24 August Saturday

പ്രളയം കഴിഞ്ഞ‌് പാലൊഴുകുന്നു

സ്വന്തം ലേഖികUpdated: Wednesday Jul 17, 2019
കൊല്ലം
സംസ്ഥാനത്ത‌് ധവള വിപ്ലവം. പ്രളയക്കെടുതിയിൽ തകർന്ന ക്ഷീരമേഖലയിൽ ഉജ്വല തിരിച്ചുവരവ‌്. കഴിഞ്ഞ വർഷം സംസ്ഥാനത്ത‌് ഉൽപ്പാദിപ്പച്ചത‌് 68.02 കോടി ലിറ്റർ പാൽ. 2017–-18ൽ ഇത‌് 66.22 കോടി ലിറ്ററായിരുന്നു. പ്രളയത്തിലെ വൻനാശം മറികടന്നാണ‌് മുൻവർഷത്തേക്കാൾ രണ്ടു കോടി ലിറ്റർ അധിക ഉൽപ്പാദനം സംസ്ഥാനത്തുണ്ടായത‌്. 
പാലക്കാട‌ാണ‌് ഏറ്റവും കൂടുതൽ പാൽ ഉൽപ്പാദിപ്പിച്ച ജില്ല. 10.24 കോടി ലിറ്റർ. കഴിഞ്ഞ വർഷം ഇത‌് 9.80 കോടി ലിറ്ററാണ‌്. ഇത്തവണ പാലക്കാടിന‌് തൊട്ടുപിറകിൽ വയനാടും തിരുവനന്തപുരവുമാണ‌്. 8.29 കോടി ലിറ്ററും 7.22 കോടി ലിറ്ററുമാണ‌് ഇവിടങ്ങളിലെ ഉൽപ്പാദനം. കൊല്ലത്ത‌് 5.35 കോടി ലിറ്റർ പാലാണ‌് ഉൽപ്പാദിപ്പിച്ചത‌്. സംസ്ഥാനത്തെ 3673 പ്രാഥമിക ക്ഷീര സംഘങ്ങളിൽ സംഭരിച്ച അളവാണിത‌്. കർഷകർ പ്രാദേശികമായി വിൽക്കുന്ന പാൽ അളവ‌് കണക്കിൽ ഉൾപ്പെട്ടിട്ടില്ല. സംസ്ഥാനത്ത‌് 3.48 ലക്ഷം കർഷകരാണുള്ളത‌്‌. ഒരു ലിറ്ററിന‌് 36 രൂപയാണ‌് ശരാശരി പാൽ വിലയായി ക്ഷീരസംഘങ്ങളിൽനിന്ന‌് കർഷകന‌് ലഭിക്കുന്നത‌്. ലിറ്ററിന‌് ഒരു രൂപ വീതം സബ‌്സിഡിയും നൽകുന്നുണ്ട‌്. 
പ്രളയത്തിൽ പാടേ തകർന്ന ക്ഷീരമേഖലയെ എൽഡിഎഫ‌് സർക്കാരിന്റെ വിവിധ പദ്ധതികളിലൂടെയാണ‌് പ്രതാപത്തിലേക്ക‌് തിരികെക്കൊണ്ടുവന്നത‌്. പ്രളയത്തിൽ 5,163 പശുക്കൾ ചത്തിരുന്നു. 1089 കിടാരികളും 5166 പശുക്കുട്ടികളും ചത്തു. 10,612 തൊഴുത്തുകൾ പൂർണമായും 7,730 തൊഴുത്തുകൾ ഭാഗികമായും തകർന്നു. 3416 ഹെക്ടർ തീറ്റപ്പുൽ കൃഷിയും നശിച്ചു. നഷ്ടം നികത്താൻ 22കോടി രൂപയുടെ പുനരധിവാസ പദ്ധതി നടപ്പാക്കിയാണ‌് സർക്കാർ ക്ഷീരമേഖലയെ സജീവമാക്കിയത‌്. 19,763 പശുക്കളെ കർഷകർക്ക‌് നൽകുകയും ചെയ‌്തു.   തൊഴുത്തുകൾ നവീകരിക്കുകയും ഹൈബ്രിഡ‌് നേപ്പിയർ തീറ്റപ്പുൽ കൃഷി 2700 ഹെക്ടറിൽ വ്യാപിപ്പിച്ചും സഹായം ഉറപ്പാക്കി. മിൽക്ക‌് ഷെഡ‌് ഡെവലപ‌്മെന്റ‌് പദ്ധതി പ്രകാരം 6100 പശുക്കളെയാണ‌് കർഷകർക്ക‌് നൽകിയത‌്. സംസ്ഥാനത്ത‌് നിലവിൽ ഏഴ‌് ലക്ഷം പശുക്കളുണ്ട‌്.
പ്രധാന വാർത്തകൾ
 Top