27 June Thursday
വീട്ടമ്മയുടെയും മകളുടെയും ആത്മഹത്യ

നാളെ കസ‌്റ്റഡി അപേക്ഷ നൽകും

വെബ് ഡെസ്‌ക്‌Updated: Sunday May 19, 2019
പാറശാല 
മലയിക്കടയിൽ വീട്ടമ്മയും മകളും ആത്മഹത്യ ചെയ‌്ത സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ‌്റ്റഡിയിൽ ലഭിക്കാൻ തിങ്കളാഴ‌്ച പൊലീസ‌് അപേക്ഷ നൽകും. വീട്ടമ്മയുടെ ഭർത്താവ് ചന്ദ്രൻ, ഇയാളുടെ അമ്മയുടെ അനുജത്തിയുടെ ഭർത്താവ‌് കാശിനാഥൻ എന്നിവരെ കസ‌്റ്റഡിയിൽ വാങ്ങാനാണ‌് നെയ്യാറ്റിൻകര കോടതിയിൽ അപേക്ഷ സമർപ്പിക്കുന്നത‌്.
 
നിലവിൽ ലഭിച്ച തെളിവുകൾ, മൊഴി എന്നിവ അടിസ്ഥാനമാക്കിയാകും ചോദ്യം ചെയ്യൽ. ചന്ദ്രന്റെ അമ്മ കൃഷ‌്ണമ്മ, ഇവരുടെ സഹോദരി ശാന്ത എന്നിവരെ കസ‌്റ്റഡിയിൽ വാങ്ങില്ലെന്ന‌് വെള്ളറട സിഐ ബിജു വി നായർ പറഞ്ഞു. ഇവർക്ക‌് എതിരെ മതിയായ തെളിവുകൾ ഉള്ളതിനാലും പ്രായാധിക്യം പരിഗണിച്ചുമാണിത‌്. ഇതേസമയം പ്രതികളുടെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ‌്ച പരിഗണിക്കുന്നുണ്ട‌്.
ആത്മഹത്യശ്രമത്തിന‌് ഉത്തരവാദി ചന്ദ്രനാണെന്ന‌് ലേഖ മരിക്കുന്നതിന‌് മുമ്പ‌് പറഞ്ഞതായി വെളിപ്പെടുത്തിയ രണ്ട‌ു പേരുടെ മൊഴി പൊലീസ‌് രേഖപ്പെടുത്തി. ഇവരെ പിന്നീട‌് മജിസ‌്ട്രേറ്റിന‌് മുമ്പാകെ ഹാജരാക്കും. ശനിയാഴ‌്ച പരിസരവാസികളായ ആറ‌ു പേരെ പൊലീസ‌് ചോദ്യം ചെയ‌്തു. ലേഖയെയും മകൾ വൈഷ‌്ണവിയെയും ആശുപത്രിയിൽ എത്തിച്ച ആംബുലൻസ‌് ജീവനക്കാരുടെയും മൊഴിയെടുത്തു.തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി കുടുംബത്തിന്റെ വായ‌്പാരേഖകൾ ഹാജരാക്കാൻ കനറാ ബാങ്ക‌് അധികൃതരോടും നിർദേശിച്ചിട്ടുണ്ട‌്. ചന്ദ്രനുമായി ബന്ധം പുലർത്തിയിരുന്ന മന്ത്രവാദിക്കായും അന്വേഷണം പുരോഗമിക്കുന്നു. ചൊവ്വാഴ‌്ചയാണ‌് മലയിക്കടയിലെ വീട്ടിൽ ലേഖയും മകൾ വൈഷ‌്ണവിയും തീകൊളുത്തി ആത്മഹത്യ ചെയ‌്തത‌്.
പ്രധാന വാർത്തകൾ
 Top