22 October Thursday

ചെങ്കൊടി ഉയർന്നു നാടാകെ

സ്വന്തം ലേഖകൻUpdated: Sunday Oct 18, 2020

കമ്യൂണിസ്റ്റ്‌ പാർടി ഓഫ്‌ ഇന്ത്യ രൂപീകരണത്തിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി കുണ്ടറയിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം കെ എൻ ബാലഗോപാൽ, മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ എന്നിവരുടെ നേതൃത്വത്തിൽ തിരി തെളിക്കുന്നു

കൊല്ലം
കമ്യൂണിസ്റ്റ്‌ പാർടി ഓഫ്‌ ഇന്ത്യ രൂപീകരണത്തിന്റെ 100–-ാം വാർഷികം ജില്ലയിൽ സിപിഐ എം നേതൃത്വത്തിൽ ആഘോഷിച്ചു. പാർടി ഓഫീസുകളിലും ബ്രാഞ്ച്‌ കേന്ദ്രങ്ങളിലും രാവിലെ പതാക ഉയർത്തിയായിരുന്നു ആഘോഷം. 
   ജില്ലയിൽ 3000 ബ്രാഞ്ചിൽ ശനിയാഴ്‌ച രാവിലെ ചെങ്കൊടി ഉയർത്തി. ചില ബ്രാഞ്ചുകളിൽ ഒന്നിലധികം കേന്ദ്രങ്ങളിലും ഏരിയ, ലോക്കൽ കമ്മിറ്റി ഓഫീസുകളിലും രക്തപതാക ഉയർന്നു. പ്രധാന കേന്ദ്രങ്ങളും തൊഴിലിടങ്ങളും കൊടിതോരണങ്ങളാൽ‌ അലങ്കരിച്ചിരുന്നു. കമ്യൂണിസ്റ്റ്‌ പാർടി രൂപീകരണത്തിന്റെ 100–-ാം വാർഷികം വിളംബരം ചെയ്യുന്ന പോസ്റ്ററുകളും ബോർഡുകളും സ്ഥാപിച്ചു. നവ മാധ്യമങ്ങളിലും വലിയ പ്രചാരണങ്ങളും സന്ദേശങ്ങളുമാണ്‌ നടന്നത്‌. 
കൊല്ലത്ത്‌ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ എൻ എസ്‌ സ്‌മാരകത്തിൽ ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ പതാക ഉയർത്തി. പാർടി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ സോമപ്രസാദ്‌ എംപി ഭരണിക്കാവിലും എം എച്ച്‌ ഷാരിയർ ചിന്നക്കടയിലും സൂസൻകോടി കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര തെക്കും പതാക ഉയർത്തി. സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ ട്രഷറർ എ എം ഇക്‌ബാൽ പതാക ഉയർത്തി. 18 ഏരിയയിലും തൊഴിൽ കേന്ദ്രങ്ങളിലും ചെങ്കൊടി ഉയർന്നു.
കുണ്ടറയിൽ അഞ്ചിടങ്ങളിലായി 100 ചിരാതുകൾ തെളിയിച്ചു. കെ എൻ ബാലഗോപാൽ, മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ ബി തുളസീധരക്കുറുപ്പ്‌, എൻ എസ്‌ പ്രസന്നകുമാർ, ജില്ലാ കമ്മിറ്റിയംഗം സി ബാൾഡുവിൻ എന്നിവർ പങ്കെടുത്തു. ഏരിയ സെക്രട്ടറി എസ്‌ എൽ സജികുമാർ പ്രചോദനഗാനം ചൊല്ലി. മുതിർന്ന നേതാക്കളെ ആദരിച്ചു.
 
 
 
ബിജെപിയുടെ ആയുധം‌ വർഗീയത‌: കെ എൻ ബാലഗോപാൽ 
സ്വന്തം ലേഖകൻ
ചാത്തന്നൂർ 
ഭരണം നിലനിർത്താൻ ലോകത്തെ മുതലാളിത്ത ഭരണാധികാരികൾ തീവ്രവർഗീയതയും വംശീയതയും ഉപയോഗിക്കുകയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം കെ എൻ ബാലഗോപാൽ പറഞ്ഞു. ഇത്‌ തന്നെയാണ്‌ ഇന്ത്യയിൽ ബിജെപിയും ആയുധമാക്കുന്നത്. 
കമ്യൂണിസ്റ്റ്‌ പാർടി ഓഫ്‌ ഇന്ത്യ രൂപീകരണത്തിന്റെ 100–-ാം വാർഷികത്തോട്‌ അനുബന്ധിച്ച്‌ സിപിഐ എം ചാത്തന്നൂർ ഏരിയ കമ്മിറ്റി ഫെയ്‌സ്‌ബുക്ക് വഴി സംഘടിപ്പിച്ച പരിപാടിയിൽ ‘വർഗീയതയുടെ കാലത്ത്‌ വർഗസമരം’ വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സർക്കാർ രാജ്യത്ത് കൊണ്ടുവന്ന പല നയങ്ങളും അവർ ഇന്നലകളിൽ പറഞ്ഞതും വാഗ്ദാനങ്ങളുമല്ല നടപ്പാക്കുന്നതെന്ന്‌ രാജ്യത്തെ ജനങ്ങൾ തിരിച്ചറിയുന്നു. അതിന്റെ ഭാഗമായാണ് രാജ്യത്ത് പലയിടങ്ങളിലും വലിയ പ്രക്ഷോഭങ്ങൾ ഉടലെടുക്കുന്നത്. വിദ്യാഭ്യാസ–-തൊഴിൽ നയങ്ങളും കർഷക ബില്ലും ജനവിരുദ്ധമാണ്‌. 
സമസ്ത മേഖലകളും തകർത്ത് സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കിയ മോഡി സർക്കാർ വൻകിട കോർപ്പറേറ്റുകൾക്ക് കുടപിടിക്കുകയാണെന്നും  ബാലഗോപാൽ ചൂണ്ടികാട്ടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top