31 October Saturday
പുനർഗേഹം പദ്ധതി

358 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വീടൊരുങ്ങും

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020
കൊല്ലം 
ജില്ലയിൽ 358 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സുരക്ഷിത വീടൊരുങ്ങുന്നു. കടൽക്ഷോഭ ഭീഷണി നേരിടുന്നതും തീരത്തുനിന്ന്‌ 50 മീറ്ററിനുള്ളിൽ താമസിക്കുന്നതുമായ മത്സ്യത്തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കാനുള്ള പുനർഗേഹം പദ്ധതിയിലാണ്‌ വീടൊരുങ്ങുന്നത്‌. 
ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പദ്ധതിയിൽ ഭൂമി വാങ്ങാനും ഭവനനിർമാണത്തിനുമായി ഒരു കുടുംബത്തിന് 10 ലക്ഷം രൂപ അനുവദിക്കും. ഭൂമി വാങ്ങാൻ ആറു ലക്ഷവും വീട് നിർമിക്കാൻ നാലുലക്ഷവും. വസ്തുവും വീടുമായും വാങ്ങാം. ഭൂമി വാങ്ങിയ തുക ആറുലക്ഷത്തിൽ കുറവാണെങ്കിൽ ബാക്കി തുക ഭവന നിർമാണത്തിനു നൽകും. 2450 കോടി രൂപയുടെ പദ്ധതിയാണ് സംസ്ഥാനത്തൊട്ടാകെ നടപ്പാക്കുന്നത്.
ജില്ലയിൽ പരവൂർ മുതൽ അഴീക്കൽ വരെയുള്ള തീരദേശ മേഖലയിൽ നടത്തിയ സർവേയിൽ അർഹരായ 1580 കുടുംബങ്ങളെയാണ് കണ്ടെത്തിയത്. ഇതിൽ തീരദേശത്തുനിന്ന്‌ ഒഴിയാൻ തയ്യാറാണെന്ന് അറിയിച്ചത് 358 കുടുംബങ്ങളാണ്. നീണ്ടകര, വാടി, തങ്കശ്ശേരി തീരപ്രദേശങ്ങളിൽനിന്നുള്ളവരാണ് 
ഏറെയും. 
സ്ഥലം കണ്ടെത്തിയ 90 കുടുംബങ്ങളിൽ 39 പേർക്ക് രജിസ്‌ട്രേഷൻ നടപടി പൂർത്തിയാക്കി തുക കൈമാറി. വസ്തുവും വീടുംകൂടി ഒരുമിച്ചു കണ്ടെത്തിയ ആറു കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം  നൽകിക്കഴിഞ്ഞു. പ്രമാണച്ചെലവ് ഉൾപ്പെടെ 10 ലക്ഷം രൂപ ചെലവഴിക്കാൻ അനുവദിക്കും വിധമാണ് പദ്ധതി. മൂന്നു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യം.
അപകട സാധ്യതയുള്ള മേഖലയിൽനിന്ന് സ്വമേധയാ ഒഴിയാൻ തയ്യാറായി മുന്നോട്ടുവരുന്നവരെ മാത്രമാണ് പദ്ധതിക്കായി പരിഗണിക്കുന്നതെന്നും മത്സ്യത്തൊഴിലാളികൾ ഒഴിയുന്ന സ്ഥലങ്ങൾ ജൈവവേലി വച്ചുപിടിപ്പിച്ച്  സംരക്ഷിത മേഖലയാക്കി മാറ്റുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ സുഹൈർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top