20 September Friday

‘ബ്ലോക്കി’ൽ കുടുങ്ങി കെഎസ്ആര്‍ടിസി ഇടിഎം

സ്വന്തം ലേഖകന്‍Updated: Sunday Aug 18, 2019
പുനലൂർ 
കെഎസ്ആർടിസി ടിക്കറ്റ് വിതരണത്തിന്  ഉപയോഗിക്കുന്ന ഇലക്ട്രോണിക്ക് മെഷീനുകൾ  നിശ്ചലമാകുന്നു. മെഷീൻ വിതരണം ചെയ്യുന്ന സ്വകാര്യകമ്പനിക്ക് കുടിശ്ശിക വർധിച്ചതോടെ സെർവറുമായുള്ള ബന്ധം കമ്പനി ബ്ലോക്ക് ചെയ്തതാണ് പ്രവർത്തനം നിശ്ചചലമാക്കിയത്. ഇതിന്റെ ഭാഗമായി പുനലൂർ ഡിപ്പോയിലെ സെർവർ ബ്ലോക്ക് ചെയ്തു.
 മൂന്നു ദിവസമായി പുനലൂരിൽ പഴയ ടിക്കറ്റ് റാക്കുകളാണ്‌ ഉപയോഗിക്കുന്നത്‌. കുടിശ്ശിക അടച്ചില്ലെങ്കിൽ  വരും ദിവസങ്ങളിൽ മറ്റു ഡിപ്പോകളിലെ സെർവറുകളും ബംഗളൂരു ആസ്ഥാനമായ കമ്പനി തടയുമെന്നാണ്‌ സൂചന. 
രണ്ടുവർഷമായി പണമില്ല 
രണ്ടുവർഷമായി സ്വകാര്യ കമ്പനിക്ക്‌ കെഎസ്‌ആർടിസി പണം നൽകുന്നില്ല. ഇലക്‌ട്രിക്‌ ടിക്കറ്റ് മെഷീനുകളിൽ  ജിപിഎസ് ഉള്ളതിനാൽ പ്രവർത്തനം കമ്പനിക്ക് പൂർണമായി നിശ്ചലമാക്കാനാകും. മെഷീനുകൾ നിശ്ചലമായതോടെ പുനലൂരിൽ സർവീസുകൾ താളം തെറ്റി. കൊല്ലം, കൊട്ടാരക്കര ഡിപ്പോകളെയും പ്രതിസന്ധി ബാധിച്ചു. 
യാത്രക്കാരന്‌ 4 ടിക്കറ്റ്‌
ഇലക്‌ട്രിക്‌ ടിക്കറ്റ്‌ മെഷീനുകൾ നിശ്ചലമായതോടെ ഉപയോഗിക്കുന്ന പഴയ ടിക്കറ്റ് റാക്കുകൾ വൻ വരുമാന നഷ്ടത്തിന്‌ കാരണമാകുന്നു. ഈ രീതി കണ്ടക്ടർമാരെയും ദുരിതത്തിലാക്കുന്നു. കുറെക്കാലമായി  ഉപയോഗിക്കാതെ കിടന്ന ടിക്കറ്റ് റാക്കുകളാണ് ഉപയോഗിക്കേണ്ടിവരുന്നത്‌. ഇതിൽ മിക്കവയും തകരാറിലാണ്. വേണ്ടത്ര ടിക്കറ്റുകളും ഡിപ്പോയിലില്ല. ബെയ്‌സ് ടിക്കറ്റ്, കോമ്പിനേഷൻ ടിക്കറ്റ്, ഇൻഷുറൻസ് സെസ്, സാദാ സെസ് ഉൾപ്പെടെ നാലുതരം ടിക്കറ്റാണ് ഒരു യാത്രക്കാരനു നൽകേണ്ടി വരുന്നത്. 
കൂടുതൽ യാത്രക്കാർ ഉണ്ടെങ്കിൽ ടിക്കറ്റ് നൽകൽ  പ്രയാസകരമാകും. ഓരോ ഫെയർ പോയിന്റുകൾ പിന്നിടും മുമ്പേ യാത്രക്കാർക്ക് എല്ലാം കൃത്യമായി ടിക്കറ്റ് നൽകാൻ  കഴിയാറില്ല. ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ ഏറെക്കാലമായി ശീലിച്ചവർക്ക് മാനുവൽ ടിക്കറ്റ് റാക്കിന്റെ ഉപയോഗം വഴങ്ങാത്തതും പ്രശ്‌നമാണ്. കൂടുതൽ യാത്രക്കാരെ കയറ്റാതെയാണ് ഇപ്പോൾ മിക്ക ബസുകളുടെയും യാത്ര.
പ്രധാന വാർത്തകൾ
 Top