11 December Wednesday

കണ്ണീർപൂക്കളായി 3 കുരുന്നുകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019

അച്ഛൻ മരിച്ച്‌ ആഴ്‌ചകൾക്കകം ജ്യോതിഷും

ശാസ്താംകോട്ട

അച്ഛൻ  മരിച്ച്‌ മൂന്നാഴ്‌ച പിന്നിട്ടപ്പോൾ  മകൻ കുഴഞ്ഞുവീണു മരിച്ചു. ചവറ ശങ്കരമംഗലം ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പ്ലസ്‌ വൺ വിദ്യാർഥി പടിഞ്ഞാറെ കല്ലട കണത്താർകുന്നം ജയേഷ് ഭവനിൽ ജ്യോതിഷാണ് (16)മരിച്ചത്. അച്ഛൻ ജയകുമാർ പനിയെ തുടർന്ന്‌ ആഗസ്‌ത്‌ 23നാണ് മരിച്ചത്‌. ആഴ്ചകൾക്കുള്ളിൽ ഒരുകുടുംബത്തിൽ സമാനമായ അസുഖത്താൽ രണ്ടുപേർ മരിക്കാനിടയായതിനെ തുടർന്ന്‌ ആരോഗ്യ വകുപ്പ് അധികൃതർ വീട് പരിശോധിച്ച്‌  ഭക്ഷണ സാമ്പിളുകൾ ശേഖരിച്ചു.  അച്ഛന്റെ മരണശേഷം ചൊവ്വാഴ്ചയാണ്‌ ജ്യോതിഷ്‌ സ്‌കൂളിൽ പോയിത്തുടങ്ങിയത്‌.  സ്കൂളിലെത്തിയ ജ്യോതിഷിന്‌ അസ്വസ്ഥതയും അമിത ചർദിയും ഉണ്ടായതിനെ തുടർന്ന്‌ പരിമണത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട്‌  കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പകൽ 11.30ന് മരിച്ചു.  ജയകുമാറിന്റെ  മരണത്തിനു പിന്നാലെ സമാനമായ രീതിയിലുള്ള സംഭവമായതിനാൽ  സംശയം തോന്നിയ ആശുപത്രി അധികൃതർ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ജ്യോതിഷിന്റെ മരണമറിഞ്ഞ് കുഴഞ്ഞുവീണ സഹോദരൻ ജയേഷും ബന്ധുവായ അനന്ദുകൃഷ്ണനും പാരിപ്പള്ളി മെഡിക്കൽ കേളേജ് ആശുപത്രിയിൽ  ചികിത്സ നേടി.  രണ്ടുപേരുടെ മരണത്തിന്റെ ആഘാതത്തിലാണ്‌ കുടുംബവും നാടും.  വിജയകുമാരിയാണ്‌ ജ്യോതിഷിന്റെ  അമ്മ.

സൈക്കിളിൽനിന്ന്‌ തോട്ടിൽവീണ്‌  3–-ാം ക്ലാസുകാരൻ മരിച്ചു

കരുനാഗപ്പള്ളി

മൂന്നാം ക്ലാസ്‌ വിദ്യാർഥി തോട്ടിൽവീണ് മരിച്ചു.  തഴവ ആദിത്യവിലാസം എൽപി സ്‌കൂൾ വിദ്യാർഥി തഴവ തെക്കുംമുറിക്കിഴക്ക് ബിജുഭവനത്തിൽ തെങ്ങുകയറ്റത്തൊഴിലാളി  പരേതനായ ബാബുവിന്റെയും -സൗമ്യയുടെയും മകൻ  ദേവനാരായണ (എട്ട്‌) നാണ് തഴവയിലെ തോട്ടിൽവീണ് മരിച്ചത്. സ്‌കൂൾ വിട്ടുവന്നശേഷം സൈക്കിൾ ചവിട്ടി പഠിക്കുന്നതിനിടെ വീണതാകാമെന്നാണ്‌ കരുതുന്നത്‌.  തോടിനരികിൽ സൈക്കിൾ കിടക്കുന്നതു കണ്ട് നാട്ടുകാർ തെരച്ചിൽ നടത്തുന്നതിനിടെയാണ്‌ മൃതദേഹം കണ്ടെത്തിയത്‌. ബുധനാഴ്ച  സ്കൂളിൽ പൊതുദർശനത്തിനു വച്ചശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.   ആറുമാസം മുമ്പാണ്‌ അച്ഛൻ ബാബു മരത്തിൽനിന്ന്‌ വീണുമരിച്ചത്‌.  നമിതയാണ്‌ ദേവനാരായണന്റെ സഹോദരി.

സഹായത്തിനു കാത്തുനിൽക്കാതെ ഹാജിറ യാത്രയായി

കൊട്ടിയം

അപൂർവരോഗം ബാധിച്ചു ചികിത്സാസഹായം തേടിയ പെൺകുട്ടി ചികിത്സ തുടങ്ങും മുമ്പ്‌ മരണത്തിനു കീഴടങ്ങി. മൈലാപ്പൂര് കാഞ്ഞിരംവിള വീട്ടിൽ റിയാസിന്റെയും അജ്മിനയുടെയും മകൾ എട്ടുമാസം പ്രായമുള്ള ഹാജിറയാണ് മരിച്ചത്. ശരീരത്തിൽ മജ്ജയില്ലാത്ത അവസ്ഥയായിരുന്നു രോഗം. ജനിച്ചതു മുതൽ രോഗലക്ഷണങ്ങൾ കാട്ടിത്തുടങ്ങി. മൂന്നാം മാസം തിരുവനന്തപുരം എസ്എടിയിൽനിന്ന്‌ വെല്ലൂർ മെഡിക്കൽകോളേജിലേക്ക്‌ ശസ്ത്രക്രിയക്കായി റഫർ ചെയ്തിരുന്നു. 28 ലക്ഷം രൂപ ചെലവുവരുന്ന ശസ്ത്രക്രിയക്കായി സഹായം അഭ്യർഥിച്ച്‌ മേയിൽ ദേശാഭിമാനിയിൽ വാർത്ത നൽകിയിരുന്നു. വാർത്തയുടെ സഹായത്തോടെ ലഭിച്ച തുകയും മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായ ഫണ്ടിൽനിന്നു ലഭിച്ച 20 ലക്ഷം രൂപയുമായി വെല്ലൂർ ആശുപത്രിയിൽ എത്തിയെങ്കിലും ശരീരത്തിൽ ഞരമ്പുകളുടെ പ്രവർത്തനവും ഇല്ലാതായതോടെ ശസ്ത്രക്രിയ മാറ്റിവച്ചു. തിരികെ വീണ്ടും വീട്ടിലെത്തിച്ച കുട്ടിയെ നില വഷളായതിനെത്തുടർന്ന്‌ എസ്എടിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഞായറാഴ്ചയോടെ മരിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top