21 November Thursday
അമ്മയെ കൊന്ന്‌ കുഴിച്ചുമൂടിയ സംഭവം

പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും

സ്വന്തം ലേഖകന്‍Updated: Thursday Oct 17, 2019
 
കൊല്ലം
അമ്മയെ കൊന്ന്‌ കുഴിച്ചുമൂടിയ സംഭവത്തിൽ റിമാൻഡിലായ മകൻ സുനിൽകുമാറിനെയും കൂട്ടുപ്രതി പുള്ളിക്കട സ്വദേശി കുട്ടനെയും കുടുതൽ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും. 
സുനിൽകുമാർ മുമ്പ്‌ നടത്തിയ കൊലപാതകവും കൊലപാതകശ്രമങ്ങളും അടക്കം സുനിലിന്റെ ക്രിമിനൽ പശ്ചാത്തലം പൊലീസ്‌ വിശദമായി അന്വേഷിക്കും. കേസിൽ എത്രയുംവേഗം കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് ശ്രമം. കോടതിയിൽ അപേക്ഷ സമർപ്പിക്കുന്നതിനായി തെളിവുകൾ സൂക്ഷ്മ പരിശോധനയ്ക്ക്‌ വിധേയമാക്കും.
സുനിലിന്റെ അച്ഛൻ സുന്ദരേശന്റെ അമ്മ പട്ടത്താനം നീതിനഗർ 68ൽ പ്ലാമൂട്ടിൽ കിഴക്കതിൽ ജാനമ്മയുടെ മരണത്തിൽ സുനിലിന് പങ്കുള്ളതായി സംശയം ഉയർന്നിട്ടുണ്ട്. രണ്ടുവർഷം മുമ്പായിരുന്നു അമ്മൂമ്മയുടെ മരണം. 
അമ്മ സാവിത്രി കൊല്ലപ്പെട്ട പട്ടത്താനത്തുള്ള വീട്ടിൽ രണ്ടുവർഷം മുമ്പാണ് അമ്മൂമ്മയും മരിച്ചത്. വീട് നിൽക്കുന്ന അഞ്ചരസെന്റ് സ്ഥലം അമ്മൂമ്മയുടെ പേരിലാണ്. 
ഈ സ്വത്തിന്റെ പ്രമാണം ആവശ്യപ്പെട്ട് സുനിൽ നടത്തിയ മർദനത്തിൽ അമ്മൂമ്മയുടെയും ജീവൻ നഷ്ടപ്പെടുകയായിരുന്നെന്ന സംശയമാണ് ഉയരുന്നത്. സുനിലിനൊപ്പം ഒടുവിൽ കഴിഞ്ഞിരുന്ന സ്ത്രീയും പൊലീസ് നിരീക്ഷണത്തിലാണ്.
 കൊലപാതകത്തിൽ ഇവർക്ക് നേരിട്ട് പങ്കില്ലെന്നാണ് വിവരം. എന്നാൽ, സുനിൽ അമ്മ സാവിത്രിയെ കൊലപ്പെടുത്തുമെന്നതും കൊലപ്പെടുത്തിയ വിവരവും ഇവർക്ക് അപ്പോൾത്തന്നെ ലഭിച്ചുവെന്ന് വ്യക്തമായിട്ടുണ്ട്. സുനിലിന്റെ മൂന്നാം ഭാര്യയായ ഇവരും കേസിൽ ഉൾപ്പെടുമെന്നാണ് സൂചന.
പ്രധാന വാർത്തകൾ
 Top