22 October Tuesday

സഹകരണ ബാങ്കുകളിലെ നിയമനം കെപിസിസി ജന. സെക്രട്ടറി പ്രതിക്കൂട്ടിൽ

സ്വന്തം ലേഖകന്‍Updated: Friday Jul 19, 2019

 

കൊല്ലം
യുഡിഫ് ഭരണത്തിലുള്ള സഹകരണ ബാങ്കുകളിലെ നിയമനങ്ങൾ  ജില്ലയിലെ കെപിസിസി ജനറൽ സെക്രട്ടറിയെ പ്രതിക്കൂട്ടിലാക്കുന്നു.  ഏറ്റവും ഒടുവിൽ കുന്നത്തൂർ താലൂക്കിലെ   കരിന്തോട്ടുവ സർവീസ് സഹകരണ ബാങ്കിലെ നിയമനമാണ‌് ആക്ഷേപത്തിനിടയാക്കിയത‌്.  ലക്ഷങ്ങളുടെ കോഴ ഇടപാടിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട‌് കോൺഗ്രസ്‌ നേതാക്കൾ ഡിസിസി, കെപിസിസി പ്രസിഡന്റുമാർക്ക് പരാതി നൽകി.   
കരിന്തോട്ടുവ ബാങ്കിലെ നിയമനത്തിന് 15ന‌് എഴുത്തു പരീക്ഷയും 16ന‌് ഇന്റർവ്യൂവും നിശ്ചയിച്ചിരുന്നു.  ബാങ്ക് പ്രസിഡന്റിന്റെ മകനെയാണ് ഒരു സ്ഥാനത്തക്കു നിയമിക്കാൻ തീരുമാനിച്ചത്.  പ്രസിഡന്റ്‌ സ്ഥാനത്ത‌് തുടർന്നുകൊണ്ട‌്  മകനെ നിയമിക്കാൻ സാധിക്കില്ല. 
ഇതുവരെ സ്ഥാനം ഒഴിയാൻ പ്രസിഡന്റ്‌  തയ്യാറായിട്ടില്ല. തന്മൂലം നിയമന നടപടി നിയമക്കുരുക്കിലായി. മറ്റു രണ്ടു സ്ഥാനങ്ങളിലാണ് ലേലം വിളി. ഇതിലൊന്ന‌്   കേരള കോൺഗ്രസ‌ി (മാണി) ന്റെ പേരിൽ 25 ലക്ഷം രൂപയ്ക്കാണ് ലേലത്തിൽ വച്ചിരിക്കുന്നത‌്.  മറ്റൊന്ന‌്  സ്വന്തം ഇടനിലക്കാരനെ വച്ച‌് കെപിസിസി ജനറൽ സെക്രട്ടറി വിലപേശുകയാണ്.  ശാസ‌്താംകോട്ട  കാർഷിക വികസന ബാങ്കിൽ നേരത്തെ നടന്ന നിയമനത്തിലും ഈ  നേതാവിന്റെ നേതൃത്വത്തിൽ വൻ അഴിമതി നടന്നതായി ആരോപണമുണ്ടായിരുന്നു.  അന്ന് ഇതേക്കുറിച്ച‌് അന്വേഷിക്കാൻ കെപിസിസി പ്രസിഡന്റായിരുന്ന വി എം  സുധീരൻ  ഉപസമിതിയെ നിയോഗിച്ചെങ്കിലും  നടപടി ഉണ്ടായില്ല.  
ഭരണിക്കാവിലെ കോൺഗ്രസ്‌ ഓഫീസിനു മുന്നിൽ നിയമനത്തിനെതിരെ ഒരു വിഭാഗം കോൺഗ്രസുകാർ അഴിമതിവിരുദ്ധ സമരം  നടത്തിയിരുന്നു.  എഴുത്തുപരീക്ഷയിൽ ഒന്നാം റാങ്കിൽ എത്തിയ ഉദ്യോഗാർഥിയെ  25 ലക്ഷം രൂപ കൈപ്പറ്റിയാണ് നിയമിച്ചതെന്നാണ്  ആക്ഷേപം. ഇതിനെതിരെ കാർഷിക വികസന ബാങ്ക് ഭരണസമിതിയിൽ ചേരിപ്പോരുണ്ടാകുകയും  വൈസ് പ്രസിഡന്റ്‌ കാഞ്ഞിരവിള അജയകുമാറിനെ അവിശ്വാസത്തിലൂടെ പുറത്താക്കാൻ നീക്കവുമുണ്ടായിരുന്നു.  
കോൺഗ്രസ് ഐ ഗ്രൂപ്പ്‌ ജില്ലയിൽ രണ്ടായാണ് പ്രവർത്തനം. ഒരു ഗ്രൂപ്പിന് ഡിസിസി പ്രസിഡന്റ്‌ ബിന്ദു കൃഷ്ണയും മറ്റൊരു ഗ്രൂപ്പിന് ശൂരനാട് രാജശേഖരനും നേതൃത്വം നൽകുന്നു. ബാങ്ക് നിയമനങ്ങളിലെ അഴിമതിയുടെ പേരിൽ സ്വന്തം ഗ്രൂപ്പിലും ശൂരനാട് രാജശേഖരനെതിരെ പടയൊരുക്കം ആരംഭിച്ചു.  യൂത്ത് കോൺഗ്രസ്‌, കെഎസ് യു പ്രവർത്തകരും കെപിസിസിക്ക‌് പരാതി നൽകിയിട്ടുണ്ട്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top