21 February Thursday

ബിജെപിയുടെ അസ‌്തമയ കാലം: എ വിജയരാഘവൻ

സ്വന്തം ലേഖകൻUpdated: Saturday Jan 19, 2019

 ശൂരനാട‌്

ഇന്നത്തെ ഇന്ത്യൻ രാഷ‌്ട്രീയത്തിൽ ബിജെപിയുടെ അസ‌്തമയകാലം ആകുന്നുവെന്നാണ‌് അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പ‌് ഫലങ്ങൾ  സൂചിപ്പിക്കുന്നതെന്ന‌് എൽഡിഎഫ‌് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. ശൂരനാട‌് രക്തസാക്ഷിത്വത്തിന്റെ 70–-ാം വാർഷിക ദിനാചരണ സമ്മേളനം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യംകണ്ട എറ്റവുംവലിയ ജനദ്രോഹ സർക്കാരാണ‌് കേന്ദ്രംഭരിക്കുന്നത‌്.രാജ്യം സാമ്പത്തികമായി അനുദിനം തകരുകയാണ‌്.
കർഷകർ  ഉൾപ്പെടെ എല്ലാ ജനവിഭാഗങ്ങളും ദുരിതത്തിലാണ‌്. വ്യവസായ വളർച്ചയില്ല‌, തൊഴിലില്ലായ‌്മ അതിരൂക്ഷമാണ‌്. തൊഴിൽ ഇല്ലാത്തവരുടെ കണക്ക‌ുപോലും സൂക്ഷിക്കാത്ത സർക്കാരാണ‌് കേന്ദ്രംഭരിക്കുന്നത‌്. വർഗീയതകൊണ്ട‌് നാടിന‌് ഒരുഗുണവുമില്ല. വർഗീയ സംഘർഷം സൃഷ‌്ടിച്ചാൽ നാട്ടിൽ വികസനവും വളർച്ചയും ഉണ്ടാകില്ല. 
സംഘപരിവാറിന്റെ ലക്ഷ്യം ജനങ്ങളെ ഭിന്നിപ്പിക്കലാണ‌്. മറ്റ‌ു മതസ്ഥരെ വിദ്വേഷത്തോടെ കാണാൻ ഹിന്ദുമതം പഠിപ്പിക്കുന്നില്ല. ഹിന്ദുമതത്തെ ദുരുപയോഗം ചെയ്യുകയാണ‌് സംഘപരിവാർ. ഇത‌ു നാടിനെ പുറകോട്ട‌് കൊണ്ടുപോകും. രാജ്യംകണ്ട എറ്റവും പരാജിത സർക്കാരാണ‌് മോഡിയുടേത‌്. തെരുവ‌് ഗുണ്ടകളെപോലെ സംഘപരിവാറുകാർ പെരുമാറുന്നു. ഇതിന‌ു കീഴടങ്ങി മുന്നോട്ട‌ുപോകാൻ നാടിനാവില്ല. സാമൂഹ്യ തിന്മകളെ  നാട‌് ചോദ്യംചെയ്യും. രാജ്യത്തെ പാവങ്ങളെ സംരക്ഷിക്കാതെ വലിയ പ്രതിമകൾ സൃഷ‌്ടിച്ചതുകൊണ്ട‌് കാര്യമില്ല. ഇത‌് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ‌്. ബിജെപിക്ക‌് ബദലാകാൻ രാജ്യത്ത‌് കോൺഗ്രസിന‌് ശേഷിയില്ല. അവരുടെ നയം മൃദുഹിന്ദുത്വമാണ‌്. രാജ്യത്ത‌് ജനാധിപത്യ മതേതര ശക്തികൾക്ക‌് കരുത്ത‌ുപകരേണ്ടത‌് കേരളമാണ‌്. കേരളത്തിലെ ഇടത‌ുപക്ഷ സർക്കാർ ജനപക്ഷത്ത‌ുനിന്നാണ‌് പ്രവർത്തിക്കുന്നത‌്. ഏറ്റവുംവലിയ സാമൂഹ്യക്ഷേമപദ്ധതികൾ നടപ്പാക്കുന്നതും കേരളത്തിൽതന്നെ. ശബരിമല വിഷയത്തിൽ ഹിന്ദു ധ്രുവീകരണത്തിനാണ‌് ആർഎസ‌്എസ‌് ശ്രമിക്കുന്നത‌്. ശബരിമലയെ സംരക്ഷിക്കാനാണ‌് സർക്കാർ ശ്രമിക്കുന്നത‌്–- വിജയരാഘവൻ പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top