01 April Wednesday

തെങ്കാശിയില്‍ വാഹനാപകടം: 2 മലയാളികളടക്കം 3 മരണം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020

 തെങ്കാശി

അപകടത്തിൽപ്പെട്ട കാർ കെട്ടിവലിക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ബസിടിച്ച്‌ ബന്ധുക്കളായ രണ്ടു മലയാളികളടക്കം മൂന്നുപേർ മരിച്ചു. കല്ലുവാതുക്കൽ അടുതലയിൽ തോമസ്‌കുട്ടിയുടെ മകൻ ജിജു തോമസ് (31), ഇട്ടിവ മണ്ണൂർ മാങ്കുഴിപ്പണ പുത്തൻവീട്ടിൽ നൈനാൻ മകൻ സിഞ്ചു നൈനാൻ (32), റിക്കവറി വാഹനത്തിന്റെ ഡ്രൈവറും ശിവകാശി സ്വദേശിയുമായ രാജശേഖർ (50)എന്നിവരാണ്‌ മരിച്ചത്‌. ജിജു തോമസിന്റെ മാതൃസഹോദര പുത്രനാണ്‌ സിഞ്ചു. 
തെങ്കാശി അരുളാച്ചി ജങ്‌ഷനു സമീപം തിങ്കളാഴ്ച പുലർച്ചെ 6.15നായിരുന്നു അപകടം. സിജു തോമസിന്റെ മകൾ ജുവാനയുടെ ഒന്നാം പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട്‌ കുടുംബസമേതം വേളാങ്കണ്ണിയിൽ പോയി മടങ്ങുംവഴിയായിരുന്നു സംഭവം. പുലർച്ചെ രണ്ടിന് ഇവർ സഞ്ചരിച്ചിരുന്ന സൈലോ കാർ വാസുദേവനല്ലൂർ സ്റ്റേഷൻ പരിധിയിലെ അരുളാച്ചി ജങ്‌ഷനു സമീപം ടയർപൊട്ടി പാലത്തിൽ ഇടിച്ചു. ഇതോടെ വണ്ടി ഒതുക്കിയിട്ട് ജിജുവും സിഞ്ചുവും സ്ത്രീകളേയും കുട്ടികളേയും നാട്ടിലേക്ക് ബസ്‌ കയറ്റിവിട്ടു. 
അപകടത്തിൽപ്പെട്ട കാർ നീക്കം ചെയ്യാനായി തന്റെ റിക്കവറി വാഹനവുമായി എത്തിയതായിരുന്നു ശിവകാശി സ്വദേശി രാജശേഖരൻ. കാർ കെട്ടിവലിക്കുന്നതിനിടെ മൂവരെയും കോയമ്പത്തൂർ –--തെങ്കാശി റൂട്ടിൽ സർവീസ്‌ നടത്തുന്ന  ആരതി ട്രാവൽസിന്റെ ബസ് ഇടിക്കുകയായിരുന്നു. 
അമിതവേഗത്തിൽ എത്തിയ ബസ് റോഡിന്റെ വലതുവശത്ത് നില്‍ക്കുകയായിരുന്ന മൂവരേയും ഇടിച്ചു തെറിപ്പിച്ചു.  മൂവരും തൽക്ഷണം മരിച്ചു. ബസ് ഓടിച്ചിരുന്ന കോവിൽപ്പെട്ടി സ്വദേശിയായ ജയപ്രകാശി(32)നെ വസുദേവനല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ജിബിയാണ്‌ ജിജു തോമസിന്റെ ഭാര്യ. അച്ഛൻ: തോമസ്‌കുട്ടി (ഗൾഫ്‌). അമ്മ: ചിന്നമ്മ. സിഞ്ചു നൈനാന്റെ ഭാര്യ നിഷ. മകൾ: അഭിയ. അച്ഛൻ: എൻ കെ നൈനാൻ. അമ്മ: അമ്മിണിക്കുട്ടി. സുനു കെ നൈനാൻ, സിനി കെ നൈനാൻ എന്നിവർ സഹോദരങ്ങളാണ്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top