06 August Friday

ഓടിയത്‌ ഒറ്റയക്ക നമ്പർ ബസുകൾ

സ്വന്തം ലേഖികUpdated: Saturday Jun 19, 2021

സ്വകാര്യ ബസുകൾ സർവീസ് ആരംഭിച്ചപ്പോൾ ബസിൽ കയറാനുള്ള തിരക്ക്

കൊല്ലം
ജില്ലയിൽ വെള്ളിയാഴ്‌ച നിരത്തിലിറങ്ങിയത്‌ അഞ്ചു ശതമാനം സ്വകാര്യ ബസുകൾ മാത്രം. ഒറ്റഅക്ക നമ്പർ ബസുകളാണ്‌ സർവീസ്‌ നടത്തിയത്‌. യാത്രക്കാരില്ലാതെ പലതും ഉച്ചയോടെ സർവീസ്‌ നിർത്തി. ഗ്രാമീണ മേഖലകളിലേക്ക്‌ അധികം സർവീസ്‌ ഉണ്ടായില്ല. 
കൊല്ലം സിറ്റി പരിധിയിൽ 200 ബസാണുള്ളത്‌. കൊട്ടിയം–- കൊല്ലം റൂട്ടിൽ സർവീസുള്ള 50 ബസിൽ മൂന്നെണ്ണം മാത്രമാണ്‌ വെള്ളിയാഴ്‌ച സർവീസ്‌ നടത്തിയത്‌. ഇന്ധനത്തിനുള്ള കാശുപോലും കിട്ടാത്തതിനാൽ പല ബസുകളും സർവീസ്‌ നിർത്തി. കോവിഡ്‌ ഭീതിയെ തുടർന്ന്‌ ജനം ബസ്‌ യാത്ര മടിക്കുന്നതായി ബസുടമകൾ പറയുന്നു. കൊല്ലം–- കൊട്ടിയം റൂട്ടിൽ  എട്ടു ബസ്‌ സർവീസ്‌ നടത്തി. ഒരെണ്ണമൊഴികെ മറ്റെല്ലാം ഉച്ചയോടെ ഓട്ടം നിർത്തി. രാത്രി വരെ സർവീസ്‌ നടത്തിയ ബസിനു കിട്ടിയത്‌  4890 രൂപയാണ്‌. ഡീസലിന്‌ ലിറ്ററിന്‌ 94രൂപയാണ്‌ വില. 40ലിറ്റർ ഡീസൽ അടിച്ചശേഷം ശേഷിച്ച തുക ജീവനക്കാർക്ക്‌ വീതിച്ചു നൽകിയതായി ബസുടമ പറഞ്ഞു. 
കോവിഡ്‌ പശ്ചാത്തലത്തിലും ഇന്ധനവില കേന്ദ്രസർക്കാർ അടിക്കടി വർധിപ്പിക്കുന്നത്‌ വ്യവസായത്തെ  പ്രതിസന്ധിയിലാഴ്‌ത്തിയിരിക്കുകയാണ്‌. കോവിഡിന്‌ മുന്നേ  67 രൂപയായിരുന്നു ഡീസൽവില. 50 ശതമാനം  വർധനയാണ്‌ ഉണ്ടായത്‌. ജില്ലയിൽ 1000 ബസാണ്‌ ആകെയുള്ളത്‌. നിരവധി ബസുകൾ ജിഫോം നൽകി ഗ്യാരേജിൽ കയറ്റിയിട്ടിട്ട്‌ നാളേറെയായി. ഇൻഷുറൻസ്‌, ടാക്‌സ്‌ എന്നിവയിൽ ഇളവ്‌ കിട്ടുമെന്നതിനാലാണ്‌ ജിഫോം നൽകിയത്‌. 
ശനി, ഞായർ സമ്പൂർണ ലോക്‌ഡൗണാണ്‌. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഇരട്ട അക്ക നമ്പർ ബസുകൾ നിരത്തിലിറങ്ങും. ചൊവ്വ, വ്യാഴം ദിവസങ്ങളിലും തുടർന്നുള്ള തിങ്കളാഴ്‌ചയും ഒറ്റ അക്ക ബസുകൾ സർവീസ്‌ നടത്താനാണ്‌ നിർദേശം. 
അക്കം അനുസരിച്ച സർവീസ്‌ തുടർന്നാൽ 10 ദിവസം മാത്രമായിരിക്കും ഒരോ വിഭാഗത്തിനും ഓട്ടം ലഭിക്കുക. കുടുംബം മുന്നോട്ട്‌ കൊണ്ടുപോകാൻ കഴിയാത്തതിനാൽ ജീവനക്കാർ പലരും ഈ മേഖല വിടുകയാണെന്ന്‌ കേരള സ്റ്റേറ്റ്‌ പ്രൈവറ്റ്‌ ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ ഫെഡറേഷൻ ജനറൽ സെക്രട്ടറി ലോറൻസ്‌ ബാബു പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top