19 October Saturday

കടൽപ്പതയ്‌ക്കു കാരണം ആൽഗൽ ബ്ലൂം

സ്വന്തം ലേഖികUpdated: Tuesday Jun 18, 2019
കൊല്ലം 
കൊല്ലം തീരത്ത‌് ബീച്ച‌് മുതൽ കാക്കത്തോപ്പ‌് വരെ കടലിൽ കാണപ്പെട്ട  പതയ‌്ക്കു കാരണം  ഇന്ത്യൻ തീരത്ത‌് അപൂർവമായ പ്രൈംനെസിയോഫ്യ്റ്റസ് (ഹാപ്റ്റോഫ്യ്റ്റസ‌്) എന്ന സസ്യപ്ലവക വിഭാഗത്തിൽപെട്ട ‘ഫിയോസിസ്റ്റിസ് ഗ്ലോബോസ’ ആണെന്ന‌്  നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയുടെ പഠനം.  
ഇവയുടെ  ക്രമാതീതമായ വളർച്ചയെ തുടർന്നുള്ള  ‘ആൽഗൽ ബ്ലൂം’  ആണ‌്  പതയ‌്ക്കിടയാക്കിയതെന്ന‌്  മറൈൻ ബയോളജിസ്റ്റ‌്  എൻ വി മധുവിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ  പഠന റിപ്പോർട്ട‌് വ്യക്തമാക്കുന്നു. 
ഇത്രയും ശക്തമായ വെളുത്ത പത  രൂപപ്പെട്ടതും  ഒരു മീറ്റർ ഉയരത്തിലുള്ള മണൽതിട്ടയിലേക്കു തള്ളിക്കയറിയതുമെല്ലാം ഇന്ത്യൻ തീരത്ത‌് ആദ്യമാണ‌്. സാധാരണ ധ്രുവ, ശീതോഷ്‌ണ പ്രദേശങ്ങളിലുള്ള കടൽതീരത്താണ് ഫിയോസിസ്റ്റിസ് മൂലമുള്ള ഇത്തരം കട്ടികൂടിയ വെളുത്ത പത പ്രത്യക്ഷപ്പെടുന്നത്. 
വെള്ളത്തിലുള്ള രാസപോഷകങ്ങളുടെ (പ്രധാനമായും നൈട്രേറ്റ്) അമിത അളവാണ് ഈ സസ്യപ്ലവകത്തിന്റെ ക്രമാതീത വളർച്ചയ‌്ക്കു നിദാനം. വളർച്ചയുടെ ആരംഭഘട്ടത്തിൽ ഇവ ഏകകോശ സസ്യങ്ങൾ ആയി  കാണപ്പെട്ടാലും വളർച്ച പ്രാപിക്കുന്നതോടെ  ഈ ഏകകോശങ്ങൾ കോളനി രൂപത്തിൽ (വൃത്താകൃതി) ആകുകയും പിന്നീടത് കടലിൽ അത്യപൂർവ വ്യാപനത്തിന് ഇടയാക്കുകയും ചെയ്യും.  ജന്തുപ്ലവകങ്ങളും  മത്സ്യങ്ങളും ഇവയെ  ഭക്ഷിക്കാത്തതിനാലും  പെട്ടെന്ന‌് വളർന്ന‌് വ്യാപിക്കും.  
പിന്നീട‌്  വൈറസുകളുടെ  ആക്രമണത്തിൽ  ഫിയോസിസ്റ്റിസ് കോളനികൾ വീണ്ടും ഏകകോശങ്ങൾ ആയി വിഘടിച്ച‌്  പൂർണമായും ചീയും.  ശക്തമായ കാറ്റിൽ  ഈ ആൽഗൽ ബ്ലൂമിൽനിന്ന‌് വെളുത്ത പത ഉണ്ടാകും. ഇത‌് മത്സ്യബന്ധനത്തിന‌് ഒരു പരിധിവരെ തടസ്സം ഉണ്ടാക്കും. കൊല്ലം തീരത്ത‌് ജൂൺ എട്ടുമുതൽ ഫിയോസിസ്റ്റിസിന്റെ ക്രമാതീതമായ വളർച്ചയും വ്യാപനവും ഉണ്ടായി. പത്തിന‌് ഇവയുടെ  ശോഷണം ആരംഭിച്ചതായും  ഡോ. മധു പറഞ്ഞു. 
 മെറ്റീരിയോളജിക്കൽ ഡാറ്റാ അനുസരിച്ച‌്  10നു  ശക്തമായ കാറ്റും (സെക്കൻഡിൽ 9.9 മീറ്റർ വേഗത്തിൽ)  അസാധാരണമായി ഉയർന്ന തിരമാലയും (ശരാശരി 2.43 മീറ്റർ ) കൊല്ലം തീരത്തുണ്ടായിരുന്നു. കടൽ വെള്ളത്തിന്റെ സാമ്പിളുകളിൽ കണ്ടെത്തിയ  വൈറസുകളുടെ ക്രമാതീതമായ ആധിക്യം ഫിയോസിസ്റ്റിസ് ബ്ലൂമിന്റെ ശോഷണഘട്ടം ചൂണ്ടിക്കാണിക്കുന്നു. 
വിഷപദാർഥങ്ങൾ  ഇല്ലെങ്കിലും ശീതോഷ്‌ണ തീരദേശത്തുള്ള മത്സ്യത്തൊഴിലാളികളുടെ വലയിൽ ഈ പത കുടുങ്ങുന്നതിനാലും മത്സ്യലഭ്യത കുറയുന്നതിനാലും  ഈ ബ്ലൂമിനെ ഹാംഫുൾ ആൽഗൽ ബ്ലൂം  എന്ന ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. 
 അന്തരീക്ഷത്തിൽ ഉള്ള കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കുറയ‌്ക്കുന്നതിനാലും അതുപോലെ കാർമേഘങ്ങളെ ഉണ്ടാക്കുന്ന ഡിമീതൈൽ സൾഫൈഡ് എന്ന വാതകം ഉണ്ടാക്കുന്നതു കൊണ്ടും ഫിയോസിസ്റ്റിസ് ബ്ലൂമിനെ പ്രധാന കടൽ പ്രതിഭാസം ആയാണ് ശാസ‌്ത്രലോകം വിലയിരുത്തുന്നത‌്. കാലാവസ്ഥാ വ്യതിയാനത്തിന്റെയും അന്യസ്ഥലജീവികളുടെ  വ്യാപനം ആയിട്ടും ഗവേഷകർ കണക്കാക്കുന്നു.  
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി   ഇൻ ചാർജ്  ഡോ. ദിനേശ്കുമാറിന്റെ നിർദേശാനുസരണം മറൈൻ ബയോളജിസ്റ്റ‌്  എൻ വി മധുവിന്റെ നേതൃത്വത്തിൽ  സീനിയർ സയന്റിസ്റ്റ‌് കെ ആർ മുരളീധരൻ, ഗവേഷകരായ പി അനിൽ,  സി ആർ  വിശാൽ എന്നിവരടങ്ങിയ  ഗവേഷണ സംഘമാണ‌് പഠനം നടത്തിയത‌്. 
യൂണിവേഴ‌്സിറ്റി  ഓഫ‌് ഫിഷറീസ‌് ആൻഡ‌് ഓഷ്യൻ സ്റ്റഡീസ‌് നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പുറത്തുവിട്ട പഠന റിപ്പോർട്ടിൽ നോക്ടിലൂക്ക  ഇനത്തിൽപ്പെട്ട  സസ്യ പ്ലവകങ്ങളുടെ വിസ‌്ഫോടനത്തെ തുടർന്ന‌് അവ നശിച്ചുണ്ടായ ജൈവ മാലിന്യമാണ‌് പതയ‌്ക്കിടയാക്കിയത‌് എന്ന‌് ചൂണ്ടിക്കാട്ടിയിരുന്നു.
പ്രധാന വാർത്തകൾ
 Top