22 June Tuesday

കെഎസ്‌ഇബിയുടെ 1.37 കോടി

വെബ് ഡെസ്‌ക്‌Updated: Monday May 17, 2021

ആലപ്പാട് അഴീക്കലിൽ തകരാറിലായ വെെദ്യുതി
ബന്ധം പുനഃസ്ഥാപിക്കുന്നു

കൊല്ലം
കനത്ത മഴയിലും കാറ്റിലും ജില്ലയിൽ വൈദ്യുത തൂണും ട്രാൻസ്‌ഫോർമറും തകർന്നതിനെത്തുടർന്ന്‌ കെഎസ്‌ഇബിക്ക്‌ 1.37 കോടിയുടെ നഷ്‌ടം. പലയിടത്തും നിലച്ചുപോയ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള രാപ്പകൽ പരിശ്രമത്തിലാണ്‌  ജീവനക്കാർ. കോവിഡ്‌ ചികിത്സാകേന്ദ്രങ്ങളിലെയും ഓക്‌സിജൻ പ്ലാന്റിലേക്കുമുള്ള വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനാണ്‌ മുൻഗണന.  
കൊല്ലം സർക്കിളിന്റെ പരിധിയിലാണ്‌ നാശനഷ്‌ടം കൂടുതൽ. 79 ലക്ഷം. ഹൈടെൻഷൻ ലൈൻ പോസ്റ്റ്‌ 52 എണ്ണവും ലോ ടെൻഷൻ ലൈൻ പോസ്റ്റ് 271 എണ്ണവും തകർന്നു. നാല്‌ ട്രാൻസ്‌ഫോർമറും നശിച്ചു. 1400 കണ്ടക്‌ടറുകളാണ്‌ പൊട്ടിവീണത്‌. കൊട്ടാരക്കര സർക്കിൾ പരിധിയിൽ ലോ ടെൻഷൻ ലൈൻ പോസ്റ്റ് 212 എണ്ണവും ഹൈടെൻഷൻ ലൈൻ പോസ്റ്റ് 29 എണ്ണവും നശിച്ചു. ആകെ 58 ലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കുന്നു. 
കടലോരമേഖലയിലും ഗ്രാമങ്ങളിലും വ്യാപകമായി വൈദ്യുത തൂണുകൾ നിലംപൊത്തി. കരുനാഗപ്പള്ളി, ആലപ്പാട്‌, നീണ്ടകര, തെക്കുംഭാഗം, മൺറോതുരുത്ത്‌, ശാസ്‌താംകോട്ട, പോരുവഴി, ശൂരനാട്‌, പടിഞ്ഞാറെ കല്ലട, ഐവർകാല, നെടിയവിള, ഇരവിപുരം, കാക്കത്തോപ്പ്‌, പരവൂർ മേഖലകളിൽ മരം പിഴുതുവീണും മരച്ചില്ലകൾ ഒടിഞ്ഞുവീണും ലൈനുകൾ പൊട്ടി. 
തീരദേശ മേഖലകളിൽ കടൽ ഇരച്ചുകയറി റോഡ്‌ തകർന്നും വൈദ്യുത തുണ്‌ അപകടത്തിലായി. കിഴക്കൻ മേഖലയിൽ പുനലൂർ, പത്തനാപുരം, കടയ്‌ക്കൽ, അഞ്ചൽ, കൊട്ടാരക്കര മേഖലകളിലാണ്‌ കൂടുതൽ നഷ്‌ടം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top