18 May Tuesday

സർവസന്നാഹത്തോടെ

വെബ് ഡെസ്‌ക്‌Updated: Sunday Apr 18, 2021

കോവിഡ്‌ നിയന്ത്രണ ബോധവൽക്കരണത്തിന്റെ ഭാഗമായി കലക്ടർ ബി അബ്ദുൽ നാസറും സിറ്റി പൊലീസ്‌ കമീഷണർ 
ടി നാരായണനും നഗരത്തിൽ പരിശോധന നടത്തുന്നു

 സ്വന്തം ലേഖകന്‍

കൊല്ലം
വരും ദിവസങ്ങളിൽ കോവിഡ്‌ വ്യാപനം വേഗത്തിലാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന്‌ ജില്ലയിൽ സർവസന്നാഹങ്ങളോടെ ‌ പ്രതിരോധം. കലക്ടർ അധ്യക്ഷനായ ജില്ലാ ദുരന്തനിവാരണകേന്ദ്രവും ആരോഗ്യവകുപ്പും സിറ്റി, റൂറൽ പൊലീസും മറ്റു‌ വകുപ്പുകളും ഒറ്റക്കെട്ടായി  നിയന്ത്രണം  നടപ്പാക്കാൻ രംഗത്തിറങ്ങി. മരണവും കോവിഡ്‌ മൂലമുള്ള അനുബന്ധപ്രശ്‌നങ്ങളും രണ്ടാം തരംഗത്തിൽ കൂടുതലാണ്‌‌. 
പ്രതിദിനം കോവിഡ്‌ പോസിറ്റീവ്‌ ആകുന്നവരുടെ എണ്ണം ജനുവരിയിൽ ആയിരത്തിന്‌ അടുത്ത്‌ എത്തിയശേഷം  കുറഞ്ഞ്‌‌ നൂറിൽ താഴെ  എത്തിയിരുന്നു. നിയന്ത്രണം  കടുപ്പിക്കുക, പരിശോധന വർധിപ്പിക്കുക, വാക്‌സിനേഷൻ വ്യാപിപ്പിക്കുക എന്നിവയാണ്‌ പ്രതിരോധം ശക്തമാക്കാൻ ജില്ലാ ഭരണകേന്ദ്രം കൈക്കൊള്ളുന്ന പ്രധാന നടപടികൾ. ജനുവരിക്കു‌ ശേഷം ആകെ രോഗികളുടെ എണ്ണം രണ്ടായിരത്തിൽ താഴെ എത്തിയിരുന്നു. ഇപ്പോൾ  എണ്ണം ഉയരുന്ന ഘട്ടത്തിൽ പ്രതിദിനം 5000 പരിശോധന എങ്കിലും നടത്താനാണ്‌ ലക്ഷ്യമിടുന്നത്‌. ഇതിനായി ആറ്‌ മൊബൈൽ ആർടിപിസിആർ വാനുകൾ സജ്ജമാക്കിയിട്ടുണ്ട്‌‌. 
മെഡിക്കൽകോളേജ്‌, ജനറൽ ആശുപത്രികൾ, താലൂക്കാശുപത്രികൾ,  സാമൂഹ്യാരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കോവിഡ്‌ വാക്‌സിൻ നൽകുന്നുണ്ട്‌. ആധാർ കാർഡുമായി എത്തി വാക്‌സിൻ സ്വീകരിക്കാം. മുൻഗണനാക്രമം തെറ്റിക്കാതെ വാക്‌സിൻ സ്വീകരിക്കാൻ എല്ലാവരും തയ്യാറാകണം. രണ്ടാം ഡോസ്‌ എവിടെനിന്ന്‌ വേണമെങ്കിലും സ്വീകരിക്കാം. 45 വയസ്സിനു‌ മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ എടുക്കാനുള്ള സൗകര്യമാണ്‌ സജ്ജമാക്കിയിട്ടുള്ളത്‌‌. സ്വകാര്യ ആശുപത്രികളിൽനിന്ന്‌ വാക്‌സിൻ വേണ്ടവർ പണം നൽകണം. 
നിയമസഭാ തെരഞ്ഞെടുപ്പിനു‌ ശേഷം വ്യാപനം തടയാൻ രണ്ടാഴ്‌ചത്തെ പ്രത്യേക  പരിശോധന ആരംഭിച്ചിരുന്നു. തെരഞ്ഞെടുപ്പ്പ്രക്രിയയിൽ പങ്കെടുത്തവർ, പ്രചാരണത്തിൽ ഏർപ്പെട്ടവർ തുടങ്ങിയവർക്കെല്ലാം നിർബന്ധിത കോവിഡ്‌ പരിശോധന നടക്കുന്നു.  രാഷ്ട്രീയപാർടികളുടെ  ബൂത്തുതല കമ്മിറ്റികൾ  പ്രതിരോധപ്രവർത്തനങ്ങൾക്ക്‌ സഹായകമാം വിധം നിലനിർത്തുന്നുണ്ട്‌‌. പ്രാദേശിക തലത്തിൽ  സർക്കാർ വകുപ്പുകളുമായി ഏകോപിച്ചുള്ള പ്രവർത്തനത്തിന്‌ ഇത്‌ സഹായകമാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top