07 December Saturday

ക്യുആർ കോഡും ബ്ലോക്‌ നമ്പറുമുണ്ടോ സർട്ടിഫിക്കറ്റിൽ വ്യാജനില്ല

സ്വന്തം ലേഖകൻUpdated: Thursday Sep 19, 2019

 

 
തിരുവനന്തപുരം  
ക്യുആർകോഡിനു പുറമെ യുണീക്ക് ടൈം സ്റ്റാംപ്, ബ്ലോക് നമ്പർ എന്നിങ്ങനെ തിരിച്ചറിയൽ മുദ്രകളുമായി സർട്ടിഫിക്കറ്റുകളൊരുങ്ങുന്നു. സർവകലാശാലകൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കും തലവേദന സൃഷ്ടിക്കുന്ന വ്യാജ സർട്ടിഫിക്കറ്റുകളുടെ പ്രശ്‌നങ്ങൾക്ക്‌ ഇതോടെ പരിഹാരമാകും. സർട്ടിഫിക്കറ്റിലെ വ്യാജപതിപ്പ്‌ തടയാൻ കേരള ബ്ലോക്ചെയിൻ അക്കാദമി (കെബിഎ) ബ്ലോക്ചെയിൻ അധിഷ്ഠിത സർട്ടിഫിക്കേഷൻ തുടങ്ങി. തുടക്കത്തിൽ കെബിഎ-യുടെ സർട്ടിഫിക്കറ്റുകളിലാണ് ഉപയോഗിക്കുക. 
ഇന്ത്യയിലാദ്യമായാണ് ഒരു സർക്കാർ പഠന-ഗവേഷണ സ്ഥാപനം നൂതന സാങ്കേതികവിദ്യയിലൂടെ വ്യാജ സർട്ടിഫിക്കറ്റുകളെ നേരിടാൻ പരിഹാരം കണ്ടുപിടിക്കുന്നത്. കേരള സർക്കാർ സ്ഥാപനമായ ഐഐഐടിഎം-കെയുടെ കീഴിലുള്ള ബ്ലോക്ചെയിൻ പഠന- ഗവേഷണ സ്ഥാപനമായ കെബിഎ സ്വന്തമായാണിത്‌ വികസിപ്പിച്ചെടുത്തത്. ക്രമക്കേടുകൾക്ക് സാധ്യതയില്ലാത്ത ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന സർട്ടിഫിക്കറ്റുകൾ വ്യാജമായി നിർമിക്കാനോ തിരുത്താനോ കഴിയില്ല. സർട്ടിഫിക്കറ്റുകൾക്ക് ആഗോളതല അംഗീകാരവുമുണ്ടായിരിക്കും. 
സർട്ടിഫിക്കറ്റിലെ ക്യുആർ കോഡ് സ്മാർട് ഫോണിലൂടെ സ്കാൻ ചെയ്‌താൽ ആധികാരികത മനസ്സിലാക്കാം. ഒപ്പം  ഉദ്യോഗാർഥികളുടെ സ്വകാര്യതയും കാത്തുസൂക്ഷിക്കാം. കെബിഎ-യിൽ സർട്ടിഫൈഡ് ബ്ലോക്ചെയിൻ അസോസിയേറ്റ് പ്രോഗ്രാം പൂർത്തിയാക്കിയ വാരാന്ത്യ ബാച്ചിനാണ് ആദ്യമായി ഇത്തരം സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കിയത്.
പ്രധാന വാർത്തകൾ
 Top