15 October Tuesday
മുനിസിഫ് കോടതിവിധി റദ്ദാക്കി

ദേശീയപാതയില്‍ കൈവശാവകാശമില്ല

സ്വന്തം ലേഖകന്‍Updated: Monday Aug 19, 2019
കൊല്ലം
ദേശീയപാതയിൽ കൈവശാവകാശം അനുവദിച്ച് പ്രിൻസിപ്പൽ മുനിസിഫ് കോടതി പുറപ്പെടുവിച്ച വിധി ജില്ലാ കോടതി റദ്ദാക്കി. ദേശീയപാതയിൽ ആർക്കും കൈവശാവകാശം അനുവദിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. കൊല്ലം പ്രിൻസിപ്പൽ മുനിസിഫ് കോടതി ഉത്തരവിനെതിരെ കലക്ടറും ദേശീയപാത എക്‌സിക്യൂട്ടീവ് എന്‍ജിനിയറും ജില്ലാ ഗവണ്‍മെന്റ് പ്ലീഡർ മുഖേന ഫയൽചെയ്ത അപ്പീലിലാണ് രണ്ടാം അഡീഷണൽ ജില്ലാ ജഡ്ജി കെ എൻ സുജിത്തിന്റെ ഉത്തരവ്. 
കൊല്ലം -കോട്ടവാസൽ പാതയിലെ നിരവധി കൈവശക്കാർക്ക് തിരിച്ചടിയാകുന്നതാണ് വിധി. ഇതനുസരിച്ച്‌ ദേശീയപാതാ വിഭാഗം റോഡ് വികസനനടപടികൾ ഇനി വേഗത്തിലാകും.  
കൊല്ലം–- -തിരുമംഗലം ദേശീയപാതയിൽ കേരളപുരത്ത് 30സെന്റ് വരുന്ന ദേശീയപാതാ ഭാഗം കൈവശപ്പെടുത്താനുള്ള ശ്രമങ്ങൾക്കെതിരെ 2017ൽ ദേശീയപാതാ വിഭാഗം നോട്ടീസ് നൽകിയിരുന്നു. റെയിൽവേ റോഡിനും ദേശീയപാതയ്ക്കും ഇടയ്ക്കുള്ള പൊതുമരാമത്ത് വകുപ്പ് വക സ്ഥലം കേരളസർക്കാർ റോഡ് എന്ന  തണ്ടപ്പേരിലുള്ളതാണ്. 
റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുക്കാൻ  ശ്രമിച്ച ഘട്ടത്തിലാണ്  കൈവശാവകാശം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം മുനിസിഫ് കോടതിയിൽ തെങ്ങുവിളയിൽ സുലൈമാൻകുഞ്ഞ് എന്നയാളിന്റെ അവകാശികൾ കേസ് നൽകിയത്. ഈ റോഡ് ഭാഗം സർക്കാർ പുറമ്പോക്കാണെന്നും വർഷങ്ങളായി കൈവശത്തിലാണെന്നും കൈവശാവകാശം അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. കോൺഗ്രസ് പഞ്ചായത്ത്അം​ഗം ഉൾപ്പെടെ കോടതിയിൽ കൈവശക്കാരന് അനുകൂലമായി മൊഴി നൽകി. തുടർന്ന് കൈവശാവകാശം അനുവദിച്ചും സർക്കാരിന് വസ്തു ആവശ്യമെങ്കിൽ പണം നൽകി കൈപ്പറ്റാമെന്നും മുനിസിഫ് കോടതി ഉത്തരവിടുകയായിരുന്നു. 
15 ദിവസത്തിനകം ഫയൽചെയ്ത അപ്പീലിൽ വിശദവാദങ്ങളും നിരവധി സാക്ഷിവിസ്താരത്തിനും ശേഷമാണ് മുനിസിഫ് കോടതിവിധി റദ്ദ് ചെയ്ത് സർക്കാർ അനുകൂലവിധി വന്നത്. കേന്ദ്രനിയമമായ 2002ലെ ലാൻഡ്‌ ആൻഡ്‌ ട്രാഫിക് ആക്ട്  അടിസ്ഥാനമാക്കിയായിരുന്നു വിധി. കേസ് നിലനിൽക്കുന്നത്‌ ദേശീയപാതാ വികസനത്തിനു തടസ്സമാണെന്ന്‌ അപ്പീൽ ഹർജിയിൽ ജില്ലാ ഗവണ്‍മെന്റ് പ്ലീഡർ ആർ സേതുനാഥ് ചൂണ്ടിക്കാട്ടി. 
ജില്ലയുടെ കിഴക്കൻ മേഖലയിൽ നിരവധി കൈവശാവകാശക്കാർ നിലവിലുണ്ട്. റോഡ് കൈയേറി വ്യാപാരസ്ഥാപനങ്ങൾ നടത്തുന്നവരും വീടുവച്ച് താമസിക്കുന്നവരും ഇക്കുട്ടത്തിൽപ്പെടും. ഇവർക്കും ബാധകമാകുന്നതാണ് പുതിയ വിധി . 
ദേശീയപാത അതോറിറ്റി റോഡ് നാല് ട്രാക്ക് ആക്കുന്ന ഭാരത്മാല പദ്ധതിയിൽ ഉൾപ്പെട്ടതാണ് കൊല്ലം–- -തിരുമംഗലം ദേശീയപാത 744 ( പഴയ 208 ). ചിന്നക്കട മുതൽ അമ്പലത്തുംകാല വരെ ആദ്യ റീച്ചിലും അമ്പലത്തുംകാല മുതൽ കോട്ടവാസൽവരെ  അടുത്ത റീച്ചിലും ഉൾപ്പെടുന്നു. നിലവിൽ സംസ്ഥാന ഉപരിതല ഗതാഗത വകുപ്പിന്റെ  നിയന്ത്രണത്തിലുള്ള ഈ റോഡ് നാലു ട്രാക്കാക്കുന്നതിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കലും കൈവശാവകാശം ഒഴിപ്പിക്കലും വേണ്ടിവരും. ഈ ഘട്ടത്തിൽ റോഡ് വികസനത്തിനുള്ള തടസ്സം നീക്കുന്നതിന് അടിസ്ഥാനമാക്കുക കഴിഞ്ഞ ദിവസമുണ്ടായ 
കോടതിവിധിയാകും.
പ്രധാന വാർത്തകൾ
 Top