22 October Tuesday

അനധികൃത ബോർഡുകൾ നീക്കാനെത്തിയ ജീവനക്കാർക്കെതിരെ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 19, 2019

അനധികൃത ബോർഡുകൾ നീക്കാനെത്തിയ ജീവനക്കാരെ ആക്രമിച്ചതിൽ പ്രതിക്ഷേധിച്ച്‌ കെഎംസിഎസ്‌യു നടത്തിയ പ്രകടനം

 

കൊല്ലം
ഹൈക്കോടതി ഉത്തരവനുസരിച്ച‌് കൊല്ലം നഗരത്തിൽ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ബോർഡുകൾ നീക്കം ചെയ്യാനെത്തിയ സ്ക്വാഡിലെ ജീവനക്കാരെ സാമൂഹ്യവിരുദ്ധർ ആക്രമിച്ചു. പരിക്കേറ്റ നഗരസഭാ സൂപ്രണ്ട് എസ് രാജേഷ്, ഓവർസിയർമാരായ കെ ലിജു, രാജി എന്നിവരെ  ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാടൻനടയ്ക്കു സമീപം ചൊവ്വാഴ‌്ച പകൽ 10.30നാണ‌് സംഭവം. 
നഗരസഭയുടെ അനുമതിയില്ലാതെ സ്ഥാപിച്ചിട്ടുള്ള ബോർഡുകളും ഗതാഗതത്തിനും വഴിയാത്രയ‌്ക്കും ബുദ്ധിമുട്ടുള്ള മറ്റ‌ു  പരസ്യ സംവിധാനങ്ങളും നീക്കംചെയ്യണമെന്ന‌് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ‌് ഉദ്യോഗസ്ഥർ മാടൻനടയിലെത്തിയത‌്. ദേശീയപാതയ‌്ക്ക‌് അഭിമുഖമായി ഓടയോട‌ു ചേർന്ന‌് സ്ഥാപിച്ചിരുന്ന ബോർഡ‌് നീക്കുമ്പോഴാണ‌് സാമൂഹ്യവിരുദ്ധർ ആക്രമിച്ചത‌്. സംഭവമറിഞ്ഞ‌് മേയർ വി രാജേന്ദ്രബാബുവും ഇരവിപുരം പൊലീസും സ്ഥലത്തെത്തി. പരിക്കേറ്റ‌് ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിച്ച മേയർ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന‌് ആവശ്യപ്പെട്ടു. സംഭവത്തിൽ ഇരവിപുരം പൊലീസ‌് സജീവ‌് എന്നയാളെ അറസ്റ്റ‌് ചെയ്തു. 
സംഭവത്തിൽ പ്രതിഷേധിച്ച‌് നഗരസഭാ ജീവനക്കാർ കെഎംസിഎസ്‌യു നേതൃത്വത്തിൽ പ്രകടനം നടത്തി. കെഎംസിഎസ‌്‌യു സംസ്ഥാന പ്രസിഡന്റ് എൻ എസ് ഷൈൻ, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി എസ‌് ഓമനക്കുട്ടൻ, കെഎംസിഎസ്‌യു ജില്ലാ സെക്രട്ടറി എ എം രാജ, എൻജിഒ യൂണിയൻ സംസ്ഥാന വനിതാ സബ് കമ്മിറ്റി കൺവീനർ ധന്യ,  കെഎംസിഎസ്‌യു ജില്ലാ പ്രസിഡന്റ് എം മുരുകൻ, യൂണിറ്റ് പ്രസിഡന്റ് സുരേന്ദ്രൻപിള്ള, സെക്രട്ടറി ബി പി ബിജു എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top