17 November Sunday

ഇവിടുണ്ട്‌ മുറ്റത്തൊരു ആയുർവേദ യൂണിവേഴ‌്സിറ്റി ...

പി ആർ ദീപ്‌തിUpdated: Wednesday Jun 19, 2019

സരസ്വതിയമ്മ ഔഷധസസ്യത്തോട്ടത്തിൽ

കൊല്ലം

 ഊറാവും ആങ്കോലും അമൽപ്പൊരിയും ചങ്ങലംപരണ്ടയും ഇടംപിരിയും വലംപിരിയും  കിരിയാത്തും ഒക്കെ ചേർന്ന‌്  ഇടതൂർന്ന‌് വളരുന്ന തൊടി. കേട്ടിട്ടും കണ്ടിട്ടുമില്ലാത്ത എണ്ണിയാൽ ഒടുങ്ങാത്ത അത്യപൂർവ ഔഷധ സസ്യങ്ങളുടെ കലവറ. ഇത് ഏതെങ്കിലും വൻകിട ഔഷധ നിർമാണക്കമ്പനിയുടെ തോട്ടമെന്നു കരുതിയെങ്കിൽ തെറ്റി. 

    സരസ്വതിയമ്മ സ്വന്തം വീട്ടിൽ നടത്തുന്ന ആയുർവേദ യൂണിവേഴ‌്സിറ്റിയുടെ ഭാഗമാണ‌് ഇവയെല്ലാം. എന്തെങ്കിലും ഒന്ന് നട്ടു നനയ്ക്കാതെ എങ്ങനെ ജീവിക്കാനാകുമെന്ന ചോദ്യമെറിയുന്ന സരസ്വതിയമ്മയുടെ വീട്ടങ്കണത്തിൽ  നിറയെ ഹരിതകാന്തിയോടെ തലയാട്ടി നിൽക്കുകയാണ് ഔഷധസസ്യങ്ങൾ. 

   അന്യമാകുന്ന അത്യപൂർവ സസ്യങ്ങളുടെ  കാവലാളാകുന്ന ഈ റിട്ട. കെഎസ‌്ഇബി സൂപ്രണ്ടിന‌് നാട്ടുവൈദ്യം  അത്ര വശമില്ലെങ്കിലും ഓരോ ചെടികളുടെയും ശാസ‌്ത്രനാമവും ഗുണവും ഉപയോഗവും എല്ലാം ഹൃദിസ്ഥം. ഒടിഞ്ഞ എല്ലുകളെ മെനഞ്ഞ‌ു ചേർക്കാൻ കഴിവുള്ള  ഊറാവ്, രക്തസമ്മർദം  കുറയ‌്ക്കുന്ന അമൽപ്പൊരി, പ്രമേഹത്തെ ശമിപ്പിക്കുന്ന നോനി, പേപ്പട്ടി വിഷത്തിന് ഫലപ്രദമായ ആങ്കോൽ, നിത്യയൗവനം പ്രദാനംചെയ്യുന്ന മൃതസഞ്ജീവനി, ശിഖരംമുറിച്ചാൽ ഒരു കുമ്പിൾ ശുദ്ധവെള്ളം ലഭിക്കുന്ന പുല്ലാനി, തളർവാതത്തിന‌ുള്ള ഒറ്റമൂലി കൈയ‌്പനരഞ്ചി  എന്നിവയൊക്കെ പരിപാലിക്കുന്ന ചവറ പുതുക്കാട് കളീലിൽ വീട്ടിൽ  സരസ്വതിയമ്മ ഉള്ളിൽ പേറുന്നത‌് ഈ സസ്യങ്ങൾ ഒക്കെ നാട്ടിടങ്ങളിൽ വ്യാപിപ്പിക്കണമെന്ന മോഹം മാത്രം. ഇക്കാരണത്താൽ തന്നെ ഇവയുടെ തൈകൾ ഉൽപ്പാദിപ്പിച്ച‌് സൗജന്യമായാണ‌് വിതരണവും.

