22 October Tuesday
എതിർപ്പുകൾ ഫലംകണ്ടില്ല

മരമുത്തശ്ശിക്ക്‌ കോടാലിവച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019

പുനലൂർ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ രാജേന്ദ്രപിള്ളയുടെ നേതൃത്വത്തിൽ എത്തിയ സംഘം പ്രദേശത്തുനിന്നും വിവരങ്ങൾ തിരക്കുന്നു

 

കുളത്തൂപ്പുഴ
നാട്ടുകാരുടെ പരാതിയും എതിർപ്പുകളും വേരോടെ വെട്ടിമാറ്റി മരമുത്തശ്ശിക്ക്‌ ഒടുവിൽ കോടാലിവീണു. തിങ്കൾക്കരിക്കം വില്ലേജിൽ കല്ലുവെട്ടാംകുഴി തേക്കുംപറമ്പ് ജങ്‌ഷന് സമീപം പാതയോരത്തുനിന്ന കൂറ്റൻ ആഞ്ഞിലിമരമാണ് വെട്ടിക്കടത്തിയത്‌. ലക്ഷങ്ങൾ വിലവരുന്ന മരമാണിത്‌. അവധിയുടെ മറവിൽ ഞായറാഴ്ച മരംമുറിച്ച് കടത്തുന്നതായി നാട്ടുകാരുടെ പരാതിയെത്തുടർന്ന് സ്ഥലത്തെത്തിയ പുനലൂർ താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ രാജേന്ദ്രൻപിള്ളയുടെ നേതൃത്വത്തിലുള്ള സംഘം സമീപത്തെ പുരയിട ഉടമയോട് സർക്കാരിന് നഷ്ടം വരുത്തരുതെന്ന് സത്യവാങ്മൂലം എഴുതിവാങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് മരംമുറിച്ച് വാഹനത്തിൽ കടത്തിക്കൊണ്ട് പോയത്.  2016 മുതൽ മരം മുറിച്ചുകടത്തുന്നതിനുള്ള നീക്കം സ്വകാര്യവ്യക്തി നടത്തിയിരുന്നു. അപ്പോഴൊക്കെ റവന്യൂ, പൊതുമരാമത്ത് വിഭാഗങ്ങൾ നിരോധന ഉത്തരവ് നൽകി തടയുകയായിരുന്നു. 
കല്ലുവെട്ടാംകുഴി ശ്മശാനഭാഗത്തുനിന്ന് ഉത്ഭവിച്ച് കല്ലടയാറ്റിൽ പതിക്കുന്ന നീർച്ചാൽ മരത്തിനു ചുവട്ടിലൂടെ മുമ്പ് ഒഴുകിയിരുന്നു. ഇത് കൈയേറ്റക്കാർ നികത്തിയാണ്‌ മരം കൈവശപ്പെടുത്തിയതെന്ന്‌ നാട്ടുകാർ ആരോപിച്ചു.  വില്ലേജ് റെക്കൊർഡുകളും ബിടിആർ പകർപ്പും പരിശോധിച്ചാൽ ഇതു കണ്ടെത്താനാകും. എന്നാൽ, സർവേ സ്കെച്ച് കൈവശമില്ലെന്നു പറഞ്ഞ് പ്രഥമിക പരിശോധനപോലും നടത്താതെയാണ് ഹൈവേ നിർമാണത്തിന്റെ മറവിൽ പൊതുമരാമത്ത് അനുമതി നൽകിയതെന്നാണ് നാട്ടുകാരുടെ പരാതി. സംവത്തെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നാണ് ഇവരുടെ ആവശ്യം. 
പൊതുമരാമത്ത് രേഖകൾ പരിശോധിച്ചിരുന്നു. മരം പുറമ്പോക്കിൽ ആണോയെന്ന് കണ്ടെത്താനാവശ്യമായ സ്‌കെച്ചുകൾ കൈവശമില്ലാത്തതിനാലാണ്‌  തടസ്സങ്ങളില്ലന്നു കാട്ടി സർട്ടിഫിക്കറ്റ് നൽകിയത്. എന്നാൽ, മരം മുറിക്കാൻ അനുമതി നൽകിയിട്ടില്ലന്ന് പൊതുമരാമത്ത് റോഡ്സ് വിഭാഗം അഞ്ചൽ അസിസ്റ്റന്റ്‌ എൻജിനിയർ രാഹുൽ അറിയിച്ചു. റെക്കോഡുകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ തിങ്കൾക്കരിക്കം വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അതിനുശേഷം തുടർനടപടി ഉണ്ടാകുമെന്നും ഡെപ്യൂട്ടി തഹസിൽദാർ രാജേന്ദ്രപിള്ള പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top