19 July Friday

ശാസ്താംകോട്ട എക്‌സൈസ് കോംപ്ലക്‌സിന് തറക്കല്ലിട്ടു എക്സൈസ് ക്രൈംബ്രാഞ്ച് രൂപീകരണം പരിഗണനയിൽ: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019

ശാസ്താംകോട്ട

സംസ്ഥാനത്ത് പൊലീസിനെപോലെ  എക്സൈസിനും ക്രൈംബ്രാഞ്ച് രൂപീകരിക്കുന്നത് സർക്കാർ പരിഗണനയിലാണെന്ന‌്  മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. ശാസ്താംകോട്ടയിൽ അനുവദിച്ച എക്സൈസ് കോംപ്ലക്സിന്റെ ശിലാസ്ഥാപനം നിർവഹിച്ച‌് സംസാരിക്കുകയായിരുന്നു മന്ത്രി. 
എക്സൈസ് വകുപ്പിനെ ശക്തിപ്പെടുത്തുവാൻ  സർക്കാർ തുടർച്ചയായ നടപടി സ്വീകരിച്ചുവരികയാണ്. ആധുനികവൽക്കരണത്തിന്റെ ഭാഗമായി സേനയിൽ വയർലസ് സംവിധാനം നടപ്പാക്കിക്കൊണ്ടിരിക്കുകയാണ‌്.  
ശാസ്താംകോട്ട തടാകത്തെ സംരക്ഷിച്ചുകൊണ്ട് മാത്രമേ  എക‌്സൈസ‌് കോംപ്ലക‌്സ‌് നിർമാണം  നടപ്പാക്കുകയുള്ളു.  തടാകത്തിലേക്കുള്ള മണ്ണിടിച്ചിൽ ഉണ്ടാകാതിരിക്കാനുള്ള സംവിധാനം ഉണ്ടാകും.  
ശാസ്താംകോട്ട പിഡബ്ല്യൂഡി റസ്റ്റ് ഹൗസിനു സമീപത്തായാണ് പുതിയ എക്സൈസ് കോംപ്ലക്സ് നിർമിക്കുന്നത്. 8500 ചതുരശ്ര അടി വലിപ്പത്തിലുള്ള ബഹുനില കെട്ടിടം 1.45 കോടി രൂപയ്ക്കാണ് കരാർ എടുത്തിരിക്കുന്നത്. പിഡബ്ല്യുഡി വിഭാഗത്തിനാണ് നിർമാണ ചുമതല എട്ടുമാസം കൊണ്ട് നിർമാണം പൂർത്തീകരിക്കും. ചടങ്ങിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷനായി.  പിഡബ്ല്യൂഡി എക്സിക്യൂട്ടീവ് എൻജിനിയർ വി ഐ നസിം റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി അരുണാമണി, ജില്ലാ പഞ്ചായത്ത് അംഗം കെ ശോഭന,  പഞ്ചായത്ത് പ്രസിഡന്റുമാരായ ഐ നൗഷാദ്, കുന്നത്തൂർ പ്രസാദ്, ജെ ശുഭ, അനിത, സിപിഐ എം ഏരിയ സെക്രട്ടറി പി കെ ഗോപൻ എന്നിവർ സംസാരിച്ചു . എക്സൈസ് കമീഷണർ എസ് അനന്ദകൃഷ്‌ണൻ  സ്വാഗതവും  ഡെപ്യൂട്ടി എക്സൈസ് കമീഷണർ എ എസ് രഞ്ജിത‌് നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top