18 October Friday

അമൃതയ്‌ക്ക്‌ പഠിക്കാം; കൂട്ടുകാരുടെ കരുതലുണ്ട്‌

സ്വന്തം ലേഖകന്‍Updated: Tuesday Sep 17, 2019

അമൃതയ്‌ക്ക്‌ സാമ്പത്തിക സഹായം കൈമാറുന്നു

പത്തനാപുരം
ഈ വർഷത്തെ ഓണാഘോഷം പട്ടാഴി വടക്ക്‌ പഞ്ചായത്തിലെ വല്ലഭായിക്കാർക്ക്‌ കേവലമൊരു ആഘോഷമായിരുന്നില്ല. പാതിവഴിയിൽ പഠനം ഉപേക്ഷിക്കേണ്ടിവരുമായിരുന്ന അമൃതയ്‌ക്ക്‌ പഠനം തുടരാനുള്ള സഹായം നൽകാനായല്ലോ എന്ന സന്തോഷത്തിലാണ്‌ അവർ.  അതിനു മുൻകൈയെടുത്തതാകട്ടെ പ്രദേശത്തെ ബാലസംഘം പ്രവർത്തകരും. 
അച്ഛനുണ്ടായ അസുഖമാണ്‌ മിടുക്കിയായ അമൃതയുടെ പഠനം പ്രതിസന്ധിയിലാക്കിയത്‌. സാമ്പത്തിക പ്രയാസത്താൽ വലയുകയായിരുന്നു കുടുംബം. ഈ സമയത്താണ്‌ ഓണം എത്തിയത്‌. തങ്ങളുടെ കൂട്ടുകാരിയെ എങ്ങനെ സഹായിക്കും എന്ന ചിന്തയിലായി  ബാലസംഘം പ്രവർത്തകർ. ഓണാഘോഷം സംഘടിപ്പിച്ച്‌ തുടർ പഠനത്തിന്‌ സാമ്പത്തിക സഹായം ശേഖരിക്കുകയെന്നതായിരുന്നു അവർ കണ്ടെത്തിയ മാർഗം. നാടാകെ ബാലസംഘം പ്രവർത്തകർക്കൊപ്പം നിന്നു.  ആദ്യഘട്ടമായി 31,500 രൂപ ബാങ്കിൽ നിക്ഷേപിച്ച്‌ അതിന്റെ രേഖകൾ ഓണാഘോഷത്തിന്റെ സമാപനച്ചടങ്ങിൽ അമൃതയ്‌ക്കും അമ്മയ്‌ക്കും കൈമാറി. സ്വകാര്യ കോളേജിൽ അമൃതയ്‌ക്ക്‌ ഇനി ബികോം പഠനം തുടരാം. 
 പത്തനാപുരം കാർഷിക ഗ്രാമവികസന ബാങ്ക്‌ പ്രസിഡന്റ്‌ ബി അജയകുമാർ ഓണാഘോഷ സമാപനം ഉദ്‌ഘാടനംചെയ്‌തു. ബാലസംഘം യൂണിറ്റ്‌ പ്രസിഡന്റ്‌ സേതുലക്ഷ്‌മി അധ്യക്ഷയായി. ഏരിയ കൺവീനർ കറവൂർ എൽ വർഗീസ്‌, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ ആനന്ദരാജൻ, മുരുകാനന്ദൻ, എ വിജയൻ, വിജേഷ്‌, സുനിത്‌, വിഷ്‌ണുരാജ്‌, എം ടി വർഗീസ്‌ എന്നിവർ സംസാരിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ബി സജീവ്‌ സമ്മാനം നൽകി. വിജയകുമാർ സ്വാഗതവും അക്ഷര നന്ദിയും പറഞ്ഞു.

 

പ്രധാന വാർത്തകൾ
 Top