27 February Thursday

പ്രതിരോധത്തിലേക്ക് 2 തുള്ളി

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020

കെഎസ്‌ആർടിസി സ്റ്റാൻഡിലെ ബൂത്തിൽ കുഞ്ഞിന്‌ പോളിയോ തുള്ളി മരുന്ന്‌ നൽകുന്നു

കൊല്ലം
ഗവ. വിക്‌ടോറിയ ആശുപത്രിയിലെ പൾസ് പോളിയോ വാക്‌സിൻ ബൂത്തിലേക്ക് അമ്മമാർ കുഞ്ഞുങ്ങളുമായി  കാത്തുനിന്നു. അക്കൂട്ടത്തിലേക്ക് കൗതുകം പകർന്ന് കലക്ടർ ബി അബ്ദുൽ നാസർ കൊച്ചുമകൾ അമാന ഫാത്തിമയ്ക്ക് തുള്ളിമരുന്ന് നൽകാനെത്തി. അമ്മയുടെ കൈയിൽ  ഉറങ്ങിയ അമാനയ്ക്ക് എം നൗഷാദ് എംഎൽഎ തുള്ളിമരുന്ന് പകർന്നു നൽകി. അതോടെ ജില്ലയിലെ പോളിയോ വാക്‌സിൻ യജ്ഞത്തിന് തുടക്കമായി.
ജില്ലാതല ഉദ്ഘാടനം എം നൗഷാദ് എംഎൽഎ നിർവഹിച്ചു. മേയർ ഹണി ബെഞ്ചമിൻ അധ്യക്ഷയായി.വാക്‌സിനേഷനുള്ള അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് കലക്ടർ അഭ്യർഥിച്ചു. അഞ്ചു വയസ്സിന് താഴെയുള്ള 1,72,242 കുട്ടികൾ  എത്തുമെന്നാണ് കണക്ക്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള 772 കുട്ടികളും ജില്ലയിലുണ്ട്. 1,387 ബൂത്തുകളാണ് സജ്ജമാക്കിയത്. 
വാക്‌സിൻ ലഭിക്കാത്ത കുഞ്ഞുങ്ങൾക്ക് ചൊവ്വയും ബുധനും പരിശീലനം ലഭിച്ച സന്നദ്ധപ്രവർത്തകർ വീടുകളിലെത്തി വാക്‌സിൻ നൽകും. പ്രധാന കവലകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിലായി 37 ട്രാൻസിറ്റ് ബൂത്തുകളും, 47 മൊബൈൽ ബൂത്തുകളും സജ്ജമാക്കിയിരുന്നു.
ജില്ലാ മെഡിക്കൽ ഓഫീസർ വി വി ഷേർളി, ആർസിഎച്ച് ഓഫീസർ കൃഷ്ണവേണി, ജില്ലാ ആശുപത്രി സൂപ്രണ്ട്  ഡി വസന്തദാസ്, എസ്  ഹരികുമാർ, സൈജു ഹമീദ്, ഗീതാമണി അന്തർജനം എന്നിവർ 
സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top