28 October Thursday
ജനകീയമായി അക്ഷരശ്രീ

ഹയർസെക്കൻഡറി തുല്യതയിൽ മികച്ച വിജയം

സ്വന്തം ലേഖികUpdated: Friday Sep 17, 2021
തിരുവനന്തപുരം
തുല്യതാ പരീക്ഷയിൽ ജനകീയമായി അക്ഷരശ്രീ പദ്ധതി.  ജില്ലയിൽ ഹയർസെക്കൻഡറി തുല്യതാ പരീക്ഷയെഴുതിയ പദ്ധതിയിലെ പഠിതാക്കൾക്ക് ഉജ്വല വിജയം. ജൂലൈയിൽ രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷയെഴുതിയവരിൽ 409 പേർ ഉന്നത പഠനത്തിന്‌ യോഗ്യത നേടി. 82 ശതമാനത്തിലധികം പേരും വിജയിച്ചു. 497 പേരാണ്‌ പരീക്ഷയെഴുതിയത്‌.   
  തിരുവനന്തപുരം നഗരസഭയും സാക്ഷരതാമിഷനും സംയുക്തമായി നടപ്പാക്കിയ പദ്ധതി 2019 ഫെബ്രുവരിയിലാണ്‌ തുടങ്ങിയത്‌. സാക്ഷരതമുതൽ ഹയർസെക്കൻഡറിവരെ 8500 പേരെ ഉൾപ്പെടുത്തി വിജയിപ്പിക്കാനാണ്‌ ലക്ഷ്യമിട്ടത്.  ഇതുവരെ 7562 പേർ വിജയിച്ചു. 
രജിസ്റ്റർ ചെയ്തിട്ടും പരീക്ഷയെഴുതാൻ കഴിയാത്തവർക്ക് സൗജന്യമായി പരീക്ഷയെഴുതാനുള്ള അവസരവുമുണ്ട്‌. പദ്ധതി നടത്തിപ്പിനായുള്ള  2.75 കോടിയിലേറെ രൂപ നഗരസഭയാണ്‌ അനുവദിച്ചിരുന്നത്‌.  
സാക്ഷരത, നാലാംതരം, ഏഴാംതരം എന്നിവയിൽ 6000 പഠിതാക്കളെ ഗുണഭോക്താക്കളാക്കാനായിരുന്നു നഗരസഭാ തീരുമാനം.  എന്നാൽ  6,579 പേർ ഈ വിഭാഗത്തിൽ ഗുണഭോക്താക്കളായി. പദ്ധതിയിൽ ഉൾപ്പെടാത്ത 579 പേരുടെ പഠനചെലവ് സാക്ഷരതാ മിഷനാണ്‌ വഹിച്ചത്‌.  
  ആറ്റിങ്ങൽ ഡയറ്റിലെ അധ്യാപകരെ ഉൾപ്പെടുത്തി പഠിതാക്കൾക്ക് പ്രത്യേക ക്ലാസുകൾ നൽകിയിരുന്നു.  നഗരസഭയിലെ 100 വാർഡിലും പദ്ധതി നടപ്പാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top