24 May Friday

ആളിപ്പടരും സംഗീതവുമായി ‘നാടിന്റെ തീപ്പാട്ടുസംഘം’

സ്വന്തം ലേഖകന്‍Updated: Friday Apr 19, 2019

 

കൊല്ലം
‘കൊല്ലത്തിനൊരു വോട്ട‌്... വികസനത്തിനൊരു വോട്ട‌്... കെ എൻ ബാലഗോപാലിനൊരു വോട്ട‌്....’ കൊല്ലം പാർലമെന്റ‌് മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി കെ എൻ ബാലഗോപാലിന്റെ തെരഞ്ഞെടുപ്പ‌് പ്രചാരണത്തിന‌് സംഗീതവും നൃത്തവും കൊണ്ട‌് നവ്യാനുഭവം പകർന്നുനൽകുകയാണ‌് ‘നാടിന്റെ തീപ്പാട്ടുസംഘം’. കലയുടെ രാഷ്ട്രീയംകൊണ്ട‌് പ്രതിസന്ധികളെ എരിച്ചുകളയുകയാണ‌് അവർ. ഡൽഹിയിൽനിന്നുള്ള സംഘം 3200 കിലോമീറ്ററുകളോളം സഞ്ചരിച്ച‌് എത്തിയത‌് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കനലുകൾ പേറുന്ന കൊല്ലത്താണ‌്. വ്യാഴാഴ‌്ച പകൽ കൊല്ലം നഗരത്തിലും സമീപ പ്രദേശങ്ങളിലും പര്യടനം നടത്തി. പരിപാടി കാണാനെത്തിയവരോടെല്ലാം കെ എൻ ബാലഗോപാലിനുവേണ്ടി വോട്ട‌് അഭ്യർഥിച്ചു. കേവലം ഒരു പ്രചാരണം എന്നതിലുപരി വിവിധ രാഷ്ട്രീയ പ്രശ‌്നങ്ങളെ ജനങ്ങളിലേക്ക‌് എത്തിക്കുകയാണ‌് പന്ത്രണ്ടോളം വരുന്ന കലാകാരന്മാർ. ഡൽഹി ജവഹർലാൽ നെഹ‌്റു യൂണിവേഴ‌്സിറ്റിയിലെ വിദ്യാർഥികൾ മുതൽ കൂലിപ്പണിക്കാർ വരെ സംഘത്തിലുണ്ട‌്. മലയാളത്തിലെ നാടൻപാട്ടു മാത്രമല്ല  ഇന്ത്യയിലെ വിവിധ ഭാഷയിലുള്ള നാടൻപാട്ടുകളും വിപ്ലവഗാനങ്ങളും ആലപിച്ച‌് ഭാഷയിലുള്ള വേർതിരിവുകളെ അവർ ഇല്ലാതാക്കുന്നു. ബോബ‌് മാർലിയുടെ പാട്ടുകളും ക്യൂബൻ സംഗീതജ്ഞൻ കാർലോസ‌് പ്യൂബ്ലയുടെ പ്രശസ‌്തമായ ചെ ഗുവേരയെക്കുറിച്ചുള്ള പാട്ടും കാണികളെ ആവേശത്തിലാക്കി.  
പാട്ടുപാടുക മാത്രമല്ല ബിജെപി സർക്കാരിന്റെ കാലത്ത‌് നടന്ന പശുവിന്റെ പേരിലുള്ള കൊലപാതകത്തെയും മതവർഗീയവാദികൾ കൊന്ന മഹാരാജാസ‌് കോളേജ‌് വിദ്യാർഥി അഭിമന്യുവിനെയും കുറിച്ചും ജനങ്ങളോട‌് സംവദിച്ചു. ഭരണഘടന ഉറപ്പുനൽകുന്ന പൗരന്റെ സ്വാതന്ത്ര്യങ്ങൾക്ക‌് മുറിവേൽക്കുന്ന കാലത്ത‌് സംഗീതത്തിലൂടെ പ്രതിരോധം തീർക്കുകയാണ‌് സംഘം. ‘സമൂഹത്തിൽ ഒരാളെങ്കിലും ഞങ്ങളെ പിന്തുണയ‌്ക്കാനുണ്ടെങ്കിൽ ഞങ്ങൾ ഇനിയും പാടും. അതുതന്നെയാണ‌് ഞങ്ങൾക്കുള്ള പ്രചോദനം ’. ഇതുപറയുമ്പോൾ അവരുടെ പ്രതിരോധത്തിന്റെ രാഷ്ട്രീയം ജനങ്ങളോട‌് വിളിച്ചുപറയുകയാണ‌്.  കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ എൽഡിഎ‌ഫ‌് സ്ഥാനാർഥികൾക്കു വേണ്ടിയുള്ള പ്രചാരണത്തിന്റെ തിരക്കിലാണ‌് നാടിന്റെ തീപ്പാട്ടുസംഘം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top