05 December Thursday

പാരിപ്പള്ളി മെഡിക്കൽകോളേജിൽ അപൂർവ ശസ്ത്രക്രിയ

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019
കൊല്ലം
തമിഴ്നാട് സ്വദേശിക്ക്‌ പാരിപ്പള്ളി ​ഗവ. മെഡിക്കൽകോളേജ്‌ ആശുപത്രിയിൽ അപൂർവ ശസ്ത്രക്രിയ. ലാറ്ററൽ സൈനസ് ത്രോംബോസിസ് രോഗം ബാധിച്ച മയിൽവർണ (33)നാണ്‌ ശസ്‌ത്രക്രിയക്ക്‌ വിധേയനായത്‌. 
ചെവിയിൽനിന്ന് തലച്ചോറിലേക്ക് വ്യാപിക്കുന്ന അസുഖമാണിത്‌. ഇടതുചെവിയിൽ വർഷങ്ങളായുള്ള പഴുപ്പും തലവേദനയും തലക്കറക്കവും ബാധിച്ചാണ് മയിൽവർണൻ  പാരിപ്പള്ളി ​ഗവ. മെഡിക്കൽകോളേജ് ആശുപത്രിയിലെ ഇഎൻടി ഒപിയിൽ എത്തുന്നത്. 
വിദ​ഗ്ധ പരിശോധനയിൽ ലാറ്ററൽ സൈനസ് ത്രോംബോസിസ് എന്ന ​ഗുരുതര അസുഖം സ്ഥിരീകരിച്ചു. ഇഎൻടി വിഭാ​ഗം മേധാവി ഡോ. എസ് തുളസീധരൻ, ഡോക്ടർമാരായ സലീമ, ജി എസ് സന്തോഷ്, ബ്യൂട്ടി, ആനന്ദ്, അനസ്തേഷ്യവിഭാ​ഗം മേധാവി ഡോ. പ്രഭാഷ്, ഡോക്ടർമാരായ ​ഗോപകുമാർ, ​ഗം​ഗ, രാജു, ഹെഡ് നേഴ്സ് രാജലക്ഷ്മി, സ്റ്റാഫ്‌ നേഴ്സ് വിദ്യ, അനസ്തേഷ്യ ടെക്നീഷ്യൻ രേഷ്മ എന്നിവരുടെ നേതൃത്വത്തിലാണ് ആറുമണിക്കൂർ നീണ്ട ശസ്ത്രക്രിയ നടന്നത്.
ജില്ലയിലെ സർക്കാർ ആശുപത്രിയിൽ ആദ്യമായാണ് ഇത്തരം ശസ്ത്രക്രിയ നടക്കുന്നത്. പാരിപ്പള്ളി ​ഗവ. മെഡിക്കൽകോളേജ്‌ ആശുപത്രിയിൽ സങ്കീർണമായ ഇഎൻടി ശസ്ത്രക്രിയകൾ നടത്താനുള്ള സൗകര്യങ്ങൾ സർക്കാർ ലഭ്യമാക്കിയിട്ടുണ്ടെന്ന്  ഡോ. എസ് തുളസീധരൻ പറഞ്ഞു. ഒരു മാസം മുമ്പ് ആന്തരകർണത്തെ ബാധിച്ച ​ഗുരുതരമായ അസുഖമായ ലാബിറിന്തിൻ ഫിസ്റ്റുല കാരണം കിടപ്പിലായ ഉഷാഭായിക്ക്‌ സങ്കീർണമായ ശസ്ത്രക്രിയ ഇവിടെ വിജയകരമായി പൂർത്തിയാക്കിയിരുന്നു.
പ്രധാന വാർത്തകൾ
 Top