26 September Saturday

രാജ്യസേവനം നീട്ടിവാങ്ങി; ഓർമയായി ധീരജവാൻ

സ്വന്തം ലേഖകന്‍Updated: Thursday Sep 17, 2020

അനീഷ് തോമസ്‌ ഭാര്യ എമിലിക്കും മകൾ ഹന്നയ്‌ക്കുമൊപ്പം (ഫയൽ ചിത്രം)

 
കടയ്ക്കൽ 
രാജ്യസേവനകാലാവധി നീട്ടിവാങ്ങിയ ധീര ജവാന്‌ ഒടുവിൽ വീരമൃത്യു. ജമ്മു അതിർത്തിയിൽ പാക് ഷെല്ലാക്രമണത്തിൽ മരിച്ച ഇട്ടിവ മണ്ണൂർ ആലുംമുക്ക് ഉണ്ണിക്കുന്നുംപുറം ശൂരനാട്ടുവീട്ടിൽ അനീഷ് തോമസ് (36) പതിനഞ്ചു വർഷത്തെ സൈനിക സേവനം കഴിഞ്ഞ വർഷം പൂർത്തിയാക്കിയിരുന്നു.
മദ്രാസ് റെജിമെന്റിന്റെ പതിനാലാം ബറ്റാലിയനിൽ 2004ൽ പ്രവേശിച്ച അനീഷ്‌  സെക്‌ഷൻ കമാൻഡറായിരുന്നു. ഡിസംബറിലാണ്‌ നാട്ടിൽവന്നത്‌. കഴിഞ്ഞയാഴ്ച നാട്ടിലേക്ക്‌ വരാനിരുന്നതാണ്‌. ഡ്യൂട്ടി ക്രമീകരണത്തിന്റെ ഭാഗമായി 25ലേക്കു മാറ്റി. 
അനീഷ്‌ തോമസ്‌ എത്തുമ്പോൾ ക്വാറന്റൈനിൽ കഴിയാനുള്ള സൗകര്യങ്ങൾ ഒരുക്കി  കാത്തിരുന്ന കുടുംബത്തെ തേടിയെത്തിയത് മരണവാർത്തയാണ്. ദിവസവും വീട്ടിലേക്ക് വിളിക്കുന്ന അനീഷ്‌  ചൊവ്വാഴ്ച  വിളിച്ചില്ല. രാത്രി എട്ടിന് സഹപ്രവർത്തകരാണ്  വിവരം വീട്ടുകാരെ അറിയിച്ചത്. ബുധനാഴ്ച പുലർച്ചെ മൂന്നോടെ ഔദ്യോഗിക അറിയിപ്പ് വന്നു. 
വയല എൻവി യുപി സ്കൂൾ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി പത്തനാപുരം യുഐടിയിൽ പഠിക്കുമ്പോഴാണ് സൈന്യത്തിൽ ചേർന്നത്‌.  ഭാര്യ എമിലി അഞ്ചൽ മാവിള സ്വദേശിയാണ്. ഏക മകൾ: ഹന്ന.
മന്ത്രി കെ രാജു, മുല്ലക്കര രത്നാകരൻ എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ എന്നിവർ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു.   
മുഖ്യമന്ത്രി അനുശോചിച്ചു
തിരുവനന്തപുരം
കശ്മീരിലെ രജൗരിയിൽ വീരമൃത്യു വരിച്ച കൊല്ലം ആലുമുക്ക് സ്വദേശി അനീഷ് തോമസിന്റെ വിയോഗത്തിൽ  മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. 

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top