15 October Tuesday

എസ്‌ഐയുടെ വീട്‌ ആക്രമിച്ച 3 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019
ചവറ സൗത്ത്
ചവറ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ വിനോദിനെ  ഭീഷണിപ്പെടുത്തുകയും വീട്‌ അക്രമിക്കുകയുംചെയ്ത സംഘത്തിലെ മൂന്നുപേരെ ചവറ തെക്കുംഭാഗം പൊലീസ് പിടികൂടി. 
പന്മന സ്വദേശികളായമേക്കാട് ഡാനിഷ് ഭവനില്‍ ഡാനിഷ് ജോര്‍ജ് (34), ചിറ്റൂര്‍ മൈക്കാത്തറ പടീറ്റതില്‍ മനു (34) ചവറ മുകുന്ദപുരം പാത്തന്‍കാവില്‍ കിഴക്കതില്‍  പ്രമോദ് (24) എന്നിവരെയാണ് സിഐ മുഹമ്മദ്‌ ഖാൻ, എസ്ഐ സുജാതന്‍പിള്ള, ഷാഡോ പൊലീസ് എസ്ഐ ജയകുമാര്‍ എന്നിവർ ഉള്‍പ്പെട്ട സംഘം പിടികൂടിയത്. പൊന്മനയിലെ ആള്‍ത്താമസമില്ലാത്ത തുരുത്തില്‍നിന്നാണ് ഇവരെ പൊലീസ് അറസ്റ്റ്ചെയ്തത്.  സംഘത്തില്‍ ഉള്‍പ്പെട്ട കൊച്ചനി, ഇമാനുവല്‍ എന്നിവര്‍ കായലില്‍ച്ചാടി രക്ഷപ്പെട്ടു. തിങ്കഴാഴ്ച രാത്രി 7.15ന്‌ മാരാകായുധങ്ങളുമായി കാറിലെത്തിയ ആറുപേരടങ്ങുന്ന സംഘം ചവറ സൗത്ത്‌ വടക്കുംഭാഗത്തുള്ള വിനോദിന്റെ വീടിന്റെ കതക് ചവിട്ടിപ്പൊളിക്കാന്‍ ശ്രമിക്കുകയും വാള്‍കൊണ്ട് ഭിത്തിയില്‍ വരയുകയും മുറ്റത്തുകിടന്ന കസേരകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ഈ സമയം  വിനോദിന്റെ ഭാര്യയും കുട്ടികളും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. 15 മിനിറ്റോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ഇവര്‍ മടങ്ങിപ്പോകുകയായിരുന്നുവെന്ന് ഭാര്യ പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. ചവറ സ്വദേശിയായ കൊച്ചനിയുടെ സഹോദരനെ ബാറിലെ അടിപിടിയുമായി ബന്ധപ്പെട്ട് ചവറ പൊലീസ് പിടികൂടി സ്റ്റേഷനിൽഎത്തിച്ചിരുന്നു. 
അന്ന് ജിഡി ചാര്‍ജ് വഹിച്ച വിനോദ്  വിരലടയാളം എടുത്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന്‌ പൊലീസ് പറഞ്ഞു. കേസിൽ ഉള്‍പ്പെട്ട മറ്റു പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.
പ്രധാന വാർത്തകൾ
 Top