13 December Friday

ഭരണം മെച്ചപ്പെടുത്താൻ തീവ്രയജ്ഞം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2019
തിരുവനന്തപുരം 
ഭരണസംവിധാനം കൂടുതൽ മെച്ചപ്പെടുത്താൻ അഭിപ്രായങ്ങളും നിർദേശങ്ങളുമാരാഞ്ഞ്‌ മുഖ്യമന്ത്രി പിണറായി വിജയൻ മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ കണ്ടു.  മികച്ച നിർദേശങ്ങളാണ് ഉയർന്നതെന്നും പ്രായോഗികമായവ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 ശേഷിക്കുന്ന കാലത്തേക്ക് തീവ്രയജ്ഞപരിപാടി തയ്യാറാക്കണമെന്ന് മുൻ ചീഫ് സെക്രട്ടറി സി പി നായർ നിർദേശിച്ചു.  ആഴ്ചയിൽ ഒരുദിവസം വകുപ്പ് സെക്രട്ടറിമാരും തലവന്മാരും പൊതുജനങ്ങളെ നേരിൽ കാണണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്  സർവീസ് ഡെലിവറി പ്ലാൻ ഉണ്ടാകണമെന്ന് എസ് എം വിജയാനന്ദ് അഭിപ്രായപ്പെട്ടു. 
വ്യവസായമേഖലയിൽ സ്വകാര്യമേഖലയെക്കൂടി സജീവമാക്കണമെന്ന് പോൾ ആന്റണി നിർദേശിച്ചു. മാലിന്യസംസ്‌കരണത്തിൽ കേന്ദ്രീകൃതവും വികേന്ദ്രീകൃതവുമായ പദ്ധതികൾ വേണമെന്ന് ജയിംസ് വർഗീസ് പറഞ്ഞു.  അധ്യാപകരുടെ പ്രകടനവും വിലയിരുത്തണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവച്ചു. സേവനാവകാശനിയമം കർശനമായി നടപ്പാക്കണമെന്ന് കെ ജയകുമാർ, ടി ബാലകൃഷ്ണൻ എന്നിവർ അഭിപ്രായപ്പെട്ടു. 
സർക്കാർ ഉദ്യോഗസ്ഥർക്ക് ജോലിയിൽ ചേരുമ്പോൾത്തന്നെ നിർബന്ധമായും പരിശീലനം നൽകണമെന്ന് ഷീല തോമസ് പറഞ്ഞു. ഇ ഗവേണൻസ് സംവിധാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കണമെന്ന് പി എച്ച് കുര്യൻ പറഞ്ഞു. കലക്ടർമാർ താലൂക്ക് തലത്തിൽ അദാലത്തുകൾ നടത്തി പരാതികൾ പരിഹരിക്കണമെന്ന്‌ ജോൺ മത്തായി ആവശ്യപ്പെട്ടു. 
ഒരാൾ അയയ്ക്കുന്ന തപാലിനെക്കുറിച്ചുള്ള പൂർണവിവരം ലഭിക്കുന്നതിനും ഫയൽ വായിക്കുന്നതിനുമുള്ള സംവിധാനം ഒരുക്കുന്നത് പരിഗണിക്കാമെന്ന് കെ എം എബ്രഹാം നിർദേശിച്ചു. ഭൂമി പുനർനിർമാണപദ്ധതി  നടപ്പാക്കണമെന്നും നഗരമേഖലയ്ക്ക് മാസ്റ്റർപ്ലാൻ വേണമെന്നും ബാബു ജേക്കബ് നിർദേശിച്ചു. ഫയൽനീക്കം കാര്യക്ഷമമാകണമെന്ന് രമൺ ശ്രീവാസ്തവ പറഞ്ഞു. പൊലീസിന്റേത് സേവനമുഖമായിരിക്കണമെന്ന് അബ്ദുൾ സത്താർ കുഞ്ഞ് നിർദേശിച്ചു. 
തൈക്കാട് ഗസ്റ്റ്ഹൗസിൽ നടന്ന യോഗത്തിൽ സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി കെ രാമചന്ദ്രൻ, ചീഫ്സെക്രട്ടറി ടോം ജോസ്,  പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ, മുഖ്യമന്ത്രിയുടെ 
പ്രിൻസിപ്പൽ സെക്രട്ടറി 
വി എസ് സെന്തിൽ, ഐടി സെക്രട്ടറി ശിവശങ്കർ എന്നിവർ പങ്കെടുത്തു.
 
പ്രധാന വാർത്തകൾ
 Top