20 June Thursday

വരകളിൽ നിറയും ജീവന്റെ നിറം

സനൽ ഡി പ്രേംUpdated: Sunday Feb 17, 2019
കൊല്ലം 
പ്രതികൂലമായ ജീവിത സാഹചര്യങ്ങൾക്കിടയിലും ചിത്രകലയെ വിട്ടുകളയാൻ രാധാകൃഷ്ണന് മനസ്സില്ല. സ്വപ്നങ്ങളും കാഴ്ചകളും വർണ  ചിത്രങ്ങളായി ക്യാൻവാസിൽ പുനർജനിക്കുമ്പോൾ ഉണ്ടാകുന്ന ആത്മ നിർവൃതി എത്രത്തോളമെന്ന്  വിവരിക്കാൻ വാക്കുകൾ മതിയാകില്ല. ചെറിയ പെട്ടിക്കടയിൽ നാരാങ്ങാവെള്ളവും നോട്ടുബുക്കും പെൻസിലും പേപ്പറുമൊക്കെ വിറ്റുകിട്ടുന്നതിൽനിന്ന് കുടുംബം പുലർത്താൻ നന്നേ ബുദ്ധിമുട്ടുന്ന രാധാകൃഷ്ണൻ ചിത്രകലയെ എങ്ങനെ ഒപ്പം കൂട്ടുന്നുവെന്ന് ആർക്കും സംശയം തോന്നാം. കുടുംബം പോലെ തന്നെ ചിത്രകലയും രാധാകൃഷ്ണന്  ജീവിതത്തിന്റെ ഭാഗം.
തേവള്ളി പാലസ് നഗർ കൊച്ചുവിള വടക്കതിൽ രാധാകൃഷ്ണന് കുട്ടിക്കാലത്തു തന്നെ ചിത്രകലയോട് ഇഷ്ടമായിരുന്നു. തേവള്ളി ഗവ.  മോഡൽ ബോയ്സ് സ്കൂളിൽ പ്യൂണായ അച്ഛൻ ജനാർദനനും അമ്മ സരോജിനിക്കും രാധാകൃഷ്ണന്റെ  കലാവാസനയെക്കുറിച്ച് അറിവില്ലായിരുന്നു. ബോയ്സ് സ്കൂളിലെ വിദ്യാർഥിയായിരുന്ന രാധാകൃഷ്ണനിലെ ചിത്രകാരനെ തിരിച്ചറിഞ്ഞത് ഡ്രോയിങ് മാഷ് ഹമീദായിരുന്നു. ചിത്രകല പഠിക്കണമെന്ന ഹമീദ് മാഷിന്റെ ഉപദേശം ഫലപ്രാപ്തിയിലെത്താൻ പിന്നെയും വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു. പത്താം ക്ലാസ് പാസ്സായശേഷം ഐടിഐയിൽ പ്ലംബിങ് കോഴ്സിനു ചേർന്നു. ചിത്രകലയെ പ്രണയിച്ച രാധാകൃഷ്ണന് പ്ലംബിങ് പഠനവുമായി യോജിച്ചു പോകാനായില്ല. ഒരു വർഷം തികഞ്ഞതോടെ ഐടിഐയുടെ പടിയിറങ്ങി. മകന്റെ അഭിരുചിക്ക‌് അനുസരിച്ച് ജനാർദനനെ വീടിനു  സമീപത്തെ മോഡേൺ സ്കൂൾ ഓഫ് ആർട്സിൽ ചിത്രകല പഠിക്കാൻ വിട്ടു. ചിത്രകാരനും വാസ്തുവിദ്യാ വിദഗ്ധനുമായ യൂജിൻ നസ്രത്ത് പണ്ടാല പ്രിൻസിപ്പലായ  സ്കൂളിൽനിന്ന് രണ്ടു വർഷത്തെ കെജിടിഎ  ഡിപ്ലോമ നേടി. തുടർന്ന്  കഥാകാരൻ കാക്കനാടന്റെ വീടുമായുള്ള ബന്ധമാണ് രാധാകൃഷ്ണനിലെ ചിത്രകാരന് ദിശാബോധം നൽകിയത്‌. ജലഛായത്തിലും എണ്ണഛായത്തിലുമുള്ള  പെയിന്റിങ്ങുകളിൽനിന്ന്  ചിത്രകലയുടെ.ആധുനിക സങ്കേതങ്ങളിലേക്ക് രാധാകൃഷ്ണനെ കൈപിടിച്ചു നടത്തിയത് കാക്കനാടന്റെ സഹോദരൻ രാജൻ കാക്കനാടനാണ്. പ്രശസ്ത ചിത്രകാരനായ രാജൻ കാക്കനാടനിൽനിന്ന് അമൂർത്ത രചനാശൈലിയുടെ പുത്തൻ സങ്കേതങ്ങൾ സ്വായത്തമാക്കി.  വാടകയ്ക്കെടുത്ത പെട്ടിക്കടയിൽ നിന്നുള്ള തുഛ വരുമാനമായിരുന്നു ആശ്രയം. കിട്ടുന്ന പണത്തിൽനിന്ന‌്  ഒരുഭാഗം ക്യാൻവാസും ഛായവും വാങ്ങാനായി മാറ്റിവച്ചു. കടയിൽനിന്ന് ഉച്ചഭക്ഷണത്തിനു വീട്ടിൽ പോകുന്ന സമയത്തും  രാത്രിയും ചിത്രരചനയിൽ മുഴുകി. ആദ്യ ചിത്രപ്രദർശനം 1996ൽ സോപാനം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തത് കാക്കനാടനും ചിത്രകാരൻ ജയപാലപ്പണിക്കരും ചേർന്നായിരുന്നു. തുടർന്ന് തിരുവനന്തപുരത്തും തൃശൂരും കൊല്ലത്തും ഉൾപ്പെടെ പതിനഞ്ചോളം ഏകാംഗ ചിത്ര പ്രദർശനം നടത്തി. തൃശൂരിൽ ലളിതകലാ അക്കാദമിയുടെ ചിത്രപ്രദർശനത്തിൽ പങ്കെടുത്തു. അക്കാദമി സംഘടിപ്പിച്ച ചിത്രരചനാ ക്യാമ്പുകളിലും പങ്കെടുത്തു.  
ആശ്രാമം എയിറ്റ് പോയിന്റ് ആർട്ട് ഗ്യാലറിയിൽ ആരംഭിച്ച പ്രദർശനത്തിൽ പ്രളയക്കാഴ്ചകളുടെ 25 പെയിന്റിങ്ങുകളുണ്ട്. അക്രിലിക്കിലുള്ള നാലെണ്ണം ഒഴികെ എണ്ണഛായത്തിൽ രചിച്ചവയാണ്.  ഭാര്യ: ഗീത. മകൻ ഹരികൃഷ്ണൻ ഐടിസി പാസായി.
പ്രധാന വാർത്തകൾ
 Top