24 April Wednesday

സേവനവഴിയിലെ സാഹസിക ദൗത്യം

വെബ് ഡെസ്‌ക്‌Updated: Monday Aug 20, 2018

നീണ്ടകര ഹാർബറിൽ രക്ഷാപ്രവർത്തനം കഴിഞ്ഞ്  തിരിച്ചെത്തിയ മത്സ്യത്തൊഴിലാളികൾ

ചവറ
 സൈന്യത്തിനു പോലും കടന്നു ചെല്ലാൻ കഴിയാത്തിടങ്ങളിൽ അതിസാഹസികവും ദുസ്സഹവുമായ രക്ഷാപ്രവർത്തനങ്ങളാണ് നടത്തേണ്ടി വന്നതെന്ന് രക്ഷാപ്രവർത്തനം കഴിഞ്ഞ് തിരിച്ചെത്തിയ മത്സ്യത്തൊഴിലാളികൾ. ചെങ്ങന്നൂർ, പത്തനംതിട്ട ആറന്മുള, കോഴഞ്ചേരി എന്നീ പ്രളയ ബാധിത പ്രദേശങ്ങളിലായി രക്ഷാപ്രവർത്തനം നടത്തി തിരിച്ചെത്തിയ മത്സ്യത്തൊഴിലാളികളുടെ വാക്കുകളാണിവ.  ക്ഷീണവും അവശതയും ഇവർക്കുണ്ടെങ്കിലും  രക്ഷാപ്രവർത്തനങ്ങളിലൂടെ ആയിരക്കണക്കിനാളുകളുടെ ജീവൻ രക്ഷിക്കാനായതിന്റെ സന്തോഷം ഇവരുടെ  മുഖങ്ങളിൽ നിന്നും കാണാൻ കഴിയും. നീണ്ടകരയിൽ നിന്നും  പോയ സെൽവമാത, അബിൻ, സെന്റ് സെബാസ്റ്റ്യൻ , അന്ന എന്നീ ഫൈബർ വള്ളങ്ങളിലാണിവർ രക്ഷാപ്രവർത്തനം നടത്തിയത്. കഴിഞ്ഞ ദിവസം രാവിലെ 10.30 ന് നീണ്ടകര ഹാർബറിലാണ‌് ഇവർ തിരിച്ചെത്തിച്ചേർന്നത്. ഇതിൽ പലരുടേയും ശരീരത്തിൽ മുറിവുകളും പൊട്ടലുകളും ഉണ്ടായിട്ടുണ്ട്. അബിൻ, സെൽവ മാതാ  വളളത്തിൽ  രക്ഷാ പ്രവർത്തനം നടത്തിയ നീണ്ടകര പള്ളിപുരയിടം സ്വദേശി അഗസ്റ്റിൻ (48) ന്  മരത്തിൽ തലയിലടിച്ച് ഗുരുതരമായ പരിക്കേറ്റു. തലയിൽ മുറിവേറ്റതിനെ തുടർന്ന് അഞ്ച‌് തുന്നലിട്ടു . നീണ്ടകര പള്ളിപ്പുറം പോക്ക് സ്വദേശി രാജുവിന്റെ (54)  കാലുകൾക്ക് പരിക്കേറ്റു. എന്നിട്ടും ഇവർ സ്വന്തം ആരോഗ്യസ്ഥിതി മറന്നും മറ്റുള്ളവരുടെ ജീവനായി മഹാപ്രളയത്തിലേക്കിറങ്ങുകയായിരുന്നു. ഇത്തരത്തിൽ നിരവധി ദുഖകരമായ അനുഭവങ്ങളാണ് രക്ഷാപ്രവർത്തനങ്ങൾക്കായിറങ്ങിയ ഓരോ മത്സ്യത്തൊഴിലാളിക്കും ഉണ്ടായത‌്.  ശക്തമായ മഴയും കാറ്റും വെള്ളത്തിന്റെ ശക്തമായ കുത്തൊഴുക്കും  പലയിടങ്ങളിലും രക്ഷാപ്രവർത്തനം നടത്തുന്നതിന് തടസ്സമായി. അഞ്ച് ദിവസക്കാലമാണ് ചെങ്ങന്നൂർ, പത്തനംതിട്ട ആറന്മുള, കോഴഞ്ചേരി എന്നീ പ്രളയ ബാധിത പ്രദേശങ്ങളിലായി രക്ഷാപ്രവർത്തനം നടത്തിയത്.  രാവിലെ ആറിന് തുടങ്ങുന്ന രക്ഷാപ്രവർത്തനം രാത്രി ഒമ്പതുവരെ നടക്കും. ആദ്യ ദിവസം എല്ലായിടങ്ങളിലും ഭക്ഷണം പോലും കഴിക്കാതെ വിശ്രമമില്ലാതെയും രക്ഷാ പ്രവർത്തനം നടത്തേണ്ടി വന്നു. 
തുടർന്നുള്ള ദിവസങ്ങളിൽ പൊലീസ് സ്റ്റേഷനുകളിലും മറ്റ് ഓഫീസുകളിലുമായി അൽപ നേരം വിശ്രമിക്കാൻ കഴിഞ്ഞു.  പ്രായമേറിയവരേയും, സ്ത്രീകളേയും  രോഗബാധിതരേയും, ഗർഭിണികളേയും രക്ഷിച്ച് കൊണ്ടുവരുവാൻ നന്നേ പാടുപെട്ടു.  ആദ്യദിനത്തിൽ തന്നെ സിപിഐ എം നേതാക്കൾ ഇടപെട്ട് നീണ്ടകരയിൽ നിന്നും രക്ഷാപ്രവർത്തനത്തിനിറങ്ങണമെന്ന് ആവശ്യപെട്ട‌് മത്സ്യത്തൊഴിലാളികളായ ഞങ്ങളെ കയറ്റി വിട്ടതിനാൽ പ്രളയ മേഖലയിൽ ഉണ്ടാകേണ്ടിയിരുന്ന വൻ ദുരന്തം ഒരു പരിധിവരെ ഒഴിവാക്കാൻ കഴിഞ്ഞതായി  കല്ലിശ്ശേരിയിൽ രക്ഷാ പ്രവർത്തനം നടത്തിയ അന്ന വള്ളത്തിലെ ഉടമ  രാജീവൻ പറയുന്നു. രണ്ട് നിലകളിലുള്ള വീടുകളിലെ ടെറസ്സിൽ അഭയം പ്രാപിച്ചവരെ വീടിന്റെ വശത്തായി വള്ളം ചേർത്ത് നിർത്തി റോപ്പ‌് ഉപയോഗിച്ച് കെട്ടി. തുടർന്ന് കസേരകളും സ്റ്റൂളുകളും  ഏണിയും ഉപയോഗിച്ച് താഴേക്കിറക്കുകയായിരുന്നു. സൈന്യത്തിന്റെ ഹെലികോപ്റ്ററുകളിൽ കയറാൻ പലരും മടിച്ചതിനാൽ മത്സ്യത്തൊഴിലാളികളായ തങ്ങളെ പ്രതീക്ഷിച്ചാണ് ഏറെയാളുകളുമിരുന്നത്.
പ്രധാന വാർത്തകൾ
 Top