04 August Wednesday
പുനലൂർ താലൂക്കാശുപത്രി വീണ്ടും ശ്രദ്ധേയമാകുന്നു

പോസിറ്റീവ് ഡയാലിസിസ് 
യൂണിറ്റ് സജ്ജമായി

സ്വന്തം ലേഖകന്‍Updated: Friday Jun 18, 2021

പുനലൂർ താലൂക്കാശുപത്രിയിലെ പോസിറ്റീവ് ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനോദ്‌ഘാടനം പി എസ് സുപാൽ എംഎൽഎ നിർവഹിക്കുന്നു

പുനലൂർ 
ജില്ലയിൽ സർക്കാർ മേഖലയിലെ ആദ്യ പോസിറ്റീവ് ഡയാലിസിസ് യൂണിറ്റിന് പുനലൂർ താലൂക്കാശുപത്രിയിൽ തുടക്കമായി. കോവിഡ് പോസിറ്റീവ്, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, എച്ച്ഐവി പോസിറ്റീവ് രോഗികൾക്കായി  തയ്യാറാക്കിയ യൂണിറ്റിന്റെ  പ്രവർത്തനോദ്‌ഘാടനം പി എസ് സുപാൽ എംഎൽഎ നിർവഹിച്ചു. 
29 കിടക്കയുള്ള ഡയാലിസിസ് യൂണിറ്റിൽ മൂന്ന് കിടക്കയാണ്‌ പോസിറ്റീവ് രോഗികൾക്കായി മാറ്റിവച്ചത്‌. ഡയാലിസിസ് യൂണിറ്റിന്റെ കെട്ടിടം തയ്യാറാക്കിയത് കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ്. മൂന്നുകോടി രൂപയുടെ ഡിഎച്ച്സി പ്ലാൻഫണ്ട് ഉപയോഗിച്ചാണ് ആവശ്യമായ  ഉപകരണവും കിടക്കയും ആർഒ പ്ലാന്റും  സജ്ജമാക്കിയത്. 
കോവിഡ് പോസിറ്റീവുകാർക്കും നെഗറ്റീവായവർക്കുമുള്ള ഡയാലിസിസ്‌ ഇപ്പോൾ ആശുപത്രിയിൽ നടക്കുന്നുണ്ട്. ഇതുകൂടാതെയാണ് പോസിറ്റീവ് യൂണിറ്റ്‌ തുടങ്ങിയത്‌.  രോഗികൾക്ക് ആശ്വാസമായി ഡിസ്പോസിബിൾ ഡയലൈസർ സൗജന്യമായി നൽകുന്ന പദ്ധതിക്കും തുടക്കമായി. പൊതുജനങ്ങളുടെ സഹായത്തോടെ ആദ്യത്തെ 10 രോഗികൾക്ക് സമ്പൂർണ സൗജന്യ ഡയലൈസർ നൽകും. മലങ്കര മാർത്തോമാ സഭയുടെ സഹായ പദ്ധതിയിലൂടെയാണ് പോസിറ്റീവ് രോഗികൾക്കുള്ള ഡയാലിസിസിനുള്ള സഹായം ലഭ്യമാകുന്നത്. ഇതോടെ ആശുപത്രിയിൽ സമ്പൂർണ സൗജന്യ പോസിറ്റീവ് ഡയാലിസിസ്‌ യൂണിറ്റ്‌ സജ്ജമായി.  
ആശുപത്രിയിലെ ലാബിന്റെ ആധുനികവൽക്കരണത്തിന്‌ രണ്ടുകോടി ചെലവിൽ സ്ഥാപിക്കുന്ന രണ്ട് ഇന്റഗ്രേറ്റഡ് ബ്ലഡ്‌ അനലൈസർ യൂണിറ്റും പ്രവർത്തനം തുടങ്ങി.  മുനിസിപ്പല്‍ ചെയർപേഴ്സൺ നിമ്മി എബ്രഹാം, വൈസ് ചെയർമാൻ വി പി ഉണ്ണിക്കൃഷ്ണൻ, എസ് ജയമോഹൻ,  സൂപ്രണ്ട്  ഷാഹിർഷ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top