല്ലം
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകൾക്ക്‌ കല്ലെറിഞ്ഞ്‌ രക്ഷപ്പെടാൻ ശ്രമിക്കുന്നവർ ജാഗ്രതൈ. റെയിൽവേ സുരക്ഷാ സേനയുടെ രണ്ട്‌ സ്‌ക്വാഡുകൾ കൊല്ലം–പരവൂർ സ്‌റ്റേഷനുകൾക്കിടയിൽ സദാ ജാ​ഗരൂ​കരായുണ്ടാകും. ഈ സ്‌റ്റേഷനുകൾക്കിടയിൽ ഇത്തരം നിരവധി സംഭവങ്ങൾ ആവർത്തിക്കുന്നതിനാലാണിത്‌. ഒരു എസ്‌ഐയും മൂന്ന്‌ കോൺസ്റ്റബിൾമാരുമടങ്ങുന്ന ടീമാണ്‌ നിരീക്ഷണം നടത്തുന്നത്‌.  ജീവപര്യന്തം തടവുശിക്ഷ കിട്ടുന്ന കുറ്റമാണെങ്കിലും പ്രതികൾ പലപ്പോഴും രക്ഷപ്പെടുന്ന സ്ഥിതിയാണ്‌. 
ആളൊഴിഞ്ഞതും വാഹനങ്ങൾക്ക് എത്താൻ സാധിക്കാത്തതുമായ പ്രദേശത്താണ്‌  കൂടുതൽ ആക്രമണങ്ങൾ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ രണ്ട് പ്രാവശ്യം കല്ലേറ് നടന്നത് പരവൂർ മാമൂട്ടിൽ പാലത്തിനു സമീപത്താണ്. പ്രദേശത്ത് പാളത്തിനോടു ചേർന്നുള്ള കുറ്റിക്കാട് സാമൂഹ്യവിരുദ്ധരുടെ താവളമാണ്‌. കുറ്റിക്കാട് കേന്ദ്രീകരിച്ചാണ്‌ കല്ലെറിയുന്നത്‌.  ഒരു വർഷത്തിനിടെ വർക്കലയ്ക്കും കൊല്ലത്തിനും ഇടയിൽ അഞ്ച്‌ സംഭവങ്ങളുണ്ടായി. രണ്ട്‌ കേസുകളിലെ പ്രതികളെ മാത്രമാണ് പിടികൂടിയത്. ഒരാൾ  ജയിൽശിക്ഷ അനുഭവിക്കുകയാണ്‌. ഒരു കേസിൽ പ്രായപൂർത്തിയാകാത്തയാളാണ്‌ പിടിയിലായത്‌.  
കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതികളെ പിടികൂടാൻ അനുവാദം നൽകണമെന്നാവശ്യപ്പെട്ട് യാത്രക്കാരുടെ സംഘടനയായ ഫ്രന്‍ഡ്സ്  ഓൺ റെയിൽസ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും നിവേദനം നൽകിയിട്ടുണ്ട്‌. 
കഴിഞ്ഞ ബുധനാഴ്ച പരവൂർ മേഖലയിൽ വഞ്ചിനാട് എക്സ്പ്രസിന് നേരെയുണ്ടായ കല്ലേറിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥ കാവനാട് സൂര്യനഗർ കാളച്ചഴികത്ത് വീട്ടിൽ സുമിത്ര (40)യ്ക്ക്  പരിക്കേറ്റതാണ്‌ ഒടുവിലത്തെ സംഭവം. പാറക്കല്ല് കൊണ്ടുള്ള ഏറിൽ ഇടതുകണ്ണിനു മുകളിൽ ഇവർക്ക്‌ ആഴത്തിൽ മുറിവേറ്റു. ജനുവരിയിൽ മാമൂട്ടിൽ പാലത്തിനും സ്റ്റേഷനും ഇടയിൽ മലബാർ എക്സ്പ്രസ്, വഞ്ചിനാട് എക്സ്പ്രസ് എന്നിവയ്ക്കുനേരെയും  കഴിഞ്ഞ മേയില്‍ പെരിനാടിനും കൊല്ലത്തിനും ഇടയിൽ ജനശതാബ്ദിക്ക് നേരെയും  ജൂണിൽ ഇടവ സ്റ്റേഷനു സമീപം ചെന്നൈ മെയിലിനു നേരെയും ആഗസ്‌തിൽ  മാമൂട്ടിൽ പാലത്തിനു സമീപം വഞ്ചിനാട് എക്സ്പ്രസിനു നേരെയും കല്ലേറുണ്ടായി.  
പ്രധാന വാർത്തകൾ
 Top