18 August Sunday

കൈപിടിച്ചുയർത്തിയവർക്ക‌് കരുത്താകാൻ...

വെബ് ഡെസ്‌ക്‌Updated: Wednesday Apr 17, 2019
കുണ്ടറ 
തകർച്ചയിൽനിന്ന‌് തകർച്ചയിലേക്ക‌് കൂപ്പുകുത്തിയ ഫാക്ടറി വ്യവസായങ്ങളെ കൈപിടിച്ചുയർത്തിയ എൽഡിഎഫിന‌് ഹൃദയംതൊട്ട അഭിവാദ്യവുമായി തൊഴിലാളികൾ. കുണ്ടറ കെൽ,  , സെറാമിക്സ്  വ്യവസായശാലകളിൽ എൽഡിഎ‌ഫ‌് സ്ഥാനാർഥി കെ എൻ ബാലഗോപാലിന‌് തൊഴിലിടങ്ങൾ നൽകിയ‌ ആവേശ്വോജ്വല സ്വീകരണമായിരുന്നു. 
പൊതുമേഖലാ സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിങ‌് (കെൽ) ലിമിറ്റഡിലെത്തിയ സ്ഥാനാർഥിയെ വിവിധ ഇടത് ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. 
മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ സ്വീകരണ സമ്മേളനം ഉദ‌്ഘാടനംചെയ്തു. യുഡിഎഫ് ഭരണകാലത്ത‌് തൊഴിലാളികളുടെ പിഎഫ് വിഹിതംപോലും അടയ‌്ക്കാതെ തൊഴിലാളി ദ്രോഹ നടപടികളാണ് സ്വീകരിച്ചിരുന്നത്. ഒടുവിൽ നഷ്ടത്തിലേക്കു കൂപ്പുകുത്തുകയായിരുന്ന വ്യവസായശാലയെ  എൽഡിഎഫ‌് സർക്കാരാണ് പ്രത്യേക ഫണ്ട് അനുവദിച്ചും പുതിയ ഓഡറുകൾ ലഭ്യമാക്കിയും  കരകയറ്റിയത്. 
തുടർന്നും ലിതീയം ബാറ്ററിയുടെ നിർമാണം ഉൾപ്പെടെയുള്ള പുതിയ പദ്ധതികൾ കമ്പനിയിൽ ആരംഭിക്കുന്നതിനുള്ള സാധ്യതകൾ ആരാഞ്ഞുവരികയാണെന്നും മന്ത്രി പറഞ്ഞു. രണ്ടു ദശാബ്ദത്തിൽ അധികമായി അടഞ്ഞുകിടന്ന കുണ്ടറ അലിൻഡിലും തൊഴിലാളികൾ ഒന്നടങ്കം സ്ഥാനാർഥിയെ സ്വീകരിക്കാനെത്തി.  ഒരിക്കലും തുറക്കില്ലെന്നു കരുതിയ ഫാക്ടറി ഇടതു സർക്കാരിന്റെ ഇച്ഛാശക്തികൊണ്ട് മാത്രമാണ് തുറക്കാനായത്. 
കേരള സെറാമിക്സ് ലിമിറ്റഡിന്റെ കയോളിൻ ഡിവിഷനിൽ സ്ത്രീത്തൊഴിലാളികളടക്കം എല്ലാ ജീവനക്കാരും സ്വീകരണയോഗത്തിൽ പങ്കെടുത്തു. ദീർഘകാലം അടഞ്ഞുകിടക്കുകയും പിന്നീട് നഷ്ടത്തിൽ ഊർധശ്വാസം വലിക്കുകയും ചെയ്തിരുന്ന കമ്പനിയെ ഇടതു സർക്കാരാണ് കരകയറ്റിയത്. 
ഇപ്പോൾ ലാഭത്തിൽ പ്രവർത്തിക്കുന്ന കമ്പനിയിലെ തൊഴിലാളികൾ ആവേശഭരിതമായ വരവേൽപ്പാണ് ബാലഗോപാലിന് നൽകിയത്.

 

പ്രധാന വാർത്തകൾ
 Top