       ഔദ്യോഗിക ജീവിതത്തിന്റെ തിരക്ക് ഒഴിഞ്ഞതോടെയാണ‌് കാലങ്ങളായി മനസ്സിൽ സൂക്ഷിച്ചിരുന്ന സ്വപ്നപദ്ധതി ഇവരിൽ തലപൊക്കിയത്. യാത്രയ‌്ക്കിടെ  റോഡരികിൽ കാണുന്ന പച്ചപ്പുകളിലെല്ലാം ഇവരുടെ കണ്ണോടും. പിന്നെ കാടും  പടർപ്പുമൊക്കെ  പറിച്ചുകെട്ടി കൊണ്ടുവരും കാറിലേക്ക‌്.  തിരുപ്പതിയിലെ പടികൾ കയറവെയാണ‌്  കുഷ‌്ഠം ഉൾപ്പെടെയുള്ള ത്വക‌് രോഗങ്ങൾക്ക‌്  പ്രയോജനപ്രദമായ ആടുതീണ്ടാപ്പാല സ്വന്തമാക്കിയത‌്. നീർമാതളവും ഇവിടെനിന്നു ലഭിച്ചതിൽപ്പെടുന്നു.    

  മരുത്വാമലയിൽനിന്നാണ‌് ജലസ‌്തംഭിനി എത്തിച്ചത‌്. ഇതിന്റെ അഞ്ച‌് ഇല പിഴിഞ്ഞ‌ുള്ള  സത്തിൽ വെള്ളം ചേർത്താൽ  കിട്ടുന്ന ജെല്ല്  കഴിച്ചാൽ ഒരാഴ‌്ചയോളം ക്ഷീണവും വിശപ്പും ഉണ്ടാകില്ലെന്ന‌്  ഈ  വീട്ടമ്മ പറയുന്നു. മുനിമാരുടെ ഇഷ്ടവിഭവമായിരുന്നു ഇത‌്.  ഇലകൾ തന്നെ  വളം. ചകിരിച്ചോറും വിതറും.അപൂർവ സസ്യങ്ങൾ തേടി കേരളത്തിലെ മിക്ക ആയുർവേദ മെഡിക്കൽ കോളേജുകളിൽനിന്നും അധ്യാപകർ ഇവിടെ എത്താറുണ്ട്. ചെടികൾ നൽകുന്നതിനൊപ്പം ആവശ്യക്കാർക്ക‌്  ദന്തപ്പാല എണ്ണ തയ്യാറാക്കി നൽകുന്നുണ്ട് ഈ വീട്ടമ്മ. സോറിയാസിസിനും താരനും ഉത്തമമായ എണ്ണ പല്ലിനും ബലമേകും. ഇതിനൊപ്പം  കേശവർധിനിക്കുള്ള നീലഅമരി എണ്ണയും  ഉണ്ട‌്.  

   ഔഷധക്കൃഷി ഇവർക്ക് ഒരു ജീവിതരീതിയാണ്. അതുകൊണ്ട‌് തന്നെ ലാഭനഷ്ടക്കണക്ക് ഇവരുടെ പാഠപുസ്തകത്തിലില്ല.  ആരോഗ്യകരമായ ജീവിതം തന്നെയല്ലേ ഏറ്റവും ലാഭകരം എന്ന  കാഴ‌്ചപ്പാടുതന്നെ  സരസ്വതിയമ്മയെ വ്യത്യസ‌്തമാക്കുന്നു.  ഓൾ ഇന്ത്യ ആയുർവേദ മെഡിക്കൽ അസോസിയേഷൻ കർഷകമിത്രം അവാർഡിന‌് അർഹയായിട്ടുണ്ട‌്.  കുച്ച‌് ബിഹാറിൽ നടന്ന അന്താരാഷ്ട്ര ആയുർവേദ സെമിനാറിൽ കേരളത്തെ പ്രതിനിധീകരിച്ചു.  പരേതനായ വിജയകുമാര ഗുരുക്കളാണ‌് ഭർത്താവ‌്. മകൾ കൊച്ചിൻ യൂണിവേഴ‌്സിറ്റി സയന്റിസ്റ്റ‌്  വിനീത.

പ്രധാന വാർത്തകൾ
 Top