18 August Sunday

ജനങ്ങളിലാണ‌് വിശ്വാസം അതിനാൽ; ശുഭപ്രതീക്ഷ: എ എം ആരിഫ‌്

സ്വന്തം ലേഖകൻUpdated: Saturday Apr 20, 2019
 
ആലപ്പുഴ
‘ജനങ്ങളിലാണ‌് വിശ്വാസം, ജനകീയ സർവേയിൽ ഇക്കുറി ബഹുദൂരം മുന്നേറാൻ കഴിഞ്ഞിട്ടുണ്ട‌്, അതുകൊണ്ടുതന്നെ വിജയം സുനിശ‌്ചിതമാണ‌്’–- എ എം ആരിഫിന്റെ വാക്കുകളിൽ ആത്മവിശ്വാസം. ജനങ്ങളോടൊപ്പംനിന്ന‌് പ്രവർത്തിച്ചതിന‌് ലഭിച്ച അംഗീകാരമായാണ‌് തെരഞ്ഞെടുപ്പു വിജയങ്ങളെ കാണുന്നത‌്. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഓരോ തവണയും ഭൂരിപക്ഷം വർധിപ്പിച്ചുനൽകിയത‌് അവരോടുള്ള ഉത്തരവാദിത്തം വർധിപ്പിച്ചു. അതനുസരിച്ച‌് കഴിവിന്റെ പരമാവധി പ്രവർത്തനം കാഴ‌്ചവച്ചു. 
ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ തോൽക്കുമെന്ന‌് പ്രവചിച്ച മാധ്യമ സർവേകളുണ്ട‌്. ഇക്കുറിയും ചിലർ എൽഡിഎഫ‌് പരാജയപ്പെടുമെന്ന മട്ടിൽ സർവേ ഫലങ്ങൾ കൊണ്ടുവരുന്നുണ്ട‌്. അതിനെല്ലാമുള്ള മറുപടിയായി ഒരുലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആലപ്പുഴയിൽ എൽഡിഎഫ‌് വിജയിക്കും. ആലപ്പുഴ ബൈപാസ‌് നിർമാണം, ദേശീയപാത വികസനം എന്നിവയുൾപ്പെടെ എൽഡിഎഫ‌് സർക്കാരിന്റെ ഇടപെടലിലാണ‌് വേഗത്തിലായത‌്. റെയിൽവേ വികസനരംഗത്ത‌് എംപിക്ക‌് ഒന്നും ചെയ്യാനായില്ല. വാഗ‌്ദാനംചെയ‌്ത പദ്ധതികളൊന്നും കൊണ്ടുവരാനുമായില്ല. ഈ വിഷയങ്ങളെല്ലാം വോട്ടർമാർ ചർച്ചചെയ്യും. 
ദേശീയതലത്തിൽ ബിജെപിയെ ഭരണത്തിൽനിന്ന‌് പുറത്താക്കേണ്ടതിന്റെ ആവശ്യകതയ‌്ക്കാണ‌് പ്രചാരണത്തിൽ ഊന്നൽ നൽകിയത‌്. ഓഖിയും നിപയും പ്രളയവുമുൾപ്പെടെ പ്രതിസന്ധികൾക്കിടയിലും എൽഡിഎഫ‌് സർക്കാർ നടപ്പാക്കിയ വികസനപ്രവർത്തനങ്ങളും പ്രചാരണത്തിൽ ഉയർത്തിക്കാട്ടി. അരൂരിൽ ഉൾപ്പെടെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ‌് മൂന്നുവർഷംകൊണ്ട‌് നടപ്പായത‌്. ജനങ്ങൾ എൽഡിഎഫിനൊപ്പം നിൽക്കും. പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച‌് ക‌ൃത്യമായി പ്രചാരണം മുന്നോട്ടുനയിച്ച നേതാക്കളും കത്തുന്നവെയിലിനെ അവഗണിച്ചും മുഴുവൻസമയവും അണിനിരന്ന പ്രവർത്തകരും സ്വീകരണകേന്ദ്രങ്ങളിൽ കാത്തുനിന്ന വോട്ടർമാരുമാണ‌് എൽഡിഎഫ‌് പ്രചാരണം വൻവിജയമാക്കിയതെന്നും ആരിഫ‌് പറഞ്ഞു.
പ്രധാന വാർത്തകൾ
 Top