01 April Wednesday
കല്ലുപാലം നിർമാണത്തിനിടെ അപകടം

തൊഴിലാളിയുടെ മേൽ മണ്ണിടിഞ്ഞു

സ്വന്തം ലേഖകൻUpdated: Thursday Feb 20, 2020
കൊല്ലം
കല്ലുപാലം നിർമാണത്തിനിടെ മണ്ണിടിഞ്ഞ്‌ അപകടം. അരയ്‌ക്കുതാഴെ മണ്ണിൽ അകപ്പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി. കരിക്കോട് കാർത്തിക ഭവനിൽ ചന്തുവിനെ (20)യാണ്‌ രക്ഷപ്പെടുത്തി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. 
സംഭവംകണ്ട്‌ ഓടിയെത്തിയ ചുമട്ടുതൊഴിലാളികളും ഫയർഫോഴ്‌സുമാണ്‌ തൊഴിലാളിക്കു രക്ഷകരായത്‌. ബുധനാഴ്‌ച പകൽ 12.30നാണ്‌ സംഭവം. ചാമക്കട റോഡിൽ ഏഴടി ഉയരത്തിൽനിന്നാണ്‌ മണ്ണിടിഞ്ഞുവീണത്‌. 
തൊഴിലാളികളായ കണ്ണൻ, അനീഷ്‌, ഷാൻ, ചന്തു, നൗഷാദ്‌ എന്നിവരാണ്‌ പണിസ്ഥലത്ത്‌ ഉണ്ടായിരുന്നത്‌. ഒരാൾ മുകളിൽ റോഡിലും നാലുപേർ താഴെയുമായി നിന്നു. ഉറപ്പില്ലാത്തതുമൂലം മണ്ണിടിഞ്ഞുവീഴുന്നത്‌ ഒഴിവാക്കാൻ ഇരുമ്പുതൂണ്‌ ഉറപ്പിച്ച്‌ ഇരുമ്പുഷീറ്റ്‌ സ്ഥാപിക്കാനുള്ള വെൽഡിങ് ജോലി ചെയ്യുകയായിരുന്നു തൊഴിലാളികൾ.  
പൊടുന്നനെയാണ്‌ ഏഴടി ഉയരത്തിൽനിന്ന്‌ മണ്ണിടിഞ്ഞുവീണത്‌. ഇതുകണ്ട്‌ മറ്റു തൊഴിലാളികൾ ഓടിരക്ഷപ്പെട്ടെങ്കിലും ചന്തു അപകടത്തിൽപ്പെടുകയായിരുന്നു. പെട്ടെന്ന്‌ ചാമക്കടയിലെ ചുമട്ടുതൊഴിലാളികൾ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി. ഫയർഫോഴ്‌സും തൊഴിലാളികളും ചേർന്നാണ്‌ ചന്തുവിനെ പുറത്തെടുത്തത്‌.  കൊല്ലം തോടിനു കുറുകെയാണ്‌ കല്ലുപാലം പുതുക്കി നിർമിക്കുന്നത്‌. മണ്ണിന്‌ ഉറപ്പില്ലാത്തതിനാൽ പൈലിങ്‌ വൈകുകയാണ്‌.  മേയർ ഹണി ബഞ്ചമിൻ, ഡെപ്യൂട്ടി മേയർ എസ്‌ ഗീതാകുമാരി എന്നിവർ സ്ഥലത്തെത്തി. പാലം നിർമാണം വൈകുന്നതും അപകടാവസ്ഥ  ഒഴിവാക്കാനും ഫലപ്രദമായ ഇടപെടൽ നടത്തുമെന്ന്‌ മേയർ പറഞ്ഞു. ഉദ്ടദ്യോഗസ്ഥരുടെ അടിന്തര യോഗം മേയർ വിളിച്ചുചേർത്തു. 
 
പ്രധാന വാർത്തകൾ
 Top