26 September Saturday

രോഗമുക്തി 22 പേർക്ക്‌ മാത്രം വീണ്ടും 300

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020

കലക്ടറേറ്റ്‌ മാർച്ചിൽ പങ്കെടുത്തതിന്‌ അറസ്റ്റിലായ യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർ കൊല്ലം ഈസ്റ്റ്‌ പൊലീസ്‌ സ്റ്റേഷനുമുന്നിൽ കോവിഡ്‌ മാനദണ്ഡം ലംഘിച്ച്‌ ഫോട്ടോ ഷൂട്ടിന്‌ അണിനിരന്നപ്പോൾ

കൊല്ലം 
ചെറിയൊരു പിഴവുപോലും വലിയ ആപത്തിലേക്കു‌ നയിക്കുമെന്ന മുന്നറിപ്പുകളെ സാധൂകരിച്ച്‌ കോവിഡ്‌ രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ബുധനാഴ്‌ച 300പേർക്കാണ്‌ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്‌. ഇതിൽ 285പേർക്കും സമ്പർക്കത്തിലൂടെയാണ്‌ രോഗം പകർന്നത്‌. മൂന്ന്‌ ആരോഗ്യപ്രവർത്തകർക്കും വിദേശത്തുനിന്ന്‌ എത്തിയ രണ്ടുപേർക്കും ഇതരസംസ്ഥാനങ്ങളിൽനിന്ന്‌ എത്തിയ 10 പേർക്കും രോഗം സ്ഥിരീകരിച്ചു. 22 പേർ മാത്രമാണ്  രോഗമുക്തി നേടിയത്.
മാനദണ്ഡലംഘനങ്ങൾ പതിവാക്കുന്നതാണ്‌ സമ്പർക്കരോഗികളുടെ എണ്ണം വർധിക്കാൻ ഇടയാക്കുന്നത്‌. 
പ്രതിദിന രോഗികളുടെ എണ്ണം നാലാം തവണയാണ്‌ 300ൽ എത്തുന്നത്‌. ഓണത്തിനുശേഷമാണ്‌ ജില്ലയിൽ രോഗബാധിതരുടെ എണ്ണം 300ൽ എത്തിത്തുടങ്ങിയത്.  ആറിന് 328, ഒമ്പതിന്‌ 362, 11ന് 303 എന്നിങ്ങനെയായിരുന്നു രോഗികളുടെ എണ്ണം. 
കൊല്ലം നഗരസഭയിൽതന്നെയാണ്‌ ബുധനാഴ്‌ചയും കൂടുതൽ കോവിഡ്‌ ബാധിതർ‌. 57 പേർക്കാണ്‌ രോഗബാധ. കാവനാട്- 9, പുന്തലത്താഴം- 7, മതിലിൽ- 6, തേവള്ളി, പള്ളിമുക്ക് എന്നിവിടങ്ങളിൽ നാലുവീതം, മുണ്ടയ്ക്കൽ, ശക്തികുളങ്ങര, അയത്തിൽ ഭാഗങ്ങളിൽ മൂന്നുവീതവുമാണ് കൂടുതൽ രോഗികൾ.
തേവലക്കര- കോയിവിള ഭാഗത്ത് 26 രോഗികളുണ്ട്. ആലപ്പാട്- 17, ചവറ- 11, വിളക്കുടി, മൈനാഗപ്പള്ളി എന്നിവിടങ്ങളിൽ 10 വീതവും തൃക്കരുവ കാഞ്ഞാവെളി- 9, പരവൂർ, നീണ്ടകര, തൃക്കോവിൽവട്ടം, കരുനാഗപ്പള്ളി, ഇളമ്പള്ളൂർ എന്നിവിടങ്ങളിൽ ഏഴുവീതവും പവിത്രേശ്വരം, ചിറക്കര ഭാഗങ്ങളിൽ ആറുവീതവും ശാസ്താംകോട്ട, വെട്ടിക്കവല, തെക്കുംഭാഗം, ഇളമാട് പ്രദേശങ്ങളിൽ അഞ്ചുവീതവും മൈലം, മേലില, പത്തനാപുരം, പട്ടാഴി, കൊട്ടാരക്കര എന്നിവിടങ്ങളിൽ നാലുവീതവും പെരിനാട്, തൊടിയൂർ, ചാത്തന്നൂർ, കുളക്കട, കുലശേഖരപുരം, കടയ്ക്കൽ, ഉമ്മന്നൂർ എന്നിവിടങ്ങളിൽ മൂന്നുവീതവും രോഗികളുണ്ട്. 
ഒമ്പതിന് മരിച്ച പേരയം സ്വദേശി തോമസി (59)ന്റെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 
 
