17 July Wednesday

ദുരന്തനിവാരണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണം: എ ഹേമചന്ദ്രന്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jun 18, 2019
കൊല്ലം
കേരളത്തിലെ സുരക്ഷാസംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും അതിനുള്ള നിർദേശം സർക്കാരിനു സമർപ്പിച്ചിട്ടുണ്ടെന്നും ഇക്കാര്യം മുഖ്യമന്ത്രിയുമായി ചർച്ചചെയ്യുമെന്നും സംസ്ഥാന ഫയർഫോഴ്‌സ് മേധാവി എ ഹേമചന്ദ്രൻ പറഞ്ഞു. കൊല്ലം പ്രസ്‌ക്ലബ്ബിന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്ന പി കെ തമ്പിയുടെ 22–--ാം  അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ദുരന്തനിവാരണം: സാധ്യതകളും വെല്ലുവിളികളും' സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.  പ്രകൃതിജന്യവും  മനുഷ്യനിർമിതവുമായ ദുരന്തങ്ങളുണ്ട്. 
ഇവയെ നേരിടാൻ എത്രത്തോളം പൊതുസമൂഹം സജ്ജമാണെന്ന‌് വിലയിരുത്തണം.  സുരക്ഷാനിയമങ്ങൾ പാലിക്കാൻ കേരളസമൂഹം വിമുഖത കാട്ടുന്നു. ഇത‌് പാലിക്കാൻ കൃത്യമായ ബോധവൽക്കരണം അനിവാര്യമാണ‌്‌.  ജനങ്ങളിൽ ഇത്തരം അവബോധം സൃഷ്ടിക്കുന്നതിൽ മാധ്യമങ്ങളുടെ പങ്ക‌് വലുതാണെന്നും അദ്ദേഹം പറഞ്ഞു. ദുരന്തങ്ങളുണ്ടാകുമ്പോൾ അതിനു പിന്നിലെ കുറ്റകരമായ നരഹത്യ പൊലീസ് അന്വേഷണത്തിൽ ഉൾപ്പെടുത്തണം. സംസ്ഥാനത്ത‌് റോഡപകടങ്ങളിൽ പ്രതിവർഷം നാലായിരത്തോളംപേരുടെ  ജീവനാണ‌് പൊലിയുന്നത‌്.  ജലാശയങ്ങളിലാകട്ടെ ഇത‌് 1500 പേരാണെന്നും അദ്ദേഹം പറഞ്ഞു. 
 ഫയർഫോഴ്‌സിന്റെ ആധുനികവൽക്കരണം അത്യന്താപേക്ഷിതമാണെന്നും രക്ഷാപ്രവർത്തനങ്ങളിൽ പൊലീസിന് പരിമിതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അനുസ്മരണസമ്മേളനം  സിഐടിയു സംസ്ഥാന സെക്രട്ടറി എൻ പത്മലോചനൻ ഉദ്ഘാടനംചെയ‌്തു. പ്രസ്‌ക്ലബ‌് പ്രസിഡന്റ് ജയചന്ദ്രൻ ഇലങ്കത്ത് അധ്യക്ഷനായി. സെക്രട്ടറി ജി ബിജു, ട്രഷറർ പി എസ് പ്രദീപ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top