13 November Wednesday

വെടിക്കെട്ടിനുള്ള കടുത്ത നിയന്ത്രണം നീങ്ങുന്നു; ത്യശൂർ പൂരത്തിനു മാത്രം പരമ്പരാഗത വെടിക്കെട്ടിന് അനുമതി

സ്വന്തം ലേഖകന്‍Updated: Thursday Oct 17, 2019
കൊല്ലം > പുറ്റിങ്ങൽ ദുരന്തത്തിനു ശേഷം വെടിക്കെട്ടിനുണ്ടായിരുന്ന അപ്രഖ്യാപിത വിലക്കും അനുമതി ലഭ്യമാക്കുന്നതിലുണ്ടായിരുന്ന അനിശ്ചിതാവസ്ഥയും മാറുന്നു. റവന്യു, പൊലീസ്, ഫയർഫോഴ്‌സ്, ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗത്തിൽ ചെന്നൈയിലുള്ള ചീഫ് കൺട്രോളർ ഓഫ് എക്‌സ്‌പ്ലോസീവ്  ആർ വേണുഗോപാൽ ഇതുസംബന്ധിച്ച മാർഗനിർദേശം നൽകി.
 
കൊല്ലത്ത് ബുധനാഴ്ച നടന്ന യോഗത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട , ആലപ്പുഴ, കോട്ടയം ജില്ലകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച്  കരിമരുന്ന് പ്രയോഗത്തിന്‌ അപേക്ഷിക്കുന്ന ആരാധനാലയങ്ങൾക്ക് അനുമതി നൽകുന്നതിൽ ഉദ്യോഗസ്ഥർ ശ്രദ്ധചെലുത്തണമെന്ന് അദ്ദേഹം നിർദേശിച്ചു. എന്തെങ്കിലും സാങ്കേതിക കുരുക്കുകൾ ചൂണ്ടിക്കാട്ടി  അനുമതി തടസ്സപ്പെടുത്തുന്നത് ശരിയല്ല. 
 
കരിമരുന്ന് ഉപയോഗിക്കാനുള്ള അനുമതിക്കായി അപേക്ഷ നൽകുമ്പോൾ മാനദണ്ഡപ്രകാരമുള്ള രേഖകൾ ഉറപ്പുവരുത്തണം. ഓൺസൈറ്റ് പ്ലാൻ, റിസ്‌ക് അസസ്‌മെന്റ് റിപ്പോർട്ട്, ഓഫ് സൈറ്റ് എമർജൻസി പ്ലാൻ എന്നിവ നിർബന്ധമാണ്. കരിമരുന്ന് പ്രയോഗം നടക്കുന്നതിനു 100 മീറ്റർ ചുറ്റളവിൽ കെട്ടിടങ്ങൾ ഇല്ലെന്ന് ഓൺ സൈറ്റ് പ്ലാനിൽ സംഘാടകർ ഉറപ്പുനൽകണം. ഓൺസൈറ്റ് പ്ലാൻ സംഘാടകരാണ്‌ തയ്യാറാക്കേണ്ടത്‌. ആരാധനാലയങ്ങളുടെ നേതൃത്വത്തിലാണ് കരിമരുന്ന് പ്രയോഗം നടത്തുന്നതെങ്കിൽ സ്ഥലത്ത് മരുന്നു സൂക്ഷിക്കാനുള്ള സ്‌ട്രോങ്‌ റൂം  ഉണ്ടാകണം. 
 
രേഖകൾ സഹിതം 60 ദിവസം മുമ്പ്‌ തരുന്ന അപേക്ഷ മാത്രം പരിഗണിച്ചാൽ മതി. 2000 കിലോ വരെ കരിമരുന്ന് പ്രയോഗത്തിനുള്ള  അനുമതി മേഖലാ എക്‌സ്‌പ്ലോസീവ് കൺട്രോളർക്ക് നൽകാം. വെടിക്കെട്ട് ലൈസൻസ് ആർക്കും സ്ഥിരമായി നൽകില്ല. ഓലപ്പടക്കത്തിനു നിരോധനമില്ല. എന്നാൽ, പൊട്ടാസ്യം നൈട്രേറ്റ് ഉപയോഗിച്ചുള്ള ഓലപ്പടക്കങ്ങൾ നിരോധിത പട്ടികയിലുണ്ട്. ത്യശൂർ പൂരത്തിനു മാത്രമാണ് പരമ്പരാഗത വെടിക്കെട്ടിന് അനുമതി നൽകിയിട്ടുള്ളതെന്നും എക്‌സ്‌പ്ലോസീവ്  കൺട്രോളർ അറിയിച്ചു.
പ്രധാന വാർത്തകൾ
 Top