18 September Wednesday
ഇന്ന‌് വായനദിനം

ഓലക്കുടിലിൽ തുടങ്ങി അരനൂറ്റാണ്ട‌് പിന്നിട്ട‌ വായനശാല

സ്വന്തം ലേഖകന്‍Updated: Wednesday Jun 19, 2019

നെല്ലിമുക്ക് സ്വാതന്ത്ര്യസമര സ്മാരക വായനശാല

 

എഴുകോൺ
അന്നൊരു കാലം. ഓല മേഞ്ഞ ചെറിയ മുറിയിൽ ആ നാട്ടിലെ ഒരു കൂട്ടം ചെറുപ്പക്കാർ വായനശാല തുടങ്ങി. പത്രവായനയ‌്ക്കും അക്ഷരങ്ങൾ അറിയാനും തുടങ്ങിയ ആ വായനശാല അരനൂറ്റാണ്ടു പിന്നിടുന്നു. കരീപ്ര നെല്ലിമുക്കിലെ  സ്വാതന്ത്ര്യസമര സ്മാരക വായനശാലയെക്കുറിച്ചാണ‌് പറയുന്നത‌്. 
1962ലാണ‌്  വായനശാലയുടെ തുടക്കം.  മുട്ടത്തയ്യത്ത് പരമു നൽകിയ സ്ഥലത്ത‌്  താൽക്കാലികമായി വായനശാല തുടങ്ങി. ചെല്ലപ്പൻപിള്ള, ഗോപിനാഥൻപിള്ള എന്നിവരായിരുന്നു വായനശാലയുടെ ആദ്യ ഭാരവാഹികൾ.  
ഇന്ന‌് സ്വാതന്ത്ര്യസമര സ‌്മാരക വായനശാല നാടിന്റെ സ‌്പന്ദനമാണ‌്.  ഇവിടെ വായിച്ചുവളർന്നവരിൽ പലരും സർക്കാർ ഉദ്യോഗസ്ഥരായി. നിരവധി പേർ രാഷ്ട്രീയ, കല, സാംസ്കാരിക പ്രവർത്തകരായി. കവി കരീപ്ര വിക്രമൻനായർ, വിൽപ്പാട്ട് കലാകാരൻ ദിവാകരൻപിള്ള, ശാസ്താംപാട്ട് കലാകാരൻ കരുണാകരൻപിള്ള, നാഗസ്വര വിദ്വാൻ സുകുമാരൻ ഭാഗവതർ എന്നിവർ മുതൽ യുവ കഥാപ്രസംഗ കലാകാരി  അഥീന വരെ വായനശാലയുടെ സംഭാവനയാണ്.
അമച്വർ നാടക പരിശീലനവും അവതരണവും മ്യൂസിക് ക്ലബ്, നൃത്ത വിദ്യാലയം എന്നിവയും വായനശാല നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. സംസ്ഥാന സർക്കാരിന്റെ വജ്ര ജൂബിലി ഫെല്ലോഷിപ‌് കലാകേന്ദ്രവും ഇവിടെയുണ്ട‌്.  
ബാലവേദി, വനിതാവേദി, യുവത, വയോധികർക്കു വേണ്ടി ഗുരുസംഗമം എന്നിങ്ങനെ കൂട്ടായ്മകളും വായനശാല മുൻകൈയെടുത്ത‌് നടത്തുന്നു. 2005 മുതൽ എല്ലാ  അവധിക്കാലത്തും ഒരു മാസത്തെ  അക്ഷരോത്സവം നടത്തുന്നു. വായനക്കാർക്ക് പുസ്തകങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ  ത്രീ കാർഡ് സിസ്റ്റം നടപ്പാക്കി. 2007ലെ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ പി രവീന്ദ്രൻ പുരസ്കാരം ബാലവേദിക്ക‌് ലഭിച്ചു.
 ബി രാഘവൻ എംഎൽഎ ആയിരുന്നപ്പോൾ അനുവദിച്ച ഫണ്ട് ഉപയോഗിച്ചു നിർമിച്ച  കെട്ടിടത്തിലാണ് ഇപ്പോൾ വായനശാല പ്രവർത്തിക്കുന്നത്.  ബി ഗോപാലകൃഷ്ണപിള്ള പ്രസിഡന്റും സി അജയകുമാർ സെക്രട്ടറിയുമായ  ഭരണസമിതിയാണ‌് നിലവിലുള്ളത‌്.

 

പ്രധാന വാർത്തകൾ
 Top