21 July Sunday

ജില്ലാ സമ്മേളനം സമാപിച്ചു പോളിടെക‌്നിക്കുകളെ തകർക്കാനുള്ള നീക്കം തടയണം: എസ്എഫ്ഐ

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019

  

കരുനാഗപ്പള്ളി 
കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ പോളിടെക‌്നിക്കുകളെ തകർക്കാനുള്ള നീക്കം തടയണമെന്ന് എസ്എഫ്ഐ  ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് പോളിടെക‌്നിക്കുകളാണ് ഉള്ളത്. എന്നാൽ, കോടതിവിധിയുടെ മറവിൽ കഴിഞ്ഞ വർഷം സംസ്ഥാനത്ത് അടഞ്ഞുകിടന്ന സ്വാശ്രയ എൻജിനിയറിങ‌് കോളേജുകളിൽ 11 എണ്ണം സ്വാശ്രയ പോളിടെക്നിക്കുകളായി മാറി. 
 സംസ്ഥാന സർക്കാരിന്റെ നയം ഇത്തരം കോളേജുകൾ അംഗീകരിക്കില്ലെന്നിരിക്കെ കോടതി ഉത്തരവ് ഉപയോഗപ്പെടുത്തി പോളിടെക്നിക്ക് മേഖലയിലെ മെറിറ്റ് അട്ടിമറിക്കാനുള്ള നീക്കം തടയണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
കേരള സർവകലാശാലയുടെ കീഴിൽ  ജില്ലയിൽ ഗവേഷണ വിദ്യാർഥികൾക്കായി സെന്ററുകൾ അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.പ്രവർത്തന റിപ്പോർട്ടിൻമേലുള്ള പൊതു ചർച്ചയിൽ 18 ഏരിയകളിൽനിന്ന‌് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുത്തു. 
ചർച്ചകൾക്ക് സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ്, ജില്ലാ സെക്രട്ടറി ആദർശ് എം സജി എന്നിവർ മറുപടി പറഞ്ഞു. എസ്എഫ്ഐ മുൻ അഖിലേന്ത്യ പ്രസിഡന്റും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ കെ എൻ ബാലഗോപാൽ സമ്മേളനത്തേ അഭിവാദ്യംചെയ്തു.  പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തുകൊണ്ട് കഴിഞ്ഞ രണ്ടുദിവസമായി കരുനാഗപ്പള്ളി വന്ദനാ ഓഡിറ്റോറിയത്തിലെ അജയപ്രസാദ് നഗറിൽ നടന്നുവന്ന എസ്എഫ്ഐ ജില്ലാ സമ്മേളനം സമാപിച്ചു. 347 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.
 
പ്രധാന വാർത്തകൾ
 Top