18 November Monday
സംഗീത നാടക അക്കാദമി അവാർഡുകൾ വിതരണംചെയ്‌തു

പുരസ്കാരത്തുക ഉയർത്തും: എ കെ ബാലൻ

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019
 
കൊല്ലം
സംഗീത നാടക അക്കാദമി പുരസ്കാരത്തുക വർധിപ്പിക്കുമെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു. നേരത്തെ ഉണ്ടായിരുന്ന തുക വർധിപ്പിച്ച സർക്കാർ പുതിയ രണ്ട്‌ അവാർഡുകൂടി ഏർപ്പെടുത്തിയിരുന്നു. സംഗീത നാടക അക്കാദമി പുരസ്കാരങ്ങൾ വിതരണംചെയ്യുകയായിരുന്നു മന്ത്രി.
നാട്ടിൻപുറത്തെ സാംസ്കാരിക പ്രസ്ഥാനങ്ങൾക്ക് മികച്ച പിന്തുണ നൽകുന്നതിനൊപ്പം കലാസാഹിത്യനായകന്മാരുടെ സ്മരണ നിലനിർത്താൻ സ്‌മൃതിമണ്ഡപങ്ങളും സ്മാരകങ്ങളും സ്ഥാപിക്കുന്നതിന്‌ വലിയ  ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. പാലക്കാട് ശബരി ആശ്രമത്തിൽ  നിർമിച്ച ഗാന്ധി സ്‌മൃതിമണ്ഡപം 21ന് നാടിനു സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. 
2017ലെ എസ്എൽ പുരം സദാനന്ദൻ നാടക പുരസ്കാരം നടി വിജയകുമാരിക്ക് മന്ത്രി സമ്മാനിച്ചു.  മരട് ജോസഫ്, സി എസ് രാധാദേവി, നെല്ലിയോട് വാസുദേവൻ നമ്പൂതിരി എന്നിവർക്ക് അക്കാദമി ഫെല്ലോഷിപ്പുകൾ നൽകി. 
അക്കാദമി ഏർപ്പെടുത്തിയ 35 പുരസ്കാരവും വിതരണംചെയ്തു. എം നൗഷാദ് എംഎൽഎ അധ്യക്ഷനായി. എം മുകേഷ് എംഎൽഎ, അക്കാദമി ചെയർപേഴ്സൺ കെപിഎസി ലളിത, സേവ്യർ പുൽപ്പാട്ട്, ഫ്രാൻസിസ് ടി മാവേലിക്കര, മുഖത്തല ശിവജി എന്നിവർ സംസാരിച്ചു. 
പ്രധാന വാർത്തകൾ
 Top