കൊട്ടാരക്കര
ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് ഏഴുവർഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ. ഇടമൺ ഉറുകുന്ന് അനിൽ വിലാസത്തിൽ അനിലി (39) നെയാണ് കൊട്ടാരക്കര അസിസ്റ്റന്റ് സെഷൻസ് ജഡ്ജി കെ എം രതീഷ്കുമാർ ശിക്ഷിച്ചത്. രണ്ട് ലക്ഷംരൂപ അനിലിന്റെ ഭാര്യ സിന്ധുവിന് നൽകാനും ഉത്തരവിട്ടു.
2012 ഡിസംബർ 24നാണ് സംഭവം. മകൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന സിന്ധുവിനെ കറിക്കത്തി ഉപയോഗിച്ചാണ് കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചത്. സിന്ധുവിനെ അമ്മയും ബന്ധുക്കളും ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചതിനാലാണ് ജീവൻ രക്ഷിക്കാനായത്. സ്ത്രീധനത്തിന്റെ പേരിൽ അനിൽ സിന്ധുവിനെ നിരന്തരം പീഡിപ്പിക്കുമായിരുന്നു. കൊലാപാതകശ്രമത്തിനിടെ ഒപ്പം കിടന്നുറങ്ങിയ മകളുടെ ദേഹത്തും രക്തം തെറിച്ചുവീണിരുന്നു. മകളുടെ മൊഴിയും നിർണായകമായി. എപിപി ആർ സുനിൽകുമാർ പ്രോസിക്യൂഷനുവേണ്ടി ഹാജരായി. ചടയമംഗലം പൊലീസ് ഇൻസ്പെക്ടർമാരായിരുന്ന ഷാജുകുമാർ, പി വി രമേശ്കുമാർ, റെജികുമാർ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..