17 June Monday
സ്വന്തം ലേഖകൻ

ഉപതെരഞ്ഞെടുപ്പ് ഫലം ജനമനസ്സുകളുടെ പ്രതിഫലനം: കെ എൻ ബാലഗോപാൽ

വെബ് ഡെസ്‌ക്‌Updated: Sunday Feb 17, 2019
കൊല്ലം
സർവേ ഫലങ്ങളിൽ പ്രതിഫലിക്കുന്നത് ഭൂരിപക്ഷം ജനങ്ങളുടെ വികാരമല്ലെന്നും കേരളത്തിന്റെ രാഷ്ട്രീയ മനസ്സ‌് എന്തെന്ന് വ്യക്തമാക്കുന്ന ശരിയായ സർവേ ഫലം കഴിഞ്ഞദിവസം പുറത്തുവന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലമാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ എൻ ബാലഗോപാൽ പറഞ്ഞു. കേരള എൻജിഒ യൂണിയൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
എൽഡിഎഫിലും സംസ്ഥാനത്തെ സർക്കാരിലും ജനങ്ങൾക്കുള്ള വിശ്വാസമാണ് ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. വിശ്വാസി സമൂഹം ഉൾപ്പെടെ എൽഡിഎഫിന‌് ഒപ്പമാണെന്ന് ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടു. ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപി ആണെന്ന് ജനങ്ങൾക്ക് നന്നായി അറിയാം. പാർലമെന്റിലെ ബിജെപി എംപിമാരിൽ 103 പേർ മുൻ കോൺഗ്രസുകാരാണ്. കൊല്ലത്തെ യുഡിഎഫ് എംപിയും ബിജെപിയുടെ ഉറ്റ ചങ്ങാതിയാണ്. രാഹുൽ ഗാന്ധിയെ പപ്പുവെന്ന് വിളിക്കുകയും സോണിയഗാന്ധിയെ ആക്ഷേപിക്കുകയും ചെയ്ത മോഡിയെ കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് എത്തിക്കാൻ കൊല്ലം എംപി നടത്തിയ ചരടുവലി നാട്ടിൽപാട്ടാണ്. കൊല്ലത്തെ ആർഎസ്പി രാഷ്ട്രീയ വഞ്ചന തുടരുകയാണ്. 
പട്ടാളക്കാരുടെ ജീവൻ പന്താടുംവിധം രാജ്യത്തിന്റെ ഇന്റലിജൻസ് വിഭാഗം പരാജയമാണെന്നും ബാലഗോപാൽ പറഞ്ഞു. ഭീകരാക്രമണത്തെ അപലപിക്കുകയും സേനയ്ക്കൊപ്പം മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടായി നിൽക്കുകയും ചെയ്യുമ്പോൾതന്നെ കേന്ദ്രസർക്കാരിന്റെ പിടിപ്പുകേടുകളും ചർച്ചയാണിന്ന്. രാജ്യസുരക്ഷയും ദേശസ്നേഹവും പ്രസംഗത്തിൽ മാത്രമാണ് മോഡിക്ക്. എല്ലാ മേഖലയിലും പരാജയപ്പെട്ട കേന്ദ്രസർക്കാരിന് ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുന്നതിലാണ് താൽപ്പര്യം.  വാഗ്ദാനങ്ങൾ വെറും പാഴ്വാക്കായി. കേന്ദ്ര അവഗണനയിലും സംസ്ഥാന സർക്കാർ 44,000 കോടിയുടെ നിർമാണ പ്രവർത്തനങ്ങളാണ്  പൂർത്തീകരിച്ചത്. കൊല്ലം ബൈപാസിന്റെ 70 ശതമാനവും പിണറായി വിജയൻ സർക്കാരാണ് പൂർത്തീകരിച്ചത്. ഗെയിൽ പൈപ്പുലൈനും ദേശീയപാത വികസവും യാഥാർഥ്യമാകും. കശുവണ്ടി വ്യവസായത്തെ സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചുവരിയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top