13 November Wednesday

കമോൺ... കയർച്ചട്ടിയിൽ കൃഷിയിറക്കാം

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019

ഭിന്നശേഷിക്കാരായ കുട്ടികൾ നിർമിച്ച കയർ ചെടിച്ചട്ടികളിൽ കൃഷിയിറക്കിയപ്പോൾ

കൊല്ലം
കൃഷിയിറക്കാൻ സ്ഥലമില്ലാത്തവർക്കിടയിൽ അടുക്കളത്തോട്ടമൊരുക്കാൻ  ഗ്രോബാഗുകളായിരുന്നു താരം. എന്നാൽ, പ്ലാസ്റ്റിക്കിൽ തോട്ടമുണ്ടാക്കാൻ മടിച്ചവരുമുണ്ട്‌. 
അവർക്കാണ്‌ നീണ്ടകര കൃഷിഭവന്റെ പുത്തൻ പരീക്ഷണം ഗുണകരമാകുക. ഗ്രോബാഗുകൾക്കു പകരം ഉപയോഗിക്കാവുന്ന കയർനിർമിത ചട്ടികളാണ് പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ച് വിജയം കണ്ടത്. പരിസ്ഥിതിക്ക് കോട്ടമില്ലാതെ പച്ചക്കറികളടക്കം നട്ടുവളർത്താൻ കയർനിർമിത ചെടിച്ചട്ടികൾ ഉപകരിക്കുമെന്ന് കൃഷിഭവൻ  തെളിയിച്ചു. 
പെരിനാട് പഞ്ചായത്തിന്റെ പരിധിയിലുള്ള ചെറുമൂട് ശിവൻമുക്കിലെ പകൽപരിചരണ കേന്ദ്രത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ കരവിരുതിലാണ് കയർ ഭൂവസ്ത്രം ചെടിച്ചട്ടികളുടെ നിർമാണം. 
ചെടിച്ചട്ടികൾക്ക് ഒന്നിന് വില 40 രൂപയാണ്. രണ്ടുവർഷമായി ഈ സംവിധാനം പരിചരണകേന്ദ്രത്തിൽ പരീക്ഷിച്ചുവരികയാണ്. വെണ്ട,  വഴുതന, തക്കാളി,  പച്ചമുളക്, കോളിഫ്ലവർ എന്നിവ വിജയകരമായാണ് കൃഷിചെയ്തത്. ചെടിച്ചട്ടിയിൽ ചിതൽ വരാതിരിക്കാൻ കരിഓയിൽ ഒഴിച്ചശേഷമാണ് മണ്ണ് നിറയ്‌ക്കുന്നത്.
ഭിന്നശേഷിക്കാരായ കുട്ടികൾ നിർമിച്ച ഈ കയർനിർമിത ചെടിച്ചട്ടികൾ 170 എണ്ണമാണ് നീണ്ടകര കൃഷിഭവൻ വാങ്ങിയത്. അവ കർഷകർക്ക് വിതരണംചെയ്ത്‌ കൃഷി വിജയിപ്പിക്കാനായി. പ്രകൃതിയോടിണങ്ങിയുള്ള കൃഷിരീതികൾക്ക് മാറ്റം വരുത്താനും കയർ നിർമാണ മേഖലയ്ക്ക് കൈത്താങ്ങാകാനും പുതുപരീക്ഷണത്തിനാകുമെന്ന് കൃഷി ഓഫീസർ വി ജി ഹരീന്ദ്രൻ പറഞ്ഞു. 
കൂടുതൽ ചെടിച്ചട്ടികൾ വാങ്ങി കർഷകർക്ക് വിതരണംചെയ്ത് കൃഷി പ്രോത്സാഹിപ്പിക്കുമെന്നും അറിയിച്ചു. മറ്റു പഞ്ചായത്തുകളിലേക്കും ഇവ കൈമാറും.
പ്രധാന വാർത്തകൾ
 Top