31 July Saturday
ടിപിആർ കുറയ്ക്കാൻ തദ്ദേശസ്ഥാപനങ്ങൾ

ലക്ഷ്യം പൂജ്യം

സ്വന്തം ലേഖകന്‍Updated: Saturday Jun 19, 2021
കൊല്ലം
ടിപിആർ (കോവിഡ്‌ വ്യാപന നിരക്ക്‌) പൂജ്യത്തിലെത്തിക്കാൻ കൂട്ടായ്‌മയിൽ ഊന്നിയ കർമ പദ്ധതികളുമായി തദ്ദേശ സ്ഥാപനങ്ങൾ. പ്രതിവാര കോവിഡ്‌ വ്യാപനനിരക്ക്‌ എട്ടു ശതമാനത്തിനു താഴെയെത്തിയ കൊട്ടാരക്കര മുനിസിപ്പാലിറ്റിയും ഇളമാട്‌, കുന്നത്തൂർ, വെളിനല്ലുർ പഞ്ചായത്തുകളും ടിപിആർ പൂജ്യത്തിലെത്തിക്കാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കി.   
20നും 30നും മധ്യേ ടിപിആർ ഉള്ളതിനാൽ നിയന്ത്രണം കടുപ്പിച്ച 10 പഞ്ചായത്തും കോവിഡ്‌ പ്രതിരോധത്തിനുള്ള‌ അശ്രാന്ത പരിശ്രമത്തിലാണ്‌. ജില്ലയിലെ 73 തദ്ദേശ സ്ഥാപനങ്ങളിൽ 59 എണ്ണം ടിപിആർ നിരക്ക്‌ എട്ടിനും 20നും ഇടയിലുള്ള ബി വിഭാഗത്തിലാണ്‌.  
"രണ്ടാം തരംഗത്തിന്റെ മുന്നറിയിപ്പ്‌ വന്നപ്പോൾത്തന്നെ എല്ലാ മുൻകരുതലുകളും എടുത്തു. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ 13 കിടക്കയുള്ള കോവിഡ്‌ വാർഡും രണ്ട്‌ ഐസിയു ബഡും ഒരുക്കി. ഓരോ വാർഡിലും വാർറൂമും കോൾ സെന്ററുകളും സജ്ജമാക്കി. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ 2.8 ശതമാനമായി കുറഞ്ഞത്‌ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ്‌’–- കോവിഡ്‌ പ്രതിരോധത്തിൽ മുന്നേറ്റം നടത്തിയ കൊട്ടാരക്കര മുനിസിപ്പൽ അധ്യക്ഷൻ എ ഷാജു പറഞ്ഞു.  
കോവിഡ്‌ ബാധിതരായ കുട്ടികളെയും സ്‌ത്രീകളെയും വയോധികരെയും പരിശോധിക്കാൻ പിപിഇ കിറ്റ്‌  ധരിച്ച്‌ വീടുകളിൽ പോകാൻ ഡോക്ടർമാർ തയ്യാറായി. പുറത്തിറങ്ങാൻ ഭയമുള്ളവർക്കും ശാരീരിക ബുദ്ധിമുട്ടുള്ളവർക്കുമായി സ്രവപരിശോധനയ്‌ക്ക്‌ സഞ്ചരിക്കുന്ന ലാബ്‌ വീടുകളിലെത്തി. സ്വകാര്യലാബുകാർ 20–-30 ശതമാനം വരെ നിരക്കുകൾ കുറയ്‌ക്കാൻ തയ്യാറായതും ഉപകരിച്ചു. താലൂക്കാശുപത്രി സൂപ്രണ്ട്‌ സുനിൽകുമാറിന്റെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകർ വലിയ ഇടപെടലാണ്‌ നടത്തിയത്‌. മന്ത്രി കെ എൻ ബാലഗോപാലിന്റെ  ഇടപെടലും ഏറെ സഹായകമാകുന്നതായും ഷാജു പറഞ്ഞു.  
‘ജൂണിൽ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ 20–-23 ശതമാനം ആയിരുന്നത്‌ ബുധനാഴ്‌ച ആറുശതമാനത്തിൽ എത്തിക്കാനായതായി കുന്നത്തൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വത്സലകുമാരി പറഞ്ഞു. ഏകോപനത്തിന്റെയും കൂട്ടായ ഇടപെടലിന്റെയും ഫലമാണ് ഇതെന്നും അവർ പറഞ്ഞു. നിലവിലുള്ള കണക്ക്‌ പ്രകാരം കടയ്ക്കൽ പഞ്ചായത്തിലാണ് (26.01) ഉയർന്ന പ്രതിവാര കോവിഡ് വ്യാപന നിരക്ക്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top