19 October Saturday

നാടാകെ പടരും കശുമാവ്‌

സ്വന്തം ലേഖകന്‍Updated: Wednesday Sep 18, 2019

വിതരണത്തിനു തയ്യാറായ കശുമാവിൻ തൈകൾ

പുനലൂർ
കേരളത്തിലെ മലയോര മേഖലയിൽ കർഷകർക്ക് പ്രതീക്ഷയുടെ പച്ചപ്പായി കശുമാവ് കൃഷി സജീവമാകുന്നു. മൂന്നുവർഷം കൊണ്ട്‌ അഞ്ചുലക്ഷം തൈകൾ സംസ്ഥാന കശുവണ്ടി വികസന കോർപറേഷനും കശുമാവ് വികസന ഏജൻസികളും വിതരണംചെയ്തു. നട്ട് ഒന്നാംവർഷം ഫലം ലഭിക്കുന്ന അത്യുൽപ്പാദന ശേഷിയുള്ള തൈകളാണ്‌ നൽകിയത്‌. 10,000 ഏക്കർ സ്ഥലത്തുകൂടി കശുമാവ്‌ കൃഷി വ്യാപിപ്പിക്കാൻ കശുവണ്ടി വികസന കോർപറേഷൻ ലക്ഷ്യമിടുന്നു.  
റബർ കൃഷിക്ക് യോഗ്യമല്ലാത്ത സ്ഥലത്ത് കശുമാവു നട്ട്‌  10കോടി രൂപയുടെ വരുമാനമാണ് കേരള പ്ലാന്റേഷൻ കോർപറേഷൻ കഴിഞ്ഞ വർഷം നേടിയത്‌. ആറളം ഫാമിലെ കഴിഞ്ഞ സീസണിലെ വരുമാനം നാലു കോടിയാണ്‌. പുനലൂരിലെ റിഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡിൽ (ആർപിഎൽ) മൂന്നുവർഷം കൊണ്ട്‌ കശുമാവ്‌ കൃഷി മൂന്നിരട്ടിയായി വർധിച്ചു. ഓയിൽപാം എസ്റ്റേറ്റുകളിൽ 18,000 തൈകൾ 
നട്ടു. 
പുനലൂരിൽ ബി ബി റബർ എസ്റ്റേറ്റും റോക്ക്‌വുഡ്‌ എസ്റ്റേറ്റും തെന്മല വാലിയിൽ ഉൾപ്പെടെ ഹാരിസൺ മലയാളം പ്ലാന്റേഷനും അമ്പനാട് ടിആർ ആൻഡ്‌ ടി എസ്റ്റേറ്റും പുനലൂർ പേപ്പർമില്ലും ഏക്കറുകണക്കിനു സ്ഥലത്ത് മാതൃകാ കശുമാവ് തോട്ടം ഒരുക്കി.  കേരള സ്റ്റേറ്റ് ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷനും കശുമാവ് കൃഷി പ്രോത്സാഹിപ്പിക്കുന്നു.
പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്വകാര്യ കശുവണ്ടി ഫാക്ടറികൾക്കും പ്രതിവർഷം എട്ടുലക്ഷം മെട്രിക് ടൺ തോട്ടണ്ടിയാണ് ആവശ്യം. നിലവിൽ കേരളത്തിൽ തോട്ടണ്ടിയുടെ ആഭ്യന്തര ഉൽപ്പാദനം 80,000 മെട്രിക് ടൺ മാത്രമാണ്. കൂടുതൽ തോട്ടണ്ടിക്കായി കേരളം ഉൾപ്പെടെ ആശ്രയിക്കുന്നത് വിദേശ രാജ്യങ്ങളെയാണ്. ആഫ്രിക്കൻ രാജ്യങ്ങൾ സ്വന്തമായി പ്രോസസിങ് യൂണിറ്റുകൾ തുടങ്ങിയതോടെ കയറ്റുമതി കുറച്ചു. ഇതോടെ ഗുണനിലവാരമുള്ള തോട്ടണ്ടി ലഭിക്കുന്നതിൽ കുറവുണ്ടായി. ഇതിനെ അതിജീവിക്കാനും തോട്ടണ്ടി ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തത നേടാനുമാണ് സർക്കാർ കശുമാവ് കൃഷി വ്യാപിപ്പിക്കുന്നതെന്ന്‌ കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ 
പറഞ്ഞു. 
 വിതരണത്തിനായി അഞ്ചുലക്ഷം തൈകൾ കൊട്ടിയത്തെ നേഴ്സറിയിൽ തയ്യാറായിട്ടുണ്ട്. കർഷകർക്ക്‌ നേരിട്ടും ഓൺലൈൻ ബുക്കിങ്ങിലൂടെയും വാങ്ങാം. കൊട്ടിയത്ത് മോഡൽ ഗാർഡനും ക്രമീകരിച്ചിട്ടുണ്ട്. 10 രൂപയാണ്‌ കശുമാവ് തൈയുടെ ഉൽപ്പാദനച്ചെലവ്. ഒരു കിലോ തോട്ടണ്ടിക്ക് 140 രൂപ വരെ ലഭിക്കും. എല്ലാ ജില്ലകളിലും കശുമാവ് വികസന ഏജൻസി കൃഷി മാർഗനിർദേശങ്ങൾ, സാങ്കേതിക സഹായങ്ങൾ എന്നിവ 
നൽകുന്നുണ്ട്‌.
പ്രധാന വാർത്തകൾ
 Top