വിദേശത്തുനിന്ന്‌ എത്തിയവർ:
കരവാളൂർ വെഞ്ചേമ്പ് സ്വദേശി (29), ചവറ കൊറ്റംകുളങ്ങര സ്വദേശി (56) എന്നിവർ സൗദിയിൽനിന്ന്‌ എത്തിയതാണ്.
ഇതരസംസ്ഥാനങ്ങളിൽ നിന്ന്‌ എത്തിയവർ:
ചിന്നക്കട നിവാസിയായ ജാർഖണ്ഡ് സ്വദേശി (30) ജാർഖണ്ഡിൽനിന്നും കൊല്ലം നിവാസികളും തമിഴ്‌നാട് സ്വദേശികളുമായ 24, 32 വയസ്സുള്ളവർ തമിഴ്‌നാട്ടിൽനിന്നും ശക്തികുളങ്ങര നിവാസികളും അസം സ്വദേശികളുമായ 32, 22, 85, 35, 20, 28, 21 വയസ്സുള്ളവർ അസമിൽനിന്നും എത്തിയതാണ്.
 
ഫോട്ടോഷൂട്ടാണ്‌ ഇവരുടെ മെയിൻ
സ്വന്തം ലേഖകന്‍
കൊല്ലം 
ചെറിയൊരു ജാഗ്രതക്കുറവുപോലും ആപത്തിനെ വിളിച്ചുവരുത്തുമെന്നിരിക്കെ കോവിഡ്‌ പ്രോട്ടോകോൾ ലംഘിച്ച്‌ ആൾക്കൂട്ട സമരങ്ങളുമായി യൂത്ത് കോൺഗ്രസും കെഎസ്‌യുവും. രോഗവ്യാപനം തടയാൻ അകലം പാലിക്കണം, മാസ്‌ക്‌ ധരിക്കണം തുടങ്ങിയ നിർദേശങ്ങളൊന്നും ബുധനാഴ്‌ചത്തെ കലക്ടറേറ്റ്‌ മാർച്ചിൽ ഉണ്ടായില്ല. മന്ത്രി കെ ടി ജലീൽ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് നൂറോളം യൂത്ത് കോൺഗ്രസ്‌, കെഎസ്‌യു പ്രവർത്തകരാണ് കലക്ടറേറ്റ്‌ മാർച്ച്‌ നടത്തിയത്‌. 
പൊലീസ്‌ സംയമനം പാലിച്ചിട്ടും പ്രകോപനമുണ്ടാക്കാനായിരുന്നു സമരക്കാരുടെ ശ്രമം. മാസ്‌ക്‌ ധരിക്കാതെയായിരുന്നു ഏറെപ്പേരും എത്തിയത്‌.  ഇവരെ പിന്നീട് പൊലീസ് നീക്കംചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന്‌ കേസെടുക്കുകയുംചെയ്‌തു. കൊല്ലം ഈസ്റ്റ് പൊലീസ്‌ സ്റ്റേഷനിൽ എത്തിച്ച ജില്ലാ  നേതാക്കൾ കൂട്ടത്തോടെനിന്ന്  ഫോട്ടോ ഷൂട്ട് നടത്തുകയുംചെയ്‌തു.  
കഴിഞ്ഞ മാസമാണ് യുവമോർച്ചയുടെ സമരത്തിൽ പങ്കെടുത്ത ഒരാൾക്ക്‌ കോവിഡ് ബാധിച്ചത്‌.  കണ്ടെയ്‌ൻമെന്റ്‌ സോണിൽനിന്നാണെന്നത്‌ മറച്ചുവച്ചാണ്‌  പ്രവർത്തകൻ സമരത്തിൽ പങ്കെടുത്തത്. ഇതേത്തുടർന്ന്‌ ഈസ്റ്റ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ഉൾപ്പെടെ നിരവധി ഉദ്യോഗസ്ഥരും പ്രവർത്തകരും നിരീക്ഷണത്തിലുമായി.  

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top