05 April Sunday
ചടയമംഗലം കെഎസ്‌ആർടിസി ഡിപ്പോയിലെ പരിഷ്‌കാരങ്ങൾ

തൊഴിലും വരുമാനവും കട്ടപ്പുറത്ത്‌

സ്വന്തം ലേഖകന്‍Updated: Thursday Feb 20, 2020
 
 
ചടയമംഗലം
മികച്ചരീതിയിൽ സർവീസ് നടത്തിയിരുന്ന ചടയമംഗലം കെഎസ്ആർടിസി ഡിപ്പോയിൽ എടിഒയുടെ തലതിരിഞ്ഞ പരിഷ്കാരങ്ങളിലൂടെ വരുമാന നഷ്ടം കൂടുന്നു. ബസുകൾ സർവീസ്‌ നടത്താതെ പിടിച്ചിടുന്നതിനാൽ ജീവനക്കാർക്ക് പലപ്പോഴും തൊഴിൽ നഷ്ടമാകുന്നു. ലാഭത്തിൽ പ്രവർത്തിച്ചിരുന്ന ഗ്രാമ സർവീസുകൾ 
നിർത്തലാക്കിയതോടെ ജനങ്ങൾക്കിടയിലും പ്രതിഷേധം ശക്തമാണ്‌. 
നിലവിലെ എടിഒ ചാർജെടുക്കുന്നതിനു മുമ്പ്  7.5 ലക്ഷം രൂപയായിരുന്നു ദിവസ വരുമാനം. ഇപ്പോഴത്‌ ആറു ലക്ഷത്തിലും താഴെയായി. തൃശൂരിലേക്ക് സർവീസ് നടത്തിയിരുന്ന സൂപ്പർഫാസ്റ്റ്‌ കാട്ടാക്കട ഡിപ്പോയിലേക്കു മാറ്റി. സ്‌‌പെയർപാട്സുകൾ കൃത്സമയത്തെത്തിക്കുന്നതിലും വീഴ്‌ച വരുന്നു. 
72 സർവീസിൽ 45 എണ്ണം മാത്രമാണ്‌ ഇപ്പോഴുള്ളത്‌. കഴിഞ്ഞ ദിവസം 10 സർവീസുകൾ മുടങ്ങിയിരുന്നു. അതിനാൽ ജോലിക്കെത്തുന്ന വനിതാ ജീവനക്കാരടക്കം നിരാശരായി മടങ്ങേണ്ട അവസ്ഥയാണ്‌. 
25 വർഷമായി സർവീസ് നടത്തിയിരുന്ന കൊടിഞ്ഞം, അർക്കന്നൂർ, കൊട്ടാരക്കര, ശങ്കരമംഗലം,  വലിയ വഴി ഓർഡിനറി സർവീസുകൾ നിർത്തലാക്കി. ജനങ്ങൾ ഏറെ ആശ്രയിച്ചിരുന്ന ചക്കുളത്തുകാവ്, കുമ്മിൾ വഴി തിരുവനന്തപുരം ഫാസ്റ്റ് ബസുകൾ നിർത്തലാക്കി
യതിലും പ്രതിഷേധം ശക്തമാണ്. തിരുവൈക്കോട് ക്ഷേത്രം സർവീസും നിർത്തിയിരുന്നു. നാട്ടുകാർ എടിഒയെ ഉപരോധിച്ചതിനെ തുടർന്ന്‌   ഈ സർവീസ് പുനഃസ്ഥാപിച്ചു.
സ്വകാര്യ ബസ് ലോബിയെ സഹായിക്കുന്നതിനാണ് ഈ പരിഷ്‌കാരങ്ങളെന്നാണ്‌ ആക്ഷേപം. എടിഒയുടെ നടപടിയിൽ പ്രതിഷേധിച്ച്  രാഷ്ട്രീയ പാർടികളും കെഎസ്ആർടിഇഎ (സിഐടിയു)യും സമരം നടത്തിയെങ്കിലും നിഷേധാന്മക സമീപനമാണ്‌ ഉണ്ടായത്‌. 
എടിഒയുടെ നിലപാടുകൾ തിരുത്തി ജനോപകാര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സ്വീകരിക്കുമെന്ന് സിഐടിയു ചടയമംഗലം ഏരിയ പ്രസിഡന്റ് പി ആനന്ദൻ, സെക്രട്ടറി പി കെ ബാലചന്ദ്രൻ എന്നിവർ അറിയിച്ചു.
പ്രധാന വാർത്തകൾ
 Top