12 December Thursday

കല്ലടയിൽ നടുഭാഗത്തെ കണ്ടോടാ...

ആർ ബി രജി കൃഷ്‌ണUpdated: Sunday Nov 17, 2019
ശാസ്താംകോട്ട 
കാരിച്ചാലിനെ ആറ് സെക്കൻഡുകൾക്ക് പിന്തള്ളി  കല്ലടയാറ്റിൽ ആലപ്പുഴ പള്ളാത്തുരത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗത്തിന്റെ കീരീട ധാരണം.
 3.43 മിനിറ്റ്‌ 91 സെക്കൻഡിൽനടുഭാഗം ഫിനിഷിങ്‌ ലൈൻ തൊട്ടു. ട്രിപ്പിൾ ഹാട്രിക്കാണ്‌ വിജയത്തോടുകൂടി നടുഭാഗം സ്വന്തംപേരിൽ എഴുതിച്ചേർത്തത്‌. 
  കാരിച്ചാൽ 3.49.95 മിനിറ്റിൽ രണ്ടാമതെത്തിയപ്പോൾ മൂന്നാം സ്ഥാനത്തെത്തിയ എൻസിഡിസി കുമരകം തുഴഞ്ഞ  ദേവസ്സ്‌ 3.52 മിനിറ്റിലാണ്‌ മത്സരം പൂർത്തിയാക്കിയത്‌. നടുഭാഗം, കാരിച്ചാൽ, ദേവസ്സ്‌, ഗബ്രിയേൽ, ചമ്പക്കുളം, സെന്റ് ജോർജ്, വീയപുരം, മഹാദേവിക്കാട്ട്‌, പായിപ്പാടൻ തുടങ്ങി ഒമ്പത് ചുണ്ടൻ വള്ളങ്ങാണ്‌ ഓളപ്പരപ്പിൽ വെള്ളിടിയായത്‌.  പ്രാദേശിക പങ്കാളിത്തം ഉറപ്പാക്കാൻ  പഞ്ചായത്ത്‌  ഇരുട്ടുകുത്തി എ വിഭാഗത്തിൽ മൂന്നും ബി വിഭാഗത്തിൽ രണ്ടും വെപ്പ് എ വിഭാഗത്തിലും ബി വിഭാഗത്തിലും മൂന്നുവീതം വള്ളങ്ങളും നീറ്റിലിറക്കിയിരുന്നു. 
ഇരുട്ടുകുത്തി എ വിഭാഗത്തിൽ മൂന്ന് തൈക്കനും, ബി വിഭാഗത്തിൽ സെന്റ് ജോസഫും, വെപ്പ് എ വിഭാഗത്തിൽ പട്ടേരി പുരയ്‌ക്കലും വിജയികളായി. കല്ലടയാറ്റിലെ   മുതിരപ്പറമ്പ് മുതൽ കാരൂത്തറ നെട്ടയം വരെ 1000 മീറ്റർ ദൂരത്തിൽ  മൂന്ന്‌ ട്രാക്കുകളിലായിരുന്നു മത്സരം . പകൽ 2.30ന്‌ മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ ജലമേള ഉദ്ഘാടനംചെയ്തു. മാസ് ഡ്രിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. ടൂറിസം ഡയറക്ടർ ബാലകിരണും  കലക്ടർ ബി അബ്ദുൽ നാസറും കോവൂർ കുഞ്ഞുമോൻ എംഎൽഎയും ചേർന്ന്‌ ട്രോഫികൾ വിതരണംചെയ്‌തു. കല്ലട ജലോത്സവത്തോടുകൂടി  ചാമ്പ്യൻസ് ബോട്ട് ലീഗിലെ  12 മത്സരങ്ങളിൽ 11 എണ്ണവും പൂർത്തിയായി.  അവസാനത്തെ മത്സരമായ പ്രസിഡന്റ്‌സ്‌ ട്രോഫി  23ന്‌  അഷ്ടമുടിക്കായലിൽ നടക്കും . ചാമ്പ്യന്  25 ലക്ഷം രൂപയാണ് സമ്മാനത്തുക.  രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 15, 10 ലക്ഷം രൂപ വീതം സമ്മാനം ലഭിക്കും.
പ്രധാന വാർത്തകൾ
 Top