13 November Wednesday

വിജയക്കതിർ ചൂടി കരനെൽക്കൃഷി

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019
പുനലൂർ 
പരീക്ഷണമായി ചെയ്ത കരനെൽക്കൃഷി നൂറുമേനി വിളവ്‌ സമ്മാനിച്ചതിന്റെ സന്തോഷത്തിലാണ്‌ റിട്ട. ഗവൺമെന്റ്‌ ഉദ്യോഗസ്ഥ ഇന്ദിരയും ഭർത്താവ്‌ സുകുമാരനും. തെന്മല പഞ്ചായത്ത്‌ ഒമ്പതാം വാർഡിലെ  ഉറുകുന്ന് കോളനിയിലെ താമസക്കാരായ ഇവരുടെ രണ്ടേക്കറോളം വരുന്ന കരഭൂമിയിലാണ്‌ കൃഷി  ഇറക്കിയത്. 
ഉമ ഇനത്തിൽപ്പെട്ട നെൽവിത്താണ് വിതച്ചത്‌. കൃഷിയോട് താൽപ്പര്യമുണ്ടായിരുന്നെങ്കിലും സർവീസിൽനിന്നു വിരമിച്ചശേഷമാണ്‌ ഇവർ കൃഷിയിലെത്തുന്നത്‌.  തെന്മല പഞ്ചായത്തിലെ മികച്ച കർഷകയ്ക്കുള്ള അവാർഡ്‌ ഇന്ദിരയ്‌ക്കു ലഭിച്ചിരുന്നു. കൃഷിക്കാവശ്യമായ സഹായം ഇടമൺ കൃഷിഭവനിൽനിന്നാണ്‌ ഇന്ദിരയ്ക്കു ലഭിച്ചത്‌. ഇടമൺ കൃഷിഭവന്റെയും  തെന്മല പഞ്ചായത്തിന്റെയും നേതൃത്വത്തിലായിരുന്നു കൊയ്ത്തുത്സവം.
 തെന്മല പഞ്ചായത്ത് പ്രസിഡന്റ് ആർ ലൈലജ ഉദ്ഘാടനംചെയ്തു.  വൈസ് പ്രസിഡന്റ്‌ എം ഗോപിനാഥപിള്ള അധ്യക്ഷനായി. കൃഷി ഓഫീസർ അംജിത ഹബീബ്, വാർഡ്‌അംഗം സജികുമാരി സുഗതൻ തുടങ്ങിയവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top