28 September Thursday
അർഹമായ സാമ്പത്തിക വിഹിതം

കേന്ദ്രം ജനങ്ങളെ വെല്ലുവിളിക്കുന്നു: 
പുത്തലത്ത്‌ ദിനേശൻ

സ്വന്തം ലേഖകൻUpdated: Tuesday Sep 19, 2023

സിപിഐ എം നേതൃത്വത്തിൽ അഞ്ചലിൽ നടന്ന ബഹുജനക്കൂട്ടായ്മ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പുത്തലത്ത് ദിനേശൻ ഉദ്ഘാടനംചെയ്യുന്നു

അഞ്ചൽ
രാജ്യത്ത്‌ 10 കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നു പറഞ്ഞ്‌ അധികാരത്തിൽ വന്ന മോദി സർക്കാർ രണ്ടുകോടി തൊഴിലവസരങ്ങൾ ഇല്ലാതാക്കുകയാണ്‌ ചെയ്‌തതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പുത്തലത്ത്‌ ദിനേശൻ പറഞ്ഞു. അർഹമായ സാമ്പത്തിക വിഹിതം നൽകാതെ സംസ്ഥാനത്തെ ഞെക്കിക്കൊല്ലുന്ന കേന്ദ്ര സർക്കാരിനെതിരെ അഞ്ചലിൽ സിപിഐ എം സംഘടിപ്പിച്ച ബഹുജനക്കൂട്ടായ്‌മ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 
റെയിൽവേയിൽ ഉൾപ്പെടെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന 10ലക്ഷം തൊഴിലവസരങ്ങൾ നികത്താനും നടപടിയില്ല. പൊതുമേഖലയെ ഇല്ലാതാക്കി സ്വകാര്യമേഖലയ്‌ക്ക്‌ അവസരമൊരുക്കുന്ന നയമാണ്‌ ബിജെപി സർക്കാർ നടപ്പാക്കുന്നത്‌. രാജ്യത്തിനു മുതൽക്കൂട്ടായ കേരളത്തിലെ നാണ്യവിളകളെ സംരക്ഷിക്കാനും അവർ ഒരുക്കമല്ല. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഐടി മേഖലയെയും ദുർബലപ്പെടുത്താനാണ്‌ കേന്ദ്രം ശ്രമിക്കുന്നത്‌. വിലക്കയറ്റം ഗ്രാമീണമേഖലയിൽ അതിരൂക്ഷമാണ്‌. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില ഓയിൽക്കമ്പനികൾ തോന്നുംപോലെ വർധിപ്പിക്കുകയാണ്‌. കേന്ദ്ര സർക്കാർ ഇതിന്‌ കൂട്ടുനിന്ന്‌ ജനങ്ങളെ ദ്രോഹിക്കുന്നു. 
സംസ്ഥാന സർക്കാർ പിഎസ്‌സി വഴി മൂന്നുലക്ഷം പേർക്കാണ്‌ തൊഴിലവസരം സൃഷ്ടിച്ചത്‌. കൂടാതെ സ്റ്റാർട്ടപ്പുകൾ വഴിയും വ്യവസായ സംരംഭങ്ങളിലൂടെയും പുതിയ തൊഴിൽ സൃഷ്ടിച്ചു. പശ്‌ചാത്തല സൗകര്യവികസനം ഉൾപ്പെടെ നാടിന്റെ നന്മയ്‌ക്കായാണ്‌ എൽഡിഎഫ്‌ സർക്കാർ നിലകൊള്ളുന്നത്‌. എന്നാൽ, കേരളത്തെ സഹായിക്കുന്നതിനു പകരം സാമ്പത്തികമായി ഞെക്കിക്കൊല്ലാനാണ്‌ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്‌. സംസ്ഥാന സർക്കാരിനെതിരായ മോദി സർക്കാരിന്റെ രാഷ്ട്രീയ പകപോക്കൽ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കേന്ദ്രം തരേണ്ട അർഹമായ സാമ്പത്തിക വിഹിതം നാടിനും ജനങ്ങൾക്കുമുള്ളതാണെന്നും പുത്തലത്ത്‌ ദിനേശൻ പറഞ്ഞു.  
സിപിഐ എം അഞ്ചൽ ഏരിയ സെക്രട്ടറി ഡി വിശ്വസേനൻ അധ്യക്ഷനായി. ജോർജ്‌ മാത്യൂ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി എസ് സുദേവൻ, പുനലൂർ ഏരിയ സെക്രട്ടറി എസ് ബിജു, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം എ രാജഗോപാൽ, സുജാ ചന്ദ്രബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനാമുരളി,ജില്ലാ പഞ്ചായത്തം​ഗങ്ങളായ കെ ഷാജി, പി അംബികകുമാരി,  പഞ്ചായത്ത് പ്രസിഡന്റുമാരായ പി ലൈലാബീവി, അസീനാമനാഫ്, ആര്യാലാൽ, വി എസ് സതീഷ്, ജി പ്രമോദ്, പി അനിൽകുമാർ, എസ് ഗോപകുